Cricket
ഞങ്ങളുടെ ലക്ഷ്യം 190 ആയിരുന്നു, അമ്പരപ്പിച്ചത് ആ നാല് പേരുടേയും ബാറ്റിങ്; തുറന്ന് പറഞ്ഞ് രജത് പാടിദാര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 03, 11:40 am
Thursday, 3rd April 2025, 5:10 pm

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയാണ് ഗുജറാത്ത് ടൈറ്റന്‍സ് മുന്നേറുന്നത്. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ എം. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ 13 പന്ത് ബാക്കി നില്‍ക്കെ എട്ട് വിക്കറ്റിന്റെ വിജയമാണ് ഗുജറാത്ത് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്.

ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട് തുടങ്ങിയ ഗുജറാത്ത് ഇതോടെ തുടര്‍ച്ചയായ രണ്ടാം വിജയവും രേഖപ്പെടുത്തി. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരു എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 17.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.

പരാജയപ്പെട്ടെങ്കിലും റോയല്‍ ചലഞ്ചേഴ്‌സ് ടീമിന്റെ ക്യാപ്റ്റന്‍ രജത് പാടിദാര്‍ താരങ്ങളെ പ്രശംസിച്ച് സംസാരിക്കുകയാണ്. ബാറ്റര്‍മാരുടെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടപ്പോള്‍ ടീമിന്റെ ബൗളര്‍മാര്‍ മിന്നും പ്രകടനം കാഴ്ചവെച്ചെന്ന് രജത് പറഞ്ഞു.

‘ഞങ്ങള്‍ 200 റണ്‍സ് നേടാന്‍ ആഗ്രഹിച്ചിരുന്നില്ല, ഞങ്ങളുടെ ലക്ഷ്യം 190 ആയിരുന്നു. എന്നിരുന്നാലും, തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് ഞങ്ങള്‍ക്ക് തിരിച്ചടിയായി. ഞങ്ങളുടെ ബാറ്റര്‍മാരുടെ ഉദ്ദേശം നല്ലതായിരുന്നു. രണ്ടാം ഇന്നിങ്‌സിലെ ബാറ്റിങ്ങും എളുപ്പമാണെന്ന് ഞാന്‍ കരുതുന്നില്ല.

18ാം ഓവറില്‍ ബൗളര്‍മാര്‍ റണ്‍സ് നേടുന്നത് കാണുന്നത് അതിശയകരമാണ്. ജിതേഷ് ശര്‍മ, ലിയാം ലിവിങ്സ്റ്റണ്‍, ടിം ഡേവിഡ് എന്നിവര്‍ ടീമിനായി മികച്ച ബാറ്റിങ് നടത്തി,’രജത് പാടിദാര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

ടീമിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ജോസ് ബട്‌ലറാണ്. 39 പന്തില്‍ നിന്ന് ആറ് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 73 റണ്‍സാണ് താരം നേടിയത്. ഓപ്പണര്‍ സായി സുദര്‍ശന്‍ 36 പന്തില്‍ നിന്ന് 49 റണ്‍സും നേടി. ഇംപാക്ട് പ്ലെയറായി വന്ന ഷെര്‍ഫേന്‍ റൂദര്‍ഫോര്‍ 18 പന്തില്‍ 30 റണ്‍സ് നേടി മിന്നും പ്രകടനം നടത്തി. ബെംഗളൂരുവിന് വേണ്ടി ഭുവനേശ്വര്‍ കുമാറും ജോഷ് ഹേസല്‍വുഡും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ബാറ്റിങ്ങില്‍ വമ്പന്‍ തിരിച്ചടി നേരിടേണ്ടി വന്നെങ്കിലും മികച്ച തിരിച്ചുവരവാണ് ബെംഗളൂരു കാഴ്ചവെച്ചത്. മധ്യ നിരയില്‍ നിന്ന് ലിയാം ലിവിങ്സ്റ്റണ്‍ മിന്നും പ്രകടനം കാഴ്ചവെച്ചാണ് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. 40 പന്തില്‍ നിന്ന് അഞ്ച് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 54 റണ്‍സാണ് താരം നേടിയത്.

ബാറ്റിങ്ങില്‍ 33 റണ്‍സ് നേടിയ ജിതേഷ് ശര്‍മയും ബെംഗളൂരുവിന് തുണയായി. അവസാന ഘട്ടത്തില്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോയത് ടിം ഡേവിഡാണ്. 18 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 32 റണ്‍സാണ് ഡേവിഡ് നേടിയത്. ഗുജറാത്തിന് വേണ്ടി സിറാജ് മൂന്ന് വിക്കറ്റും സായി കിഷോര്‍ രണ്ട് വിക്കറ്റും നേടി. പ്രസീദ് കൃഷ്ണ, അര്‍ഷാദ് ഖാന്‍, ഇഷാന്ത് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

 

Content Highlight: IPL 2025- Rajat Patidar Talking About RCB Bowlers