കര്‍ഷകരും തൊഴിലാളികളും വര്‍ഗബോധത്തോടെ സംഘടിച്ചുകഴിഞ്ഞു; ഇടതുപക്ഷ ഐക്യത്തിന്റെ ആവശ്യകത വിളിച്ചോതുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് വി.എസ്
Kerala News
കര്‍ഷകരും തൊഴിലാളികളും വര്‍ഗബോധത്തോടെ സംഘടിച്ചുകഴിഞ്ഞു; ഇടതുപക്ഷ ഐക്യത്തിന്റെ ആവശ്യകത വിളിച്ചോതുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് വി.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th December 2018, 2:11 pm

തിരുവനന്തപുരം: വിശാലമായ ഇടതുപക്ഷ ഐക്യത്തിന്റെ ആവശ്യകത വിളിച്ചോതുന്നതാണ് അഞ്ച് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍.

“തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. ബി.ജെ.പിയെ തോല്‍പ്പിക്കുന്നതിലൂടെ വര്‍ഗീയ ഫാസിസത്തെ തോല്‍പ്പിച്ചു എന്ന് കരുതാനാവില്ല.”

സ്വന്തമായ നയങ്ങളോ നിലപാടുകളോ ഇല്ലാത്ത കോണ്‍ഗ്രസ്സാണ് കര്‍ഷകപക്ഷ വാഗ്ദാനങ്ങള്‍ നല്‍കിയത്. ഒരുവശത്ത് കര്‍ഷകരെയും മറുവശത്ത് മൃദുഹിന്ദുത്വ നിലപാടുകളിലൂടെ ഭൂരിപക്ഷ വര്‍ഗീയതയെയും കയ്യിലെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും വി.എസ് ചൂണ്ടിക്കാട്ടി.

ALSO READ: മധ്യപ്രദേശില്‍ ഗവര്‍ണറെ കോണ്‍ഗ്രസ് സന്ദര്‍ശിച്ചു; എം.എല്‍.എമാരുടെ പട്ടിക കൈമാറി

കേരളത്തിലും കോണ്‍ഗ്രസ് അനുവര്‍ത്തിക്കുന്ന രീതി ഇതുതന്നെയാണ്. ഇത് അത്യന്തം അപകടകരമാണ്.

വര്‍ഗീയ ഫാസിസത്തിനും നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കും അടിച്ചേല്‍പ്പിക്കപ്പെടുന്ന ആഗോള മൂലധന താല്‍പ്പര്യങ്ങള്‍ക്കുമെല്ലാം എതിരായ അന്തിമ പോരാട്ടത്തിലേക്കാണ് ഇന്ത്യന്‍ ഇടതുപക്ഷം നയിക്കപ്പെടുന്നത് എന്നാണിത് സൂചിപ്പിക്കുന്നത്.

കര്‍ഷകരും തൊഴിലാളികളും വര്‍ഗബോധത്തോടെ സംഘടിച്ചുകഴിഞ്ഞു. വര്‍ഗീയതക്കെതിരെ, വര്‍ഗസഖ്യം കെട്ടിപ്പടുക്കാനും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാവലാളാവാനും വേണ്ട അടവുകളും തന്ത്രങ്ങളുമാണ് അടിയന്തരമായി രൂപപ്പെടുത്താനുള്ളതെന്നും വി.എസ് പറഞ്ഞു.

WATCH THIS VIDEO: