Daily News
ബസിലെ സീറ്റ് തര്‍ക്കം: ഇരയെ ആക്രമിക്കുന്ന മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തണം; വി.പി റജീന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Aug 19, 08:42 am
Friday, 19th August 2016, 2:12 pm

RAJEENAതിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസിലെ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി റജീന. സ്ത്രീകളുടെ സീറ്റില്‍ ഇരുന്ന അനില്‍കുമാറിനോട് ഒഴിയാന്‍ ആവശ്യപ്പെട്ടപ്പോള്‍ മോശമായി പെരുമാറുകയും അയാളും ഭാര്യയും ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയുമായിരുന്നു എന്നാണ് റജീന പറയുന്നത്.

“ആഗസ്ത് 7ന് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ മൂവാറ്റുപുഴയില്‍ പോയ അഭിഭാഷകയും ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റുമായ എനിക്ക് ബസില്‍ ഉണ്ടായ ദുരനുഭവവും തുടര്‍ന്നുണ്ടായ പ്രചാരണങ്ങളുമാണ് ഇത് എഴുതാന്‍ ഇടയാക്കിയത്. പെരുമ്പാവൂരില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റിലായിരുന്നു യാത്ര. മഞ്ചേരിയില്‍ നിന്ന് ആറ് മണിക്കൂറിലധികം യാത്രചെയ്ത് ക്ഷീണിതയായിന്നു. സ്ത്രീകളുടെ സീറ്റില്‍ ഇരിക്കുകയായിരുന്ന പുരുഷനോട് മാറിത്തണമെന്ന് അഭ്യര്‍ഥിച്ചു. അദ്ദേഹം എഴുന്നേല്‍ക്കാന്‍ തയ്യാറാകാതെ എന്നെ ആക്ഷേപിക്കാനാണ് തുനിഞ്ഞത്.” ദേശാഭിമാനിയിലെ വിശദീകരണ കുറിപ്പില്‍ റജീന പറയുന്നു.

“പരാതിപ്പെട്ടപ്പോള്‍ സീറ്റ് ഒഴിഞ്ഞുകൊടുക്കണമെന്ന് കണ്ടക്ടര്‍ ആവശ്യപ്പെട്ടു. ഗത്യന്തരമില്ലാതെ എഴുന്നേറ്റ അയാള്‍ എന്നെ ബലമായി സീറ്റിന്റെ കമ്പിയില്‍ തടഞ്ഞുവച്ച്് ഭാര്യയെ അവിടെ ഇരുത്തുകയാണ് ചെയ്തത്. തുടര്‍ന്നും കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ ചീത്തവിളിച്ചു. ഇതുചോദ്യംചെയ്ത എന്നെ അയാളും ഭാര്യയും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു.

തലകറങ്ങിയ എന്നെ യാത്രക്കാരാണ് താങ്ങിയെടുത്ത് സീറ്റില്‍ ഇരുത്തിയത്. ഈ സമയം വണ്ടി പൊലീസ് സ്റ്റേഷനിലേക്ക് വിടാനോ പൊലീസിനെ വിളിക്കാനോ തയ്യാറാകാതെ ഉദാസീനമായ നിലപാടാണ് കണ്ടക്ടര്‍ സ്വീകരിച്ചത്. പിന്നീട്, പൊലീസ് സ്റ്റേഷനിലെത്തിയ ഞാന്‍ പരാതി നല്‍കുകയും അടുത്തുള്ള ആശുപത്രിയില്‍ ചികിത്സതേടുകയും”ചെയ്തു.” അവര്‍ വ്യക്തമാക്കി.

എന്നാല്‍ ചില മാധ്യമങ്ങള്‍ ഇതു തെറ്റായി റിപ്പോര്‍ട്ടു ചെയ്യുകയായിരുന്നു. ഡി.വൈ.എഫ്.ഐ ഭാരവാഹി എന്ന കാരണത്താലാണ് തനിക്കെതിരെ നിന്ദ്യമായ രീതിയില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. ഇത്തരം മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അതിനിടെ റജീനയ്ക്കു പിന്തുണയുമായി അതേ ബസില്‍ യാത്ര ചെയ്തിരുന്ന സുജാത എന്ന യാത്രക്കാരിയും രംഗത്തെത്തിയിരുന്നു. റജീനയെ അനില്‍ എന്നയാളും ഭാര്യയും ചേര്‍ന്ന് മര്‍ദിച്ച സമയത്ത് സുജാതയും  കുടുംബവും ബസിലുണ്ടായിരുന്നു.

ഭര്‍ത്താവ് ജയകൃഷ്ണനും മകനും സഹോദരിയ്ക്കുമൊപ്പം തൊടുപുഴക്കുവരുമ്പോഴാണ് ബസില്‍ സംഭവം നടന്നതെന്ന് സുജാത പറയുന്നത്. പെരുമ്പാവൂരിനും മുവാറ്റുപുഴയ്ക്കും ഇടയില്‍വച്ചാണ് റജീനയെ അനിലും ഭാര്യയും ചേര്‍ന്ന് മര്‍ദിച്ചത്.

സ്ത്രീകളുടെ സീറ്റിലിരിക്കുകയായിരുന്ന അനിലിനോട് എഴുന്നേറ്റുതരണമെന്ന് പറഞ്ഞപ്പോള്‍ അസഭ്യവാക്കുകള്‍കൊണ്ട് ആദ്യം അപമാനിച്ചു. തുടര്‍ന്ന്, മറ്റൊരു സീറ്റിലിരിക്കുകയായിരുന്ന ഭാര്യയെ വിളിച്ചുവരുത്തി റജീനയെ ശാരീരികമായും ആക്രമിച്ചു. റജീനയുടെ മുഖത്ത് അടിയ്ക്കുന്ന ശബ്ദം പിന്‍സീറ്റിലിരുന്നവരും കേട്ടു എന്നാണ് സുജാത പറയുന്നത്.

“ഒരു പെണ്ണായ റജീന തന്നോട് അങ്ങനെ പെരുമാറാന്‍ പാടുണ്ടോ” എന്നാണ് സംഭവത്തെക്കുറിച്ച് ഒരു ചാനല്‍ ചര്‍ച്ചയില്‍ അനില്‍ പറഞ്ഞത്.