മെയ് ഒന്ന് മുതല്‍ നാല് വരെ സംസ്ഥാനത്ത് ഒരു തരത്തിലുള്ള കൂടിച്ചേരലുകളും പാടില്ല: ഉത്തരവുമായി ഹൈക്കോടതി
Kerala
മെയ് ഒന്ന് മുതല്‍ നാല് വരെ സംസ്ഥാനത്ത് ഒരു തരത്തിലുള്ള കൂടിച്ചേരലുകളും പാടില്ല: ഉത്തരവുമായി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th April 2021, 3:30 pm

കൊച്ചി: മെയ് 2 ന് നടക്കുന്ന വോട്ടെണ്ണലിനോട് അനുബന്ധിച്ച് നാളെ മുതല്‍ ചൊവ്വാഴ്ച്ച വരെ സംസ്ഥാനത്ത് ഒരുതരത്തിലുള്ള കൂടിച്ചേരലുകളും ഉണ്ടാകരുതെന്ന് ഹൈക്കോടതി.

കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ഒത്തുകൂടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

വോട്ടെണ്ണല്‍ ദിനത്തില്‍ നടക്കാന്‍ സാധ്യതയുള്ള ആള്‍ക്കൂട്ട പ്രകടനങ്ങളും വിജയാഹ്ലാദങ്ങളും ഹൈക്കോടതി വിലക്കിയിട്ടുണ്ട്. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ഒത്തുകൂടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അനധികൃതമായി ഒത്തുകൂടുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കേസെടുക്കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്.

രാഷ്ട്രീയപാര്‍ട്ടികളുടെ വിജയാഹ്ലാദ പ്രകടനങ്ങള്‍ അനുവദിക്കരുതെന്നും പൊലീസും ജില്ലാ ഭരണകൂടവും ഇക്കാര്യം ഉറപ്പു വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

കൊവിഡ് വൈറസ് രോഗബാധ രൂക്ഷമായ കേരളത്തില്‍ സ്ഥിതി അതീവ ഗുരുതരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് സംബന്ധിച്ച ഹരജികളടക്കം പരിഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം.

ചികിത്സാനിരക്ക് കുറക്കുന്നതില്‍ പൊതുതാല്‍പ്പര്യമുണ്ടെന്നും ഇതില്‍ എന്തെല്ലാം ചെയ്യാന്‍ സര്‍ക്കാരിന് കഴിയുമെന്ന് അടുത്തമാസം 4 മുമ്പ് അറിയിക്കണമെന്നും കോടതി ഇടക്കാല ഉത്തരവിലൂടെ ആവശ്യപ്പെടുകയും ചെയ്തു.

ചികിത്സാ നിരക്കുകള്‍ വീണ്ടും കുറയ്ക്കുന്ന കാര്യം പരിഗണിക്കാമെന്നും ചര്‍ച്ചകള്‍ക്കുള്ള ശ്രമം തുടരുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കൊവിഡ് രോഗികളുടെ ചികിത്സയ്ക്കുള്ള സ്വകാര്യ ആശുപത്രികളിലെ നിരക്ക് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം തന്നെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട് എന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

തുടര്‍ന്ന് സര്‍ക്കാരിന് ഇക്കാര്യത്തില്‍ കൂടുതലായി എന്ത് ചെയ്യാന്‍ കഴിയുമെന്നും ആശുപത്രികളുമായി ആലോചിച്ച് അറിയിക്കണമെന്നും സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുത്തനെ കൂടുന്നത് മനസിന് അലട്ടുന്നുവെന്നും ഹരജി പരിഗണിക്കുന്നതിനിടെ കോടതി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Vote counting Day Restrictions In State Highcourt Order