വലിയ വിവാദങ്ങള്‍ക്കിടയിലും നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുകയാണ് പൃഥ്വിരാജ്-മോഹന്‍ലാല്‍-മുരളി ഗോപി കൂട്ടുകെട്ടിലെത്തിയ എമ്പുരാന്‍. ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല.
പൃഥ്വിരാജിനെതിരെയും മോഹന്‍ലാലിനെതിരെയുമൊക്കെ തീവ്ര വലത് പ്രൊഫൈലുകള്‍ ഇപ്പോഴും സൈബര്‍ ഇടങ്ങളില്‍ അധിക്ഷേപം നടത്തുന്നുണ്ട്.
എമ്പുരാന്‍ എന്ന ചിത്രത്തില്‍ വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് നടന്‍ ടൊവിനോ തോമസ് അവതരിപ്പിച്ചിട്ടുള്ളത്. ലൂസിഫറില്‍ നിന്നും വ്യത്യസ്തമായി മോഹന്‍ലാലുമായുള്ള കോമ്പിനേഷന്‍ രംഗങ്ങളും ടൊവിക്ക് എമ്പുരാനില്‍ ലഭിച്ചിട്ടുണ്ട്.
എമ്പുരാന്‍ എന്ന സിനിമ പൃഥ്വിരാജ് എങ്ങനെയാണ് ഹാന്‍ഡില്‍ ചെയ്തതെന്ന് നേരിട്ട് കണ്ടിട്ടുള്ള ആളാണ് താനെന്ന് ടൊവി പറയുന്നു.
ഇങ്ങനെയൊരു സിനിമ സംവിധാനം ചെയ്യാന്‍ വലിയ കോണ്‍ഫിഡന്‍സ് ആവശ്യമാണെന്നും പൃഥ്വിയെ പലപ്പോഴും താന്‍ അസൂയയോടെ നോക്കി നിന്നിട്ടുണ്ടെന്നും ടൊവി പറയുന്നു.
‘എമ്പുരാന്‍ പോലൊരു സിനിമ മലയാളത്തിന്റെ അഭിമാനമായി കൊണ്ടുവരാന്‍ ഒരുപാട് ആളുകള്‍ക്ക് പറ്റില്ല. രാജുവേട്ടന്‍ അത് ഹാന്‍ഡില്‍ ചെയ്തത് എങ്ങനെയാണെന്ന് എനിക്കറിയാം.
അത് അള്‍ട്ടിമേറ്റ് കോണ്‍ഫിഡന്‍സാണ്. ഞാനത് അസൂയയോടെ നോക്കി നിന്നിട്ടുണ്ട്. അത് മാത്രം മതി ഒരു സിനിമ ചെയ്യാന്‍ എന്ന് നമുക്ക് തോന്നിപ്പോകും.
എന്റെ പ്രതീക്ഷയ്ക്കും എത്രയോ മുകളിലാണ് എമ്പുരാന്‍ വന്നിരിക്കുന്നത്. പിന്നെ എമ്പുരാനെ പോലൊരു സിനിമ ചിന്തിക്കാനും അത് എക്‌സിക്യൂട്ട് ചെയ്യിക്കാനും രാജുവേട്ടനെ പോലുള്ളവര്‍ക്കേ സാധിക്കൂ.
ഈയൊരു സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ട്. ഒരു മലയാള സിനിമ പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് എനിക്ക് ഭയങ്കര സന്തോഷവും അഭിമാനവും തരുന്ന ഒന്നാണ് അത്.
സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ട് പോയപ്പോഴും സോഷ്യല്‍മീഡിയയിലുമൊക്കെ ഈ സിനിമയ്ക്ക് മേല്‍ ആളുകള്‍ അര്‍പ്പിച്ച ഒരു പ്രതീക്ഷ നേരില്‍ കണ്ടിരുന്നു. അത് വെറുതെ ഉണ്ടായ പ്രതീക്ഷയല്ല. എല്ലാവരും കാത്തിരുന്ന സിനിമയാണ് എമ്പുരാന്‍. അത് അങ്ങനെ വെറുതെ ഉണ്ടായതല്ല.
ഇങ്ങനെയൊരു സിനിമ മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒന്നാണെന്നതില്‍ സംശയമില്ല. എമ്പുരാന്‍ മലയാള സിനിമയ്ക്ക് പുതിയ വാതായനങ്ങള്‍ തുറന്നിടുമെന്നതില്‍ സംശയമില്ല.
എന്റെ കരിയറിലെ പല നിര്‍ണായക ഘട്ടങ്ങളിലും, വളരെ പ്രധാനപ്പെട്ട ഒരു ഘട്ടത്തിലുമൊക്കെ എന്റെ കൂടെ നിന്ന് എന്നെ സഹായിച്ചിട്ടുള്ള ആളാണ് രാജുവേട്ടന്‍.
സിനിമ എന്നത് നമുക്ക് ലിമിറ്റില്ലാതെ നമുക്ക് ചിന്തിക്കാന്‍ പറ്റുന്ന ഒന്നാണെന്നും സിനിമ എവിടെയെങ്കിലും ഒതുങ്ങി നില്‍ക്കുന്നതല്ലെന്നും വലുതായി ചിന്തിക്കണമെന്നും എനിക്ക് മനസിലാക്കി തന്നതും അതിനായി എന്നെ പ്രേരിപ്പിച്ചതും രാജുവേട്ടനാണ്.
ഇന്നും ഒരു പ്രതിസന്ധിയോ സംശയമോ വന്നാല്‍ ഞാന്‍ ആദ്യം വിളിക്കുക അദ്ദേഹത്തെയാണ്,’ ടൊവിനോ പറഞ്ഞു.
Content Highlight: Actor Tovino Thomas about Prithviraj and his Conidence and Empuraan