റീൽസ് എടുക്കുന്നതിനിടയിൽ വൈദികനെ വിദ്യാർത്ഥികളുടെ വാഹനമിടിച്ച കേസ്; വധശ്രമത്തിന് കേസെടുത്തത് പുനപരിശോധിക്കുമെന്ന് മന്ത്രി
Kerala News
റീൽസ് എടുക്കുന്നതിനിടയിൽ വൈദികനെ വിദ്യാർത്ഥികളുടെ വാഹനമിടിച്ച കേസ്; വധശ്രമത്തിന് കേസെടുത്തത് പുനപരിശോധിക്കുമെന്ന് മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th February 2024, 7:56 pm

കോട്ടയം: പൂഞ്ഞാറിൽ സ്കൂൾ സെന്റ്ഓഫിനിടയിൽ വിദ്യാർത്ഥികളുടെ വാഹനം തട്ടി വൈദികന് പരിക്കേറ്റ കേസിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയത് പുനപരിശോധിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ.

ജയിലിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ പിന്നീട് ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും കേസുമായി ബന്ധപ്പെട്ട് വിളിച്ച സർവകക്ഷി യോഗത്തിൽ മന്ത്രി അറിയിച്ചു.

സമാധാനാന്തരീക്ഷം തകർക്കുന്ന ഇടപെടൽ ഉണ്ടാകില്ലെന്നും സൗഹൃദപരമായി മുന്നോട്ടു പോകുമെന്നും യോഗത്തിൽ തീരുമാനിച്ചു. അതേസമയം വിദ്വേഷ പ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും രാഷ്ട്രീയ മുതലെടുപ്പ് അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

സ്ഥലം എം.എൽ.എ സെബാസ്റ്റ്യൻ കുളത്തിങ്കൽ, എം.പി ആന്റോ ആന്റണി, കലക്ടർ വി. വിഘ്നേശ്വരി ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ എന്നിവർക്കൊപ്പം പൂഞ്ഞാർ ഫെറോന പള്ളി പ്രതിനിധികളും വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങളും സർവകക്ഷി യോഗത്തിൽ പങ്കെടുത്തു.

കേസിൽ 27 പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. പ്രായപൂർത്തിയാകാത്ത 10 പേർക്ക് ഫെബ്രുവരി 29ന് ജുവനയിൽ കോടതി ജാമ്യം അനുവദിച്ചു. പ്രായപൂർത്തിയായ മറ്റു പ്രതികളുടെ ജാമ്യ ഹരജി കോട്ടയം സെഷൻസ് കോടതി നാളെ പരിഗണിക്കും.

ഫെബ്രുവരി 23നാണ് കേസിനാസ്പദമായ സംഭവം. സ്കൂളിലെ സെന്റ്ഓഫ് പരിപാടിക്ക് ശേഷം റീൽസ് എടുക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥികൾ പൂഞ്ഞാർ സെന്റ് മേരീസ് ഫെറോന പള്ളിയുടെ ഗ്രൗണ്ടിൽ അഭ്യാസപ്രകടനം നടത്തുകയായിരുന്നു.

പള്ളി ഗ്രൗണ്ടിൽ കാറും ബൈക്കും കൊണ്ടുവന്ന് നടത്തിയ അഭ്യാസപ്രകടനം തടഞ്ഞ വൈദികനെ വാഹനം ഇടിച്ചതായാണ് കേസ്. പരിക്കേറ്റ പള്ളി സഹവികാരി ഫാദർ ജോസഫ് ആറ്റുച്ചാലിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

Content Highlight: VN Vasavan says will reexamine charges on murder attempt in Poonjar case