തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്റെ പരാമര്‍ശം നിയമസഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്തതെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ‘കോണ്‍ഗ്രസിന് ഇപ്പോള്‍ ഇന്ദ്രന്‍സിന്റെ വലിപ്പം’ എന്നായിരുന്നു നിയമസഭയില്‍ വി.എന്‍. വാസവന്‍ നടത്തിയ പരാമര്‍ശം.
പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വാസവന്‍ സ്പീക്കര്‍ക്ക് ഔദ്യോഗികമായി കത്ത് നല്‍കുകയായിരുന്നു. എന്നാല്‍, സാംസ്‌കാരിക വകുപ്പ് മന്ത്രി മലയാളത്തിലെ പ്രമുഖ നടനെ അപമാനിച്ചുവെന്നാണ് ഉയരുന്ന വിമര്‍ശനം.
ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിയിരിക്കുന്നുവെന്ന വാസവന്റെ ‘ബോഡി ഷെയിമിങ്’ പരാമര്‍ശമാണ് വലിയ വിവാദത്തിന് വഴിവെച്ചത്.
‘സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഭരണം കൈമാറി തന്നതാണ് കോണ്‍ഗ്രസിന്. ഇപ്പോള്‍ എവിടെയെത്തി?
യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി പൊതുവിലെടുത്താല്‍ ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഉപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നു,’ എന്നാണ് വാസവന്‍ പറഞ്ഞത്.
2022ലെ കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിക്കുന്നതിനിടെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ വിജയവും ഹിമാചലിലെ സി.പി.ഐ.എമ്മിന്റെ തോല്‍വിയും ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ അംഗങ്ങളുടെ ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കവെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.
എന്നാല്‍, മന്ത്രിയുടെ പരാമര്‍ശം വിവാദമായതിനെത്തുടര്‍ന്ന് ബോഡി ഷെയിമിങ് പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തിയിരുന്നു.