Entertainment news
സിനിമയുടെ പേര് കേട്ടപ്പോഴെ ലാലേട്ടന്റെ മുഖം മാറി; ബാലേട്ടന്‍ സിനിമയുണ്ടായ കഥ പറഞ്ഞ് വി.എം. വിനു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Sep 10, 05:44 pm
Friday, 10th September 2021, 11:14 pm

കോഴിക്കോട്: മോഹന്‍ലാല്‍ – വി.എം. വിനു കൂട്ടുകെട്ടില്‍ എത്തി ഗംഭീര ഹിറ്റായ ചിത്രമായിരുന്നു ബാലേട്ടന്‍. ടി.എ. ഷഹിദായിരുന്നു ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.

ഇപ്പോഴിതാ ചിത്രത്തിനായി മോഹന്‍ലാലിനെ സമീപിച്ച കഥപറയുകയാണ് വി.എം. വിനു. തന്റെ യൂട്യൂബ് ചാനലിലെ പ്രതിവാരപരിപാടിയായ ഫ്‌ളാഷ്‌കട്ട്‌സിലൂടെയാണ് വി.എം. വിനു ഇക്കാര്യം പറഞ്ഞത്.

ടി.എ. ഷാഹിദിന്റെ രചനയില്‍ അരോമ മണിയായിരുന്നു ചിത്രം നിര്‍മ്മിച്ചത്. വളരെയേറെ പ്രതിസന്ധികള്‍ മറികടന്ന് ഡമ്മി സംഭാഷണങ്ങളുമായി തിരക്കഥയുടെ ഏകദേശ രൂപം പൂര്‍ത്തിയാക്കിയ ശേഷം മോഹന്‍ ലാലിനെ സമീപിക്കുന്നതിന് വേണ്ടി തയ്യാറെടുക്കുകയായിരുന്നു താനും തിരക്കഥകൃത്ത് ടി.എ. ഷഹിദുമെന്ന് വി.എം. വിനു പറഞ്ഞു.

നിര്‍മാതാവ് അരോമ മണിയുടെ പുതിയ ചിത്രമായ മിസ്റ്റര്‍ ബ്രഹ്മചാരിയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ തെങ്കാശിയിലുണ്ടെന്ന് അറിഞ്ഞ് അവിടേക്ക് പോയി.

മണി വഴി മോഹന്‍ലാലിനെ കാണുന്നതിന് ഒരവസരം ഒരുങ്ങുകയായിരുന്നു. തെങ്കാശിയില്‍ എത്തി ഷൂട്ടിംഗ് ലൊക്കേഷനില്‍ ചെന്ന് മോഹന്‍ലാലിനെ കണ്ട് നിമിഷനേരം കൊണ്ട് തന്നെ വര്‍ഷങ്ങളായി പരിചയമുള്ളവരെ പോലെയാണ് മോഹന്‍ലാല്‍ തന്നോട് പെരുമാറിയതെന്ന് വിനു പറഞ്ഞു.

ലൊക്കേഷനില്‍ നിന്ന് ഇറങ്ങുന്നതിനു മുന്‍പ് മോഹന്‍ലാലിനോട് സിനിമയുടെ പേര് ബാലേട്ടന്‍ ആണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് ആ പ്രോജെക്റ്റിനോടുള്ള ഒരു താല്പര്യം തനിക്കു കാണുവാന്‍ സാധിച്ചെന്നും വിനു പറയുന്നു.

ഷൂട്ടിംഗിനു ശേഷം തന്റെ ഹോട്ടല്‍ മുറിയിലേക്ക് തങ്ങളെ മോഹന്‍ലാല്‍ ക്ഷണിക്കുകയും അവിടെ ഇരുന്നു ചിത്രത്തിന്റെ കഥ കേള്‍ക്കുകയും ചെയ്തു. ഒരു പുതുമുഖ തിരക്കഥാകൃത്തിന്റെ എല്ലാ അങ്കലാപ്പും പേടിയും ഉണ്ടായിരുന്ന ഷാഹിദിനെ സമാധാനിപ്പിക്കാന്‍ മോഹന്‍ലാല്‍ മുന്‍കൈ എടുക്കുകയും വളരെ ക്ഷമയോടെ ഇരുന്നു കഥ മുഴുവന്‍ കേള്‍ക്കുകയും ചെയ്‌തെന്നും വിനു പറയുന്നു.

കഥയുടെ സെക്കന്‍ഡ് ഹാഫ് കേട്ടുകഴിഞ്ഞപ്പോള്‍ തന്നെ മോഹന്‍ലാലിന് സിനിമ ഇഷ്ടപ്പെട്ടു. സ്‌ക്രിപ്റ്റിന്റെ നീളം കുറച്ചു കുറയ്ക്കണമെന്ന് മാത്രം ഒരു അഭിപ്രായമാണ് പറഞ്ഞത്. പോകാന്‍ നേരം മോഹന്‍ലാലിന്റെ പേര്‍സണല്‍ ഫോണ്‍ നമ്പര്‍ കൂടി നല്‍കിയിട്ടാണ് അദ്ദേഹം തങ്ങളെ യാത്ര ആക്കിയതെന്നും വിനു പറയുന്നു.

പടത്തിന്റെ കഥ നേരത്തെ കേട്ട് ഇഷ്ടപ്പെട്ട അരോമ മണി തന്നെ നിര്‍മാതാവായി വരികയും പിന്നീടുള്ള കാര്യങ്ങള്‍ മണിയുമായി നേരിട്ട് സംസാരിക്കാമെന്ന ധാരണയില്‍ മോഹന്‍ലാല്‍ ബാലേട്ടനാകാന്‍ സമ്മതിച്ചെന്നും വി.എം. വിനു പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

VM Vinu tells the story behind of the balettan movie starring Mohanlal