തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് വി.എം. സുധീരന്‍ രാജിവെച്ചു. രാജി കത്ത് വെള്ളിയാഴ്ച രാത്രി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് സുധീരന്‍ കൈമാറി.
ശാരീരിക അസ്വസ്ഥതകളുണ്ടെന്നാണ് സുധാകരനെ ഫോണില്‍ വിളിച്ച് സുധീരന്‍ അറിയിച്ചിരിക്കുന്നത്. കെ.പി.സി.സിയിലെ ഏറ്റവും ഉന്നത സ്ഥാനങ്ങളില്‍ ഒന്നാണ് രാഷ്ട്രീയകാര്യ സമിതി.
കെ.സുധാകരന്റെയും വി.ഡി. സതീശന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമ്പോഴും താനടക്കമുള്ള മുതിര്‍ന്ന നേതാക്കളോട് വേണ്ടത്ര ചര്‍ച്ച ചെയ്യുന്നില്ല എന്നതും വി.എം. സുധീരന്‍ പരാതിയായി ഉന്നയിക്കുന്നുണ്ട്.
കെ.പി.സി.സിയുടെ പുന:സംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്ന് താനടക്കമുള്ളവരെ ഒഴിവാക്കിയതായും സുധീരന്‍ പറയുന്നു. താന്‍ കോണ്‍ഗ്രസിന്റ സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നാണ് വി.എം.സുധീരന്‍ പറഞ്ഞത്.
കെ.പി.സി.സി പുന:സംഘടനാ ചര്‍ച്ച സജീവമായിരിക്കെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ശനിയാഴ്ച കേരളത്തിലെത്തുന്നുണ്ട്.
ഇതിനിടെയാണ് കോണ്‍ഗ്രസിന് തിരിച്ചടിയായി സുധീരന്റെ രാജി.