കൂടല്‍മാണിക്യക്ഷേത്ര ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ മാംസം വിളമ്പിയെന്ന് ഹിന്ദു ഐക്യവേദി; വ്യാജ പ്രചരണം ഏറ്റുപിടിച്ച് ജന്മഭൂമി; വാര്‍ത്ത നിഷേധിച്ച് സംഘാടകര്‍
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രത്തിന്റെ എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സ്‌നേഹവിരുന്നില്‍ മാംസം വിളമ്പിയെന്ന വിശ്വഹിന്ദു പരിഷത്തിന്റെ ആരോപണം വ്യാജമെന്ന് സംഘാടകര്‍.
വാസ്തവവിരുദ്ധമായ ആരോപണമാണ് ഇത്. സ്വതന്ത്യമായി പ്രവര്‍ത്തിക്കുന്ന സംഘടനയേയും, ഉത്സവ ചടങ്ങുകളും ക്ഷേത്രഭരണവും ഭംഗിയായി നിര്‍വ്വഹിക്കുന്ന ഭരണസമിതിയേയും ചടങ്ങില്‍ പങ്കെടുത്ത എഴുത്തുകാരേയും, സാംസ്‌ക്കാരിക പ്രവര്‍ത്തകരേയും, ഭക്തരേയും അപകീര്‍ത്തിപ്പെടുത്തുന്നതാണ് വി.എച്ച്.പിയുടെ പ്രചരണമെന്ന് സംഘാടകര്‍ പറഞ്ഞു.
ഇരിങ്ങാലക്കുടയിലെ എഴുത്തുകാരുടെ കൂട്ടായ്മയായ സംഗമ സാഹിതിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെയാണ് കവിയരങ്ങും തുടര്‍ന്ന് സ്‌നേഹവിരുന്നും സംഘടിപ്പിച്ചത്.
ഇതിന് പിന്നാലെ വ്യാജ ആരോപണവുമായി ഇരിങ്ങാലക്കുട ഹിന്ദു ഐക്യവേദി താലൂക്ക് കമ്മിറ്റി രംഗത്തെത്തുകയായിരുന്നു. ആചാരനുഷ്ഠാനങ്ങള്‍ കൊണ്ട് പ്രസിദ്ധമായ കൂടല്‍മാണിക്യക്ഷേത്രഭൂമിയില്‍ ആചാരവിരുദ്ധമായി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുകയും മാംസമടക്കം വിളമ്പി സംഗമേശന്റെ ആചാരങ്ങള്‍ തകര്‍ക്കുകയായിരുന്നു എന്നും ഇടതുപക്ഷ ദേവസ്വം കമ്മിറ്റിയാണ് ഇതിന് പിന്നിലെന്നും ഹിന്ദു ഐക്യവേദി മുകുന്ദപുരു താലൂക്ക് കമ്മിറ്റി ആരോപിച്ചു.
വിരുന്നില്‍ പങ്കെടുത്ത ദേവസ്വം ചെയര്‍മാന്‍ ഗുരുതരമായ കൃത്യവിലോപമാണ് ചെയ്തിരിക്കുന്നതെന്നും ക്ഷേത്രഭൂമിയെ പൊതുസ്ഥലമാക്കി മാറ്റാന്‍ ദേവസ്വം നടത്തുന്ന ശ്രമങ്ങളെ ഭക്തജനങ്ങളെ അണിനിരത്തി ചെറുത്തുതോല്‍പ്പിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടിരുന്നു.
കൂടല്‍മാണിക്യക്ഷേത്രപരിഹസരത്ത് നടത്തിയ ഇഫ്താര്‍ വിരുന്നില്‍ മാംസം വിളമ്പിയെന്ന രീതിയിലുള്ള ഹിന്ദു ഐക്യവേദിയുടെ ആരോപണം ജന്മഭൂമി പത്രം വാര്‍ത്തയാക്കുകയും ചെയ്തു.
തികച്ചും അടിസ്ഥാനരഹിതമായ ആരോപണമാണ് ഇതെന്നും ചില പ്രാദേശിക മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ വാസ്തവിരുദ്ധമാണന്നും പരിപാടിയുടെ സംഘാടകരിലൊരാളും പുസ്തകശാല കോഡിനേറ്ററുമായ രാജേഷ് തെക്കിനിയേടത്ത് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.
”തെറ്റായ വാര്‍ത്തയാണ് ഇത്. കുടല്‍മാണിക്യ ക്ഷേത്രത്തിന്റെ ഭാഗമായ കുടുംബശ്രീയുടെ സസ്യഭോജന ഭക്ഷണശാലയില്‍ നിന്നുമുള്ള പരിപ്പുവടയും ചായയും പഴവര്‍ഗങ്ങളുമാണ് ഞങ്ങള്‍ സ്‌നേഹ വിരുന്നിന് നല്‍കിയത്. അവിടെ നടന്ന കവിയരങ്ങിന് ശേഷമാണ് ഭക്ഷണം വിളമ്പിയത്. അത് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. അത് മാംസമായി ചിത്രീകരിക്കപ്പെട്ടു. ഇന്ന് രാവിലെയാണ് ഇക്കാര്യം അറിഞ്ഞത്. ആരോപണം തെറ്റാണ്”- അദ്ദേഹം ഡൂള്‍ന്യൂസിനോട് വ്യക്തമാക്കി.
വി.എച്ച്.പിയുടെ ആരോപണത്തിനെതിരെയും ജന്മഭൂമി വാര്‍ത്തക്കെതിരെ സംഗമ സാഹിതി പ്രതിഷേധിച്ചു.’ സമത്വവും സാഹോദര്യവും നാടിന്റെ കൂട്ടായ്മയും വിളിച്ചോതുന്ന സംഗമേശ്വരന്റെ തിരുത്സവവേളയില്‍ ഇത്തരം തെറ്റുധാരണ ജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരവും, അത്യന്തം പ്രതിഷേധാര്‍ഹവുമാണ്’- സംഗമസാഹിതി പ്രസിഡന്റ് രാധാകൃഷ്ണന്‍ വെട്ടത്ത്, സെക്രട്ടറി അരുണ്‍ ഗാന്ധിഗ്രാം, വൈസ് പ്രസിഡണ്ട് റഷീദ് കാറളം, പ്രൊ: സാവിത്രി ലക്ഷ്മണന്‍, കാട്ടൂര്‍ രാമചന്ദ്രന്‍, ജോണ്‍സന്‍ എടത്തിരുത്തിക്കാരന്‍, എം.ആര്‍.സനോജ്, സിമിത ലെനീഷ്, പ്രതാപ്‌സിംഗ്, പുസ്തകശാല കോര്‍ഡിനേറ്റര്‍ രാജേഷ് തെക്കിനിയേടത്ത് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ അധ്യക്ഷത വഹിച്ച സംഗമസാഹിതി കവികളുടെ കവിയരവ് കഥാകൃത്ത് അശോകന്‍ ചരുവിലായിരുന്നു ഉദ്ഘാടനം ചെയ്തത്. തുടര്‍ന്നായിരുന്നു സ്‌നേഹവിരുന്ന്.