കോഴിക്കോട്: വിശ്വ ഹിന്ദു പരിഷത്തിന്റെ വാര്‍ഷിക യോജന ലിസ്റ്റില്‍ ശ്രീനാരായണ ഗുരുവിന്റെ പേര് ഇല്ലെന്ന് വിമര്‍ശനം. വിശ്വ ഹിന്ദു പരിഷത്ത് പുറത്തിറക്കിയ ലിസ്റ്റില്‍ അമൃതാനന്ദമയി ജന്മദിനവും ഛത്രപതി ശിവജി ജയന്തിയും വരെ ഇടംപിടിച്ചപ്പോഴും, ആഗസ്റ്റ് 31ലെ ശ്രീനാരായണ ഗുരുവിന്റെ ചതയ ദിനവും സെപ്റ്റംബര്‍ 21ലെ മഹാസമാധിയും ഒഴിവാക്കപ്പെട്ടു.
‘ഹിന്ദു ഹെല്‍പ് സെന്റര്‍ എഫ്.ബി ഗ്രൂപ്പ്’ എന്ന സോഷ്യല്‍ മീഡിയ പേജിലാണ് വിമര്‍ശനം ഉയരുന്നത്. വിശ്വ ഹിന്ദു പരിഷത്ത് ചതയ ദിനവും മഹാസമാധിയും വിസ്മരിച്ച് ഗുരുനിന്ദ കാട്ടിയെന്നാണ് പരാതി.
വിശ്വ ഹിന്ദു പരിഷത്തിന്റെ കേരള ഘടകം പുറത്തിറക്കിയ 2024-25 ഷഷ്ടിപൂര്‍ത്തി യോജന പതിപ്പിലാണ് ശ്രീനാരായണ ഗുരുവിനോടുള്ള അവഗണന. ഈ പുസ്തകത്തില്‍ 2023-24 വര്‍ഷത്തെ വാര്‍ഷിക പദ്ധതികളില്‍ നിന്നാണ് നാരായണ ഗുരുവിനെ ഒഴിവാക്കിയിരിക്കുന്നത്.
വിശ്വ ഹിന്ദു പരിഷത്തിന്റെ ഈ സംഘടനാ നിലപാട് ഈഴവ സമുദായത്തിലെ ഗുരുഭക്തര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നാണ് പ്രധാനമായും വിമര്‍ശനം ഉയരുന്നത്. ഗുരുനിന്ദ കാട്ടിയ വിശ്വ ഹിന്ദു പരിഷത്ത് എന്ന സംഘടനയെ കേരളത്തിലെ ഈഴവര്‍ ഇനിയും ചുമക്കണോ എന്നും വിമര്‍ശകര്‍ ചോദിക്കുന്നു.
ശ്രീനാരായണ ഗുരു എന്ന മഹാമുനിയും, അദ്ദേഹത്തിന്റെ അനുയായികള്‍ ആയ ഈഴവരും, ശ്രീനാരായണീയരും വിശ്വ ഹിന്ദു പരിഷത്ത് നേതാക്കള്‍ക്ക് ഹിന്ദുക്കളായി തോന്നുന്നില്ലേയെന്നും ശിവരാജന്‍ പോറ്റി എന്ന ഗ്രൂപ്പ് അഡ്മിന്‍ ഫേസ്ബുക്കിലൂടെ ചോദിച്ചു.
ശ്രീനാരായണ ഗുരുവിന്റെ അവതാര ശേഷമാണ് ഹിന്ദുക്കളിലെ നായര്‍ മുതല്‍ പിന്നോക്ക ദളിതുകള്‍ വരെ സവര്‍ണ്ണ മേധാവിത്വത്തിന്റെ പിടിയില്‍ നിന്നും രക്ഷപെട്ട് സ്വതന്ത്രരായതെന്നും അദ്ദേഹം പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.