മലയാളികള്‍ക്ക് ഏറെ പരിചിതനായ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍കൊണ്ട് കയ്യടിനേടിയ നടനാണ് അദ്ദേഹം. കട്ടപ്പനയിലെ ഋത്വിക് റോഷനെന്ന സിനിമയിലൂടെയാണ് താരം എല്ലാവര്‍ക്കും പ്രിയപെട്ടതായി മാറിയത്. അഭിനയത്തോടൊപ്പം എഴുത്തിലും വിഷ്ണു സജീവമാണ്. വിഷ്ണുവും ബിബിന്‍ ജോര്‍ജും ഒന്നിച്ച് തിരകഥയെഴുതിയ സിനിമയാണ് ഒരു യമണ്ടന്‍ പ്രേമകഥ.
ബി.സി. നൗഫല്‍ സംവിധാനം ചെയ്ത് 2019ല്‍ തിയേറ്ററിലെത്തിയ കോമഡി-ഡ്രാമ സ്പൂഫ് ചിത്രമാണ് ഇത്. ദുല്‍ഖറായിരുന്നു ഒരു യമണ്ടന്‍ പ്രേമകഥയിലെ നായകന്‍. ദുല്‍ഖര്‍ സല്‍മാന് പുറമെ നിഖില വിമല്‍, സൗബിന്‍ ഷാഹിര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സലിം കുമാര്‍ എന്നിവരായിരുന്നു ഇതിലെ പ്രധാന കഥാപാത്രങ്ങള്‍. ഇപ്പോള്‍ മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖറിനെ കുറിച്ച് സംസാരിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍.
‘ഞങ്ങള്‍ ആദ്യം ദുല്‍ഖറിന്റെ അടുത്ത് കഥ പറയാന്‍ പോയത് മമ്മൂട്ടിയുടെ മകനാണ് എന്ന ചിന്തയില്‍ തന്നെയാണ്. അന്ന് ഞങ്ങള്‍ കഥ പറഞ്ഞ സമയത്ത് അദ്ദേഹം സീരിയസായി കേട്ടിരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ആദ്യം ടെന്‍ഷനായിരുന്നു. ഞങ്ങള്‍ക്ക് അതില്‍ ഏറ്റവും പേടിയുണ്ടായിരുന്നത് ഹീറോയിന്റെ കഥാപാത്രത്തിന്റെ കാര്യത്തിലായിരുന്നു. അവളെ അന്വേഷിച്ച് നടന്നിട്ട് കണ്ടെത്തുമ്പോള്‍ ഹീറോയിന്‍ അവസാനം മരിച്ചു പോയി എന്ന് അയാള്‍ അറിയുകയാണല്ലോ. അത് ദുല്‍ഖര്‍ എങ്ങനെയെടുക്കുമെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു.
കഥ പറയുമ്പോള്‍ തമാശ സീനുകള്‍ പറയുമ്പോള്‍ അദ്ദേഹം ചിരിച്ചില്ല. പക്ഷെ ഇത് കേട്ടതും ഒന്ന് ചിരിച്ചു. അപ്പോള്‍ ഞാന്‍ എല്ലാം പോയെന്ന് ഓര്‍ത്തു. കാരണം ഇത്ര സീരിയസായി പറഞ്ഞ കാര്യം കേട്ടിട്ടാണ് ദുല്‍ഖര്‍ ചിരിച്ചത്. പണി പാളിയോയെന്ന് ഞാന്‍ ഓര്‍ത്തു. പക്ഷെ ഇത് ഒട്ടും എക്‌സ്‌പെക്റ്റ് ചെയ്തില്ല എന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്. അത് കേട്ടതോടെ എനിക്ക് സന്തോഷമായി. ആള്‍ക്ക് അത് ഇഷ്ടമാകുകയാണ് ചെയ്തത്,’ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
Content Highlight: Vishnu Unnikrishnan Talks About Oru Yamandan Premakadha And Dulquer Salmaan