ദുല്‍ഖറിന് എന്റെ ആ കഥാപാത്രം ഒരുപാട് ഇഷ്ടപ്പെട്ടു; കേന്ദ്രകഥാപാത്രമാക്കി മറ്റൊരു സിനിമ ചെയ്യുമെന്ന് പോലും പറഞ്ഞു: വിഷ്ണു ഉണ്ണികൃഷ്ണന്‍
Entertainment news
ദുല്‍ഖറിന് എന്റെ ആ കഥാപാത്രം ഒരുപാട് ഇഷ്ടപ്പെട്ടു; കേന്ദ്രകഥാപാത്രമാക്കി മറ്റൊരു സിനിമ ചെയ്യുമെന്ന് പോലും പറഞ്ഞു: വിഷ്ണു ഉണ്ണികൃഷ്ണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 6th December 2023, 10:01 am

മലയാള സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍കൊണ്ട് കയ്യടിനേടിയ നടനാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. കട്ടപ്പനയിലെ ഹൃത്വിക് റോഷനെന്ന സിനിമയിലൂടെയാണ് താരം എല്ലാവര്‍ക്കും പ്രിയപെട്ട നടനായി മാറിയത്.

അഭിനയത്തോടൊപ്പം എഴുത്തിലും വിഷ്ണു സജീവമാണ്. വിഷ്ണുവും ബിബിന്‍ ജോര്‍ജും ഒന്നിച്ച് തിരകഥയെഴുതിയ സിനിമയാണ് ഒരു യമണ്ടന്‍ പ്രേമകഥ. ദുല്‍ഖറായിരുന്നു ഈ സിനിമയിലെ നായകന്‍. ഇപ്പോള്‍ മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖറിനെ കുറിച്ച് സംസാരിക്കുകയാണ് താരം.

‘ഒരിക്കല്‍ ഞാനും ദുല്‍ഖറും ഒരു റേഡിയോയുടെ ഇന്റര്‍വ്യൂവില്‍ ഇരിക്കുകയാണ്. അന്ന് ദുല്‍ഖറിനോട് ഒരു യമണ്ടന്‍ പ്രേമകഥയില്‍ ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം ഏതാണെന്ന് ചോദിച്ചപ്പോള്‍ എന്റെ കഥാപാത്രത്തിന്റെ പേര് പറഞ്ഞു.

പിന്നെ ആ കഥാപാത്രത്തെ കേന്ദ്രകഥാപാത്രമാക്കി ഒരു സിനിമ ചെയ്യുമെന്നുപോലും പറഞ്ഞു. പുള്ളിക്ക് എന്റെ ആ കഥാപാത്രത്തെ വലിയ ഇഷ്ടമാണ്.

സിനിമയുടെ ഷൂട്ടിങ്ങിന്റെ ഇടയില്‍ ആണെങ്കില്‍ ദുല്‍ഖര്‍ ഇടയ്ക്കിടെ ‘ഹോ അവന്‍ മെതേഡ് ആക്ടിങ് തുടങ്ങി’ എന്ന് പറയാറുണ്ട്,’ വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിരിയോടെ പറഞ്ഞു.

അഭിമുഖത്തില്‍ തങ്ങള്‍ ഒരു യമണ്ടന്‍ പ്രേമകഥയിലേക്ക് എത്തപ്പെട്ടതിനെ കുറിച്ചും വിഷ്ണു ഉണ്ണികൃഷ്ണന്‍ സംസാരിച്ചു. തന്റെ കൈയില്‍ പരിക്ക് പറ്റി സര്‍ജറി ചെയ്ത് കിടന്നപ്പോഴാണ് തങ്ങള്‍ക്ക് ദുല്‍ഖറിനെ വെച്ച് ഒരു പടം ചെയ്യാനുള്ള അവസരം കിട്ടിയതെന്നും വിഷ്ണു പറയുന്നു.

‘സ്ട്രീറ്റ്ലൈറ്റ്‌സ് സിനിമയുടെ ഷൂട്ട് തുടങ്ങി രണ്ടാമത്തെ ദിവസം എന്റെ കയ്യില്‍ പരിക്ക് പറ്റി. അന്ന് സര്‍ജറി ചെയ്യേണ്ടി വന്നു. കൈയ്ക്ക് മൂവ്‌മെന്റ് ഉണ്ടായിരുന്നില്ല. റേഡിയല്‍ നെര്‍വ് വലിഞ്ഞു പോയിരുന്നു. അത് ശരിയാകാന്‍ സമയമെടുക്കുമെന്ന് പറഞ്ഞു.

അങ്ങനെയൊരിക്കല്‍ എന്നെ കാണാന്‍ വേണ്ടി ആന്റോ ചേട്ടന്‍ (പ്രൊഡ്യൂസര്‍ ആന്റോ ജോസഫ്) വീട്ടില്‍ വന്നപ്പോഴാണ് സംസാരത്തിന്റെ ഇടയില്‍ പുള്ളി ചെയ്യാനിരുന്ന ദുല്‍ഖര്‍ പടത്തിന്റെ സ്‌ക്രിപ്റ്റ് മാറിയെന്നും ഫൈനലായില്ലെന്നും പറയുന്നത്.

അപ്പോള്‍ ഞങ്ങള്‍ ദുല്‍ഖറിനെ വെച്ച് ഒരു സിനിമക്കുള്ള പ്ലോട്ട് പ്ലാന്‍ ചെയ്തിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞു. ആണോ, എങ്കില്‍ അത് പെട്ടെന്ന് എഴുതി തീര്‍ക്കാമെങ്കില്‍ സെപ്റ്റംബറില്‍ ഷൂട്ട് ചെയ്യാമെന്ന് ആന്റോ ചേട്ടന്‍ പറഞ്ഞു.

അപ്പോള്‍ തന്നെ ഞാന്‍ ബിബിനിനെ വിളിച്ച് കാര്യം പറഞ്ഞു. അങ്ങനെ ചെയ്ത സിനിമയാണ് ഒരു യമണ്ടന്‍ പ്രേമകഥ. എനിക്ക് അന്ന് അങ്ങനെ സംഭവിച്ചത് കൊണ്ട് ഞങ്ങള്‍ക്ക് ദുല്‍ഖറിനെ വെച്ച് ഒരു പടം ചെയ്യാന്‍ പറ്റി,’ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.


Content Highlight: Vishnu Unnikrishnan Talks About Dulquer Salman