ഛത്തീസ്ഗഡ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഷ്ണു ദേവ് സായി
national news
ഛത്തീസ്ഗഡ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഷ്ണു ദേവ് സായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th December 2023, 4:42 pm

റായ്പൂര്‍: ഛത്തീസ്ഗഡിലെ അടുത്ത മുഖ്യമന്ത്രിയായി ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നേതാവും മുന്‍ ബി.ജെ.പി അധ്യക്ഷനുമായ വിഷ്ണു ദേവ് സായിയെ നിയമിക്കാന്‍ തീരുമാനിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് 90 അംഗ നിയമസഭയില്‍ ബി.ജെ.പി 54 സീറ്റുകള്‍ നേടുകയുണ്ടായി.

ഛത്തീസ്ഗഡില്‍ നടന്ന ബി.ജെ.പി സംസ്ഥാന, കേന്ദ്ര നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. വരും ദിവസങ്ങളില്‍ വിഷ്ണു ദേവ് സായി നേതൃസ്ഥാനം ഏറ്റെടുക്കുമെന്നാണ് സൂചന. സംസ്ഥാനത്ത് രണ്ട് ഉപമുഖ്യമന്ത്രിമാരെയും ബി.ജെ.പി നിയമിച്ചേക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഛത്തീസ്ഗഢിലെ ആദ്യ ഗോത്രവര്‍ഗ മുഖ്യമന്ത്രി കൂടിയായിരിക്കും വിഷ്ണു ദേവ് സായി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ ടേമില്‍ കേന്ദ്ര സ്റ്റീല്‍ സഹമന്ത്രിയായിരുന്നു സായി. ഛത്തീസ്ഗഡിലെ റായ്പൂര്‍ മണ്ഡലത്തെ നിന്നുള്ള ലോക്‌സഭാംഗം കൂടിയായിരുന്നു അദ്ദേഹം. ബി.ജെ.പി ദേശീയ പ്രവര്‍ത്തക സമിതി അംഗം കൂടിയാണ്.

ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോത്ര മണ്ഡലമായ കുങ്കുരി സീറ്റില്‍ നിന്ന് 25000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സായി വിജയിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയത്തെ തുടര്‍ന്ന് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പ്രഖ്യാപനം വൈകിപ്പിക്കുന്നതിലുള്ള യഥാര്‍ത്ഥ കാരണം ബി.ജെ.പി വ്യക്തമാക്കണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടിരുന്നു.

Content Highlight: Vishnu Dev Sai to be Chief Minister of Chhattisgarh