Film News
ഞൊണ്ടി ജെയ്‌സന്റെ അനിയനെന്ന് ആളുകള്‍ വിളിച്ചിട്ടുണ്ടാവാം; ആര്‍.ഡി.എക്‌സിലെ കൊടൂര വില്ലനെ പറ്റി വിഷ്ണു അഗസ്ത്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Sep 01, 02:44 am
Friday, 1st September 2023, 8:14 am

ആര്‍.ഡി.എക്‌സില്‍ ഏറ്റവും ശ്രദ്ധ നേടിയ കഥാപാത്രമാണ് വില്ലനായ പോള്‍സണ്‍. നായകന്മാര്‍ക്കൊപ്പം തന്നെ ചിത്രം വിജയിക്കുന്നതില്‍ വില്ലനും ഉള്ള പങ്ക് നിരൂപകര്‍ എടുത്തുപറഞ്ഞിരുന്നു. വിഷ്ണു അഗസ്ത്യയാണ് ആര്‍.ഡി.എക്‌സിലെ മെയ്ന്‍ വില്ലനെ അവതരിപ്പിച്ചത്. അടുത്തിടെ പുറത്തുവന്ന ഒ. ബേബി, 1001 നുണകള്‍ എന്നീ ചിത്രങ്ങളിലെ വിഷ്ണുവിന്റെ പ്രകടനങ്ങളും ശ്രദ്ധ നേടിയിരുന്നു.

ആര്‍.ഡി.എക്‌സിലെ തന്റെ കഥാപാത്രമായ പോള്‍സണെ പറ്റി സംസാരിക്കുകയാണ് വിഷ്ണു. ചേട്ടനായ ജെയ്‌സണെ പറ്റി അഭിമാനം കൊണ്ട് നടന്നിരുന്ന പോള്‍സണ് പിന്നീട് ജീവിതത്തില്‍ നേരിടേണ്ടി വന്ന അനുഭവങ്ങളാവാം അയാളെ ഇങ്ങനെയാക്കിയതെന്ന് വിഷ്ണു പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിഷ്ണു അഗസ്ത്യ.

‘ജെയ്‌സണ്‍ ചേട്ടന്‍ ഒരു ഡിസിഷന്‍ മേക്കറായിരുന്നു. ഒരുപാട് ആളുകള്‍ക്ക് ബഹുമാനം ഉള്ള അപകടകാരിയായ കഥാപാത്രമായിരുന്നു ജെയ്‌സണ്‍ ചേട്ടന്‍. അദ്ദേഹത്തിന്റെ ഗര്‍വിലും ഓറയിലും സ്വാധീനത്തിലും സന്തോഷത്തോടെയും നടക്കുന്ന, ചേട്ടനെന്ന് പറഞ്ഞാല്‍ അഭിമാനം കൊള്ളുന്ന, ചേട്ടന്റെ ഗെത്തില്‍ നടന്ന അനിയനാണ് പോള്‍സണ്‍.

പിന്നെ ഒരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ നായകന്മാര്‍ ജെയ്‌സന്റെ കാല് തല്ലിയൊടിക്കുകയും പിന്നീട് അയാള്‍ സെറ്റില്‍മെന്റിന് തയാറാവുകയും ചെയ്യുന്നുണ്ട്. അത് പോള്‍സണെ ട്രിഗര്‍ ചെയ്യുകയും അയാള്‍ ഡൗണാവുകയും ചെയ്യുകയാണ്. ഹീറോ ആയി കണ്ടിരുന്ന ആള്‍ ഒരു ഘട്ടത്തില്‍ പൈസയുടെ പേരിലോ മറ്റെന്തിന്റെയെങ്കിലുമോ പേരിലോ സെറ്റിലായി.

പിന്നീട് പോള്‍സണ്‍ എവിടെയെങ്കിലും ചെല്ലുമ്പോള്‍ ആളുകള്‍ അപമാനിച്ചിട്ടുണ്ടാവാം. ജെയ്‌സണ്‍ ചേട്ടായീടെ അനിയന്‍ എന്ന് പറയുന്നിടത്തുനിന്നും ഞൊണ്ടി ജെയ്‌സന്റെ അനിയന്‍ എന്ന് വിളിച്ചിട്ടുണ്ടാവാം. ഇതൊക്കെ കഥാപാത്രത്തെ പറ്റി സംസാരിക്കുമ്പോള്‍ നഹാസ് എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഉള്ളിലെ വെറുപ്പും പ്രതികാരവും തിന്നുതിന്നു ജെയ്‌സണ്‍ ഇങ്ങനെയായി,’ വിഷ്ണു പറഞ്ഞു.

Content Highlight: Vishnu Agusthya about his character in RDX