Entertainment news
ആ സിനിമയില്‍ മോഹന്‍ലാല്‍ ഉപയോഗിച്ചത് രണ്ട് കോടി രൂപ വിലയുള്ള ഒറിജിനല്‍ വാച്ച്: സുജിത്ത് സുധാകരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 07, 07:28 am
Friday, 7th March 2025, 12:58 pm

പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടെ തിരക്കഥയില്‍ 2022ല്‍ പുറത്തിറങ്ങിയ സിനിമയാണ് ബ്രോ ഡാഡി. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവരെ കൂടാതെ ലാലു അലക്‌സ്, മീന, കല്യാണി പ്രിയദര്‍ശന്‍, കനിഹ, ജഗദീഷ്, മല്ലിക സുകുമാരന്‍, സൗബിന്‍ ഷാഹിര്‍, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് ബ്രോ ഡാഡിയില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ ജോണ്‍ കാറ്റാടി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ജോണിന്റെ മകന്‍ ഈശോ എന്ന കഥാപാത്രമാണ് പൃഥ്വിരാജ് ചെയ്തത്.

ഇപ്പോള്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിച്ചിരിക്കുന്ന വാച്ചിന്റെ പ്രത്യേകതയും വിലയും പറയുകയാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനര്‍ സുജിത്ത് സുധാകരന്‍. കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് സുജിത്ത് ഇക്കാര്യം വ്യക്തമാക്കിയത്. അതിനോടൊപ്പം തന്നെ എമ്പുരാന്‍ എന്ന സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന കൂളിങ് ഗ്ലാസിനെപ്പറ്റിയും സുജിത്ത് പറയുന്നുണ്ട്.

സിനിമകളിലാണ് വാച്ചുകളുടെയും ഗ്ലാസുകളുടെയും കോപ്പികള്‍ ഏറ്റവുമധികം ഉപയോഗിക്കുന്നതെന്നും ബ്രോ ഡാഡി എന്ന ചിത്രത്തില്‍ മോഹന്‍ലാലിന് വേണ്ടി റിച്ച് അഡ്മിന്‍ എന്ന വാച്ചിന്റെ കോപ്പി വാങ്ങിയപ്പോള്‍ അതിന്റെ ഒറിജിനല്‍ മോഹന്‍ലാലിന്റെ കയ്യിലുണ്ടായിരുന്നു എന്നുമാണ് സുജിത്ത് പറയുന്നത്. സിനിമയില്‍ ആ ഒറിജിനല്‍ വാച്ച് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നതെന്നും സുജിത്ത് വ്യക്തമാക്കുന്നു.

അതിനോടൊപ്പം തന്നെ എമ്പുരാന്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന് വേണ്ടി ഉപയോഗിക്കുന്ന കൂളിങ് ഗ്ലാസിന് ഏകദേശം രണ്ട് ലക്ഷത്തോളം രൂപ വരുമെന്നും അത് ആ സിനിമയുടെ ആവശ്യമാണെന്നും സുജിത്ത് കൂട്ടിച്ചേര്‍ക്കുന്നു.

‘സിനിമയിലാണ് ഏറ്റവും കൂടുതല്‍ കോപ്പി ഉപയോഗിക്കുന്നത്, ബ്രോ ഡാഡിയില്‍ ഉപയോഗിക്കുന്ന റിച്ച് അഡ്മിന്‍ എന്ന വാച്ചിന് ഏകദേശം രണ്ട് കോടിയോളം രൂപ വരും. ഞാന്‍ അതിന്റെ ഫസ്റ്റ് കോപ്പി വാങ്ങി, എന്നാല്‍ ലാല്‍ സാറിന്റെ കയ്യില്‍ ഒര്‍ജിനലുണ്ട്. അതാണ് സിനിമയില്‍ ഉപയോഗിച്ചത്. എമ്പുരാനില്‍ രണ്ട് ലക്ഷത്തോളം രൂപ വരുന്ന ഗ്ലാസ് വാങ്ങിയിട്ടുണ്ട്. അത് ആ സിനിമയ്ക്ക് ആവശ്യമായിരുന്നു,’ സുജിത്ത് സുധാകരന്‍ പറഞ്ഞു.

content highlights: The costume designer talks about the watch Mohanlal used in Bro Daddy