ന്യൂദല്‍ഹി: ദല്‍ഹിയിലെ തുഗ്ലക് ലൈനിന്റെ പേര് മാറ്റി നെയിംബോര്‍ഡുകള്‍ സ്ഥാപിച്ച് ബി.ജെ.പി. തുഗ്ലക് ലൈന്‍ ‘സ്വാമി വിവേകാനന്ദ മാര്‍ഗ്’ എന്നാക്കി മാറ്റിയാണ് ബി.ജെ.പി നേതാക്കള്‍ നെയിംബോര്‍ഡുകള്‍ സ്ഥാപിച്ചത്.
ഉന്നത ഉദ്യോഗസ്ഥരും മുതിര്‍ന്ന ബി.ജെ.പി നേതാക്കളും അവരുടെ വസതികളിലും കെട്ടിടങ്ങളിലും സ്ഥലത്തിന്റെ പേരുമാറ്റിക്കൊണ്ട് നെയിംബോര്‍ഡുകള്‍ സ്ഥാപിക്കുകയായിരുന്നു. നെയിംബോഡില്‍ വലിയ അക്ഷരത്തില്‍ മുകളിലായി സ്വാമി വിവേകാനന്ദ മാര്‍ഗ് എന്നും താഴെ ചെറിയ അക്ഷരത്തില്‍ തുഗ്ലക് ലൈനെന്നും എഴുതിയിട്ടുണ്ട്.
രാജ്യസഭാ എം.പി ദിനേശ് ശര്‍മ, ഫരീദാബാദ് എം.പി കൃഷല്‍ പാല്‍ ഗുര്‍ജാന്‍, വൈസ് അഡ്മിറല്‍ കിരണ്‍ ദേശ്മുഖ് എന്നിവരും നെയിംബോര്‍ഡുകള്‍ സ്ഥാപിച്ച ബി.ജെ.പി നേതാക്കളില്‍ ഉള്‍പ്പെടുന്നു.
‘ഞാന്‍ ഒറ്റയ്ക്ക് സ്വീകരിച്ച തീരുമാനമല്ല ഇത്. ഈ ആവശ്യം നേരത്തെ ഉന്നയിക്കപ്പെട്ടിരുന്നതാണ്. തുഗ്ലക് ഒരു വിഡ്ഢിയും ഭ്രാന്തനുമായ ഭരണാധികാരിയായിരുന്നു.
ഇന്ത്യയിലുണ്ടായിരുന്ന ഹിന്ദുക്കളല്ലാത്ത ഭരണാധികാരികള്‍ എല്ലാം കുഴപ്പക്കാരാണെന്നല്ല പറയുന്നത്. എന്നാല്‍ തുഗ്ലക്കിന്റെ കാര്യം അങ്ങനെയല്ല. എന്റെ അഭിപ്രായത്തില്‍ തുഗ്ലക് ലൈന്‍ എന്നത് ഔദ്യോഗികമായി പുനര്‍നാമകരണം ചെയ്യണം,’ ദിനേശ് വര്‍മ പ്രതികരിച്ചതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.
മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാം ആസാദ്, അബ്ദുല്‍ ഹമീദ് എന്നിവരെ ബഹുമാനിക്കണമെന്നും എം.പി പറഞ്ഞു. അതേസമയം ബി.ജെ.പി നേതാക്കളുടെ വീടുകളിലും ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലുമാണ് പുതിയ നെയിംബോര്‍ഡുകള്‍ സ്ഥാപിച്ചത്. എന്നാൽ സ്ഥലത്തിന്റെ പേര് മാറ്റിയതായി ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടില്ല.
നേരത്തെ ആര്‍.കെ. പുരത്ത് നിന്നുള്ള എം.എല്‍.എ അനില്‍ ശര്‍മ, മണ്ഡലത്തിലെ ഒരു ഗ്രാമത്തിന്റെ പേര് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. മുഹമ്മദ്പൂര്‍ എന്ന ഗ്രാമം മാധവപുരം എന്ന് പുനര്‍നാമകരണം ചെയ്യണമെന്നാണ് അനില്‍ ശര്‍മ ആവശ്യപ്പെട്ടത്.
2025 ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മുസ്തഫാബാദിന്റെ പേര് മാറ്റുമെന്ന് പ്രഖ്യാപിച്ച് ബി.ജെ.പി എം.എല്‍.എയായ മോഹന്‍ സിങ് ബിഷ്തും രംഗത്തെത്തിയിരുന്നു. ദല്‍ഹിയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മുസ്തഫാബാദിന്റെ പേര് ‘ശിവ് പുരി’ അല്ലെങ്കില്‍ ‘ശിവ് വിഹാര്‍’ എന്നാക്കി മാറ്റുമെന്നാണ് മോഹന്‍ സിങ് പ്രഖ്യാപിച്ചത്.
മുസ്തഫ എന്ന പേര് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. അത് മാറ്റണമെന്നാണ് എം.എല്‍.എ പറഞ്ഞത്. മുസ്തഫാബാദ് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് മോഹന്‍ സിങ് ബിഷ്ത്.
കൂടാതെ ദല്‍ഹിയിലെ നജഫ്ഗഡിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.എല്‍.എ നീലം പഹല്‍വാനും രംഗത്തെത്തിയിരുന്നു. നജഫ്ഗഡിനെ ‘നഹര്‍ഗഡ്’ എന്ന് പുനര്‍നാമകരണം ചെയ്യണമെന്നാണ് എം.എല്‍.എ ആവശ്യപ്പെട്ടത്.
മുഗള്‍ ഭരണാധികാരിയായ ഔറംഗസേബാണ് നഹര്‍ഗഡിനെ നജഫ്ഗഡാക്കി മാറ്റിയതെന്നും ബി.ജെ.പി എം.എല്‍.എ ആരോച്ചിരുന്നു. നജഫ്ഗഡ് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ കൂടിയാണ് നീലം.
Content Highlight: BJP installs name boards on Tughlaq Line in Delhi with ‘Swami Vivekananda Marg’ written on them