national news
തമിഴില്‍ മെഡിക്കല്‍, എഞ്ചിനീയറിങ് പരീക്ഷകള്‍ ആരംഭിക്കൂ; സ്റ്റാലിനെ പരിഹസിച്ച് അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 07, 07:58 am
Friday, 7th March 2025, 1:28 pm

ചെന്നൈ: ദേശീയ വിദ്യാഭ്യാസ നയപ്രകാരം തമിഴ്‌നാട്ടില്‍ മൂന്നാം ഭാഷയായി ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കിടെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിയുമമെങ്കില്‍ സംസ്ഥാനത്ത് തമിഴില്‍ എഞ്ചിനീയറിങ്, മെഡിക്കല്‍ പരീക്ഷകള്‍ ആരംഭിക്കാന്‍ ആവശ്യപ്പെട്ടാണ് അമിത് ഷായുടെ പരിഹാസം.

ഒരു എല്‍.കെ.ജി വിദ്യാര്‍ത്ഥി പി.എച്ച.ഡി ഹോള്‍ഡര്‍ക്ക് പ്രഭാഷണം നടത്തുന്നത് പോലെയാണ് എന്‍.ഇ.പി എന്ന് സ്റ്റാലിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിന്നാലെയാണ് അമിത് ഷായുടെ വിമര്‍ശനം. റാണിപേട്ടിലെ തക്കോലത്ത് നടന്ന സി.ഐ.എസ്.എഫിന്റെ 56ാമത് സ്ഥാപക ദിനത്തില്‍ സംസാരിക്കവേയാണ് അമിത് ഷായുടെ പരാമര്‍ശം.

ഭാഷാ വിഷയത്തില്‍ മോദി സര്‍ക്കാര്‍ അനുയോജ്യമായ മാറ്റങ്ങള്‍ കൊണ്ടുവരുത്തിയിട്ടുണ്ടെന്നും ഇപ്പോള്‍ സി.ഐ.എസ്.എഫ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അതത് പ്രാദേശിക ഭാഷകളില്‍ പരീക്ഷ എഴുതാനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

അതുപോലെ മെഡിക്കല്‍, എഞ്ചിനീയറിങ് പരീക്ഷകള്‍ തമിഴില്‍ എഴുതാനുള്ള അവസരം നിങ്ങള്‍ വേഗത്തില്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയെ ഉദ്ധരിച്ച് അമിത് ഷാ പറഞ്ഞു.

മൂന്നാം ഭാഷയായി ഹിന്ദി കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ നേരത്തേ പ്രശ്‌നങ്ങളുയര്‍ന്നിരുന്നു. തമിഴ്‌നാടിനെ രണ്ടാം തരക്കാരായാണ് കേന്ദ്രം കാണുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞിരുന്നു.

ഒരിക്കലും അംഗീകരിക്കാനാവാത്ത വിഷമാണ് ദേശീയ വിദ്യാഭ്യാസ നയമെന്നും ദേശീയ വിദ്യാഭ്യാസ നയം ഹിന്ദിയെ പ്രോത്സാഹിപ്പിക്കാനുള്ള ഉപകരണമാണെന്നും അല്ലാതെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടിയുള്ളതല്ലെന്നും സ്റ്റാലിന്‍ പറഞ്ഞിരുന്നു.

Content Highlight: Start medical and engineering exams in Tamil; Amit Shah mocks Stalin