Entertainment
ദൈവത്തിന്റെ പുത്രനാണ് ഇളയരാജ സാര്‍, അദ്ദേഹത്തെ അവന്‍ ഇവന്‍ എന്നൊക്കെ വിളിക്കാന്‍ ആ സംവിധായകന്‍ ആരാണ്?: വിശാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 28, 04:38 pm
Tuesday, 28th January 2025, 10:08 pm

സിനിമക്ക് പുറത്ത് പല കാര്യങ്ങളിലും തന്റെ പ്രസ്താവനകള്‍ കൊണ്ട് ശ്രദ്ധേയനായകുന്ന നടനാണ് വിശാല്‍. സംവിധായകനും നടനുമായ മിഷ്‌കിനെക്കുറിച്ച് വിശാല്‍ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. അടുത്തിടെ ഒരു വേദിയില്‍ മിഷ്‌കന്‍ സംഗീതസംവിധായകന്‍ ഇളയരാജയെ അവന്‍, ഇവന്‍ എന്നീ വാക്കുകള്‍ ഉപയോഗിച്ച് അഭിസംബോധന ചെയ്തിരുന്നു. ഇതില്‍ പ്രതികരിക്കുകയാണ് വിശാല്‍.

സ്റ്റേജ് സംസ്‌കാരം എന്നൊരു കാര്യമുണ്ടെന്നും അതിനെപ്പറ്റി ബോധമില്ലാതെ പലരും വായില്‍ തോന്നിയത് വിളിച്ചുപറയാറുണ്ടെന്നും വിശാല്‍ പറഞ്ഞു. അത്തരം ആളുകളെ പറഞ്ഞു മനസിലാക്കാന്‍ കഴിയില്ലെന്നും അവര്‍ പറയുന്ന തെറ്റ് പലപ്പോഴും അവര്‍ക്ക് തന്നെ മനസിലാകാറില്ലെന്നും വിശാല്‍ കൂട്ടിച്ചേര്‍ത്തു. ഇളയരാജയെപ്പോലെ ഇതിഹാസതുല്യനായ ഒരാള്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം കൊടുക്കണമെന്ന് വിശാല്‍ പറഞ്ഞു.

ദൈവത്തിന്റെ പുത്രനാണ് ഇളയരാജയെന്നും അദ്ദേഹത്തെ ‘അവന്‍, ഇവന്‍’ എന്നൊക്കെ അഭിസംബോധന ചെയ്യാന്‍ ആ സംവിധായകന്‍ ആരാണെന്നും വിശാല്‍ ചോദിച്ചു. ഇളയരാജയുടെ പാട്ടുകള്‍ പലരുടെയും ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും തമിഴ്‌നാട്ടില്‍ അദ്ദേഹത്തിനുള്ള സ്ഥാനം വളരെ വലുതാണെന്നും വിശാല്‍ പറഞ്ഞു.

 

അദ്ദേഹത്തിന്റെ കുടംബവുമായി വളരെ അടുത്ത ബന്ധമാണ് തനിക്ക് ഉള്ളതെന്നും വിശാല്‍ കൂട്ടിച്ചേര്‍ത്തു. യുവന്‍ ശങ്കര്‍ രാജയും കാര്‍ത്തിക് രാജയും തന്റെ അടുത്ത സുഹൃത്തുക്കളാണെന്നും ഭവതരിണിയുമായി നല്ല ബന്ധമായിരുന്നു ഉള്ളതെന്നും വിശാല്‍ പറഞ്ഞു. അത്തരത്തില്‍ തന്റെ കുടംബത്തെപ്പോലെ കാണുന്ന ഒരാളെപ്പറ്റി അങ്ങനെ പരാമര്‍ശം നടത്തിയ ആ സംവിധായകനെതിരെ തന്റെ പ്രതിഷേധമറിയിക്കുന്നെന്നും വിശാല്‍ കൂട്ടിച്ചേര്‍ത്തു. മിഷ്‌കിന്റെ പേരെടുത്തു പറയാതെയായിരുന്നു വിശാലിന്റെ പരാമര്‍ശം.

‘ഇതില്‍ പ്രത്യേകിച്ച് പറയാനായി ഒന്നുമില്ല. ചില സമയം വായില്‍ തോന്നിയത് വിളിച്ചുപറഞ്ഞിട്ട് പിന്നീട് അതില്‍ ഖേദം പ്രകടിപ്പിച്ചിട്ട് കാര്യമില്ല. സ്റ്റേജ് സംസ്‌കാരം എന്നൊരു കാര്യമുണ്ട്. അത് പാലിക്കാന്‍ പറ്റാത്തവര്‍ മാത്രമാണ് ഇതുപോലെ വായില്‍ തോന്നിയത് വിളിച്ചു പറയുന്നത്. എന്താണ് പറയുന്നതെന്ന് അവര്‍ക്ക് പോലും ബോധ്യമുണ്ടാകില്ല.

ഇളയരാജ സാര്‍ ദൈവപുത്രനെപ്പോലെയാണ്. അദ്ദേഹത്തെ ഒരു സ്‌റ്റേജില്‍ ‘അവന്‍, ഇവന്‍’ എന്നൊക്കെ അഭിസംബോധന ചെയ്യുന്നത് വളരെ മോശമാണ്. തമിഴ്‌നാട്ടില്‍ ഇളയരാജ സാറിനുള്ള സ്വാധീനം അയാള്‍ക്ക് അറിയില്ലെന്ന് തോന്നുന്നു. ഒരുപാട് പേരെ ഡിപ്രഷനില്‍ നിന്ന് പുറത്തുകൊണ്ടുവരാന്‍ അദ്ദേഹത്തിന്റ സംഗീതത്തിന് സാധിച്ചിട്ടുണ്ട്. ഇതൊന്നും അയാള്‍ക്ക് അറിയില്ല.

എനിക്ക് ഇളയരാജ സാറുമായി അടുപ്പമില്ലെങ്കിലും അദ്ദേഹത്തിന്റെ കുടുംബവുമായി നല്ല വ്യക്തിബന്ധമുണ്ട്. യുവന്‍ ആയാലും കാര്‍ത്തിക് രാജ ആയാലും എന്റെ നല്ല സുഹൃത്തുക്കളാണ് അവര്‍. ഭവതരിണിയുമായും നല്ല ബന്ധമാണ് ഉള്ളത്. അങ്ങനയുള്ളപ്പോള്‍ ഇളയരാജ സാറിനെപ്പറ്റി പറഞ്ഞത് എന്റെ കുടുംബത്തിലെ ഒരാളെപ്പറ്റി പറഞ്ഞതുപോലെയാണ് തോന്നിയത്,’ വിശാല്‍ പറഞ്ഞു.

നേരത്തെ തുപ്പരിവാലന്‍ 2 എന്ന ചിത്രവുമായി ബന്ധപ്പെട്ട് വിശാലും മിഷ്‌കിനും തമ്മിലുള്ള വിവാദം മാധ്യമശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിനിടയില്‍ മിഷ്‌കിനും വിശാലും തമ്മില്‍ വഴക്കാകുകയും മിഷ്‌കിന്‍ ചിത്രത്തില്‍ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. പിന്നീട് ചിത്രത്തിന്റെ സംവിധാനം വിശാല്‍ ഏറ്റെടുത്തെങ്കിലും നാല് വര്‍ഷമായി ചിത്രം പെട്ടിയില്‍ കിടക്കുകയാണ്.

Content Highlight: Vishal replied to the statement of Mysskin against Ilaiyaraja