ഹൃദയത്തിലെ സോംഗ് റിലീസിന് എന്തുകൊണ്ട് ആ തീയ്യതി തന്നെ തെരഞ്ഞടുത്തു; തുറന്ന് പറഞ്ഞ് വിശാഖ് സുബ്രഹ്മണ്യം
Entertainment
ഹൃദയത്തിലെ സോംഗ് റിലീസിന് എന്തുകൊണ്ട് ആ തീയ്യതി തന്നെ തെരഞ്ഞടുത്തു; തുറന്ന് പറഞ്ഞ് വിശാഖ് സുബ്രഹ്മണ്യം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 3rd October 2021, 4:06 pm

പ്രണവ് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ക്യാംപസ് ചിത്രമാണ് ഹൃദയം. മേരിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിനീത് ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഒക്ടോബര്‍ 25ന് ചിത്രത്തിലെ ആദ്യ ഗാനം പുറത്ത് വരികയാണ്. എന്തു കൊണ്ടാണ് സോംഗ് റിലീസിന് ആ തീയ്യതി തെരഞ്ഞെടുത്തിരിക്കുന്നത് എന്ന കാര്യം തുറന്നു പറയുകയാണ് സിനിമയുടെ നിര്‍മാതാവായ വിശാഖ് സുബ്രഹ്മണ്യം.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലാണ് വിശാഖ് ഇക്കാര്യം പറയുന്നത്.

‘വര്‍ഷങ്ങളായി തിയേറ്റര്‍ ബിസിനസ് നടത്തുന്ന ഒരു കുടുംബത്തിലെ അംഗം എന്ന നിലയില്‍, അടച്ചിട്ട തിയേറ്ററുകള്‍ എപ്പോള്‍ തുറക്കാനാവുമെന്നറിയാതെ മാസങ്ങളോളം ഇരുള്‍ മൂടിയ അവസ്ഥയിലായിരുന്നു ഞാന്‍.

പ്രതീക്ഷയുടെ ഒരു തിരി വെളിച്ചത്തിനായി കാത്തിരിക്കാത്ത നാളുകളില്ല. വിസിലടിയും, ആരവങ്ങളും, കൈകൊട്ടും, ബെല്‍ ശബ്ദവും, പ്രേക്ഷകരുടെ നീണ്ട നിരയും, ടിക്കറ്റ് ചോദിച്ചുള്ള വിളികളുമൊന്നുമില്ലാതെ ശ്മശാന മൂകതയില്‍ തിയേറ്റര്‍ ഓഫീസിനകത്തിരുന്ന്, പ്രതീക്ഷയറ്റുതുടങ്ങിയ സമയത്താണ് ഈ വാര്‍ത്ത എന്നെത്തേടിവന്നത്.

ഒക്ടോബര്‍ 25 ഞങ്ങളുടെ ദിവസമാണ്. തിയേറ്റര്‍ ബിസിനസുമായി ബന്ധപ്പെട്ട 20,000ത്തോളം ആളുകള്‍ കാത്തിരുന്ന ദിനം. കേരളം മുഴുവന്‍ തിയേറ്ററുകള്‍ തുറക്കുന്ന ഈ ദിനത്തില്‍, തിയേറ്റര്‍ മാത്രം സ്വപ്നം കണ്ടു ഞാന്‍ നിര്‍മിച്ച ഞങ്ങളുടെ ‘ഹൃദയ’ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങും.

ഞങ്ങളുടെ വേള്‍ഡ് വൈഡ് റിലീസ് ഡേറ്റിനായി കാത്തിരിക്കുക. നിങ്ങളെല്ലാവരുടെയും സ്‌നേഹവും പ്രാര്‍ത്ഥനയുമാണ് ഞങ്ങളെ മുന്നോട്ടു നയിക്കുന്നത്.

ആഘോഷങ്ങളുടെ, ആര്‍പ്പുവിളികളുടെ, ഹൗസ്ഫുള്‍ ബോര്‍ഡുകളുടെ, സിനിമയോടുള്ള അടങ്ങാത്ത സ്‌നേഹത്തിന്റെ നാളുകള്‍ക്കായി കാത്തിരിക്കാം,’ എന്നാണ് വിശാഖ് കുറിച്ചത്.

പ്രണവ് മോഹന്‍ലാലിനൊപ്പം കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Vishakh Subrahmanyam says why they decided to release the first song of Hridayam on October 25