12 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി രഞ്ജി ട്രോഫിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഇന്ന് (ജനുവരി 31ന്) റെയില്‍വേസിനെതിരായ മത്സരത്തില്‍ ദല്‍ഹിക്ക് വേണ്ടിയാണ് വിരാട് മത്സരിക്കുന്നത്.
നിലവില്‍ മത്സരം നടക്കുമ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ 241 റണ്‍സിന് ഓള്‍ ഔട്ട് ആയ റെയില്‍വേസിനെതിരെ ബാറ്റിങ് തുടങ്ങിയിരിക്കുകയാണ് ദല്‍ഹി. ഒരു വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സാണ് ടീം നേടിയത്. ഓപ്പണര്‍ അപ്രിത് റാണയെയാണ് ദല്‍ഹിക്ക് നഷ്ടമായത്.
എന്നാല്‍ മത്സരത്തില്‍ ഏവരും കാത്തിരിക്കുന്നത് സൂപ്പര്‍ താരം വിരാടിന്റെ തിരിച്ചുവരവിനാണ്. മത്സരത്തില്‍ അഞ്ചാമനായാണ് വിരാട് ഇറങ്ങുന്നത്. വിരാട് കോഹ്‌ലി എത്ര റണ്‍സ് നേടും എന്നതിലല്ല കാര്യമെന്നും വിരാട് തന്റെ ക്രിക്കറ്റ് ആസ്വദിക്കാനും യുവ ക്രിക്കറ്റ് താരങ്ങളുമായി തന്റെ അനുഭവം പങ്കിടുന്നതിലുമാണ് കാര്യമെന്നും പറയുകയാണ് ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്.
‘വിരാട് യുവതാരങ്ങള്‍ക്ക് ഒരു മാതൃകയാണ്, വിരാടിനെ അവര്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്നു. റെയില്‍വെയ്സിനെതിരെ അദ്ദേഹം റണ്‍സ് നേടുന്നുണ്ടോ ഇല്ലയോ എന്നത് വേറെ കാര്യം. അവന്‍ ക്രിക്കറ്റ് ആസ്വദിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,
സമ്മര്‍ദവും പ്രതീക്ഷകളും വിരാട് കോഹ്‌ലിയുടെ നിലവാരമുള്ള ഒരു ക്രിക്കറ്റ് കളിക്കാരനെ മത്സരം ആസ്വദിക്കാന്‍ അനുവദിച്ചേക്കില്ല. വിരാട് കോഹ്‌ലി എങ്ങനെയാണെന്ന് അദ്ദേഹം യുവാക്കളോട് പറയണം, വിരാട് ക്രീസില്‍ ഉറച്ചിരിക്കണം.
പൂജ്യം നേടിയാലും വിരാട് കോഹ്‌ലിയായി തന്നെ തുടരും. ക്രിക്കറ്റ് താരമെന്ന നിലയില്‍ ഒരുപാട് നേട്ടങ്ങള്‍ അവന്‍ നേടിയിട്ടുണ്ട്. ക്രീസില്‍ കയറാന്‍ കഴിഞ്ഞാല്‍ അവന്‍ റണ്‍സ് നേടുമെന്ന് ഉറപ്പാണ്,’ ഹര്‍ഭജന്‍ സിങ് പറഞ്ഞു.
Content Highlight: Virat Kohli Will Play In Fifth Position For Delhi In Ranji Trophy