Sports News
വെറും രണ്ട് റണ്‍സ് കൂടി നേടിയിട്ട് പുറത്തായാല്‍ പോരായിരുന്നോ? ആ നേട്ടം സ്വന്തമാക്കാന്‍ എതിരാളികള്‍ മുന്നൂറടിക്കണം
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 11, 01:45 pm
Tuesday, 11th February 2025, 7:15 pm

ടി-20 പരമ്പരയിലെ ഗംഭീര വിജയത്തിന് പിന്നാലെ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരയിലും ഇന്ത്യ ആധിപത്യം തുടര്‍ന്നിരിക്കുകയാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 2-0ന് ഇന്ത്യ ലീഡ് ചെയ്യുകയാണ്. ഇതോടെ മൂന്നാം മത്സരത്തിന് മുമ്പ് പരമ്പര സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 305 റണ്‍സിന്റെ വിജയലക്ഷ്യം നാല് വിക്കറ്റും 33 പന്തും ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.

മോശം ഫോമില്‍ നിന്നുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തിരിച്ചുവരവുകൂടിയായിരുന്നു കട്ടക്കിലെ ബരാബതി സ്‌റ്റേഡിയത്തില്‍ ആരാധകര്‍ കണ്ടത്. എന്നാല്‍ മത്സരത്തില്‍ വിരാട് കോഹ്‌ലി പാടെ നിരാശപ്പെടുത്തി. എട്ട് പന്തില്‍ അഞ്ച് റണ്‍സ് മാത്രമാണ് വിരാട് കോഹ്‌ലിക്ക് നേടാന്‍ സാധിച്ചത്.

എന്നാല്‍ മത്സരത്തില്‍ വിരാട് ഏഴ് റണ്‍സ് നേടിയിരുന്നെങ്കില്‍ ഒരു ചരിത്ര നേട്ടം താരത്തിന്റെ പേരില്‍ കുറിക്കപ്പെടുമായിരുന്നു. ഏകദിനത്തിലെ സക്‌സസ്ഫുള്‍ 300+ റണ്‍ ചെയ്‌സില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടം വിരാട് കോഹ്‌ലിക്ക് സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നു.

ഏകദിനത്തിലെ സക്‌സസ്ഫുള്‍ 300+ റണ്‍ ചെയ്‌സില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളെ പരിശോധിക്കാം.

(താരം – ടീം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – ഇന്ത്യ – 11 – 998

ജേസണ്‍ റോയ് – ഇംഗ്ലണ്ട് – 10 – 886

രോഹിത് ശര്‍മ – ഇന്ത്യ – 10 – 787

ജോ റൂട്ട് – ഇംഗ്ലണ്ട് – 8 – 603

റോസ് ടെയ്‌ലര്‍ – ന്യൂസിലാന്‍ഡ് – 5 – 528

അതേസമയം, മോശം ഫോമില്‍ തുടരുന്ന വിരാട് കോഹ്‌ലിയുടെ തിരിച്ചുവരവിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അഹമ്മദാബാദിലെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഡെഡ് റബ്ബര്‍ മത്സരത്തില്‍ തിളങ്ങിയാല്‍ പല റെക്കോഡുകള്‍ സ്വന്തമാക്കാനും വിരാട് കോഹ്‌ലിക്ക് സാധിക്കും.

ഏകദിനത്തില്‍ 14,000 റണ്‍സ് എന്ന ലക്ഷ്യമാണ് ഇതില്‍ പ്രധാനം. ഇതിനായി വിരാട് നേടേണ്ടതാകട്ടെ വെറും 89 റണ്‍സും.

നിലവില്‍ 284 ഇന്നിങ്സില്‍ നിന്നും 13,911 റണ്‍സാണ് വിരാടിന്റെ സമ്പാദ്യം. 57.96 എന്ന മികച്ച ശരാശരിയില്‍ സ്‌കോര്‍ ചെയ്യുന്ന താരം 50 സെഞ്ച്വറിയും 72 അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്.

നിലവില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനും റിക്കി പോണ്ടിങ്ങിനും മാത്രം സ്വന്തമായുള്ള റെക്കോഡ് സ്വന്തമാക്കുന്നതോടെ മറ്റൊരു ചരിത്ര നേട്ടത്തിനുള്ള അവസരവും വിരാടിന് മുമ്പിലുണ്ട്.

ഏകദിന കരിയറില്‍ ഏറ്റവും വേഗത്തില്‍ 14,000 റണ്‍സ് നേടുന്ന താരമെന്ന നേട്ടത്തിലേക്കാണ് വിരാട് കണ്ണുവെക്കുന്നത്. ഇനിയുള്ള 65 ഇന്നിങ്സില്‍ നിന്നും 89 റണ്‍സ് നേടാന്‍ സാധിച്ചാല്‍ വിരാടിന് ഈ റെക്കോഡ് സ്വന്തമാക്കാനാകും.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്റെ കരിയറിലെ 350ാം ഇന്നിങ്സിലും പോണ്ടിങ് 378ാം ഇന്നിങ്സിലുമാണ് 14,000 ഏകദിന റണ്‍സ് എന്ന കടമ്പ മറികടന്നത്.

 

Content highlight: Virat Kohli tops the list of most runs in successful run chases of 300+ target in ODIs