ഏകദിന ലോകകപ്പില്‍ നടക്കാന്‍ പോവുന്ന മത്സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടാന്‍ ഒരുങ്ങുകയാണ്. ധര്‍മശാലയില്‍ നടക്കുന്ന മത്സരത്തില്‍ ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി അറിയാത്ത രണ്ട് ടീമുകള്‍ മുഖാമുഖം വരുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്.
ആവേശകരമായ മത്സരത്തിന് മുന്നോടിയായി ന്യൂസിലാന്‍ഡിനെ നേരിടുന്നതിനെ കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടുകള്‍ വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലി.
ന്യൂസിലാന്‍ഡ് ടീമിന് ഘടനാപരമായ ഒരു രീതിയുണ്ടെന്നും അതില്‍ അവര്‍ സ്ഥിരതയുള്ള പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്നുമാണ് കോഹ്‌ലി പറഞ്ഞത്.
‘ന്യൂസിലാന്‍ഡ് വളരെ പ്രൊഫഷണല്‍ ടീമാണ്. അവര്‍ക്ക് ക്രിക്കറ്റ് കളിക്കാന്‍ ഒരു ഘടനാപരമായ രീതിയുണ്ട് അതില്‍ അവര്‍ സ്ഥിരതയോടെ കളിക്കുന്നു. അതുകൊണ്ട് തന്നെ അവര്‍ തുടര്‍ച്ചയായി മത്സരങ്ങള്‍ വിജയിക്കുന്നു,’ കോഹ്‌ലി സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഷോയായ ഫോളോ ദ ബ്ലൂസ് എന്ന പരിപാടിയില്‍ പറഞ്ഞു.
‘ന്യൂസിലാന്‍ഡിനെതിരെ കളിക്കുന്ന ഏതൊരു ടീമും അവരുടെ താളം തെറ്റിക്കുന്നതിനായി മികച്ച കളി പുറത്തെടുക്കണം. അവര്‍ മത്സരങ്ങളില്‍ ഒരുപാട് തെറ്റുകള്‍ വരുത്തുന്ന ഒരു ടീമല്ല. അതാണ് അവരുടെ കരുത്ത്. കഴിഞ്ഞ 6-7 വര്‍ഷങ്ങളില്‍ ന്യൂസിലാന്‍ഡ് ലോക ക്രിക്കറ്റില്‍ മികച്ച കളി പുറത്തെടുക്കുന്നു. 2015, 2019 ലോകകപ്പിലെ ഫൈനലില്‍ അവരെത്തി. ഐ.സി. സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും അവര്‍ ഞങ്ങളെ തോല്‍പ്പിച്ചു,’ കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.
തുടര്‍ച്ചയായ നാലു മത്സരങ്ങള്‍ വിജയിച്ചു കൊണ്ട് സ്വപ്നതുല്യമായ മുന്നേറ്റമാണ് ഇരു ടീമുകളും കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു ടീം ഇന്ന് അവരുടെ അണ്‍ബീറ്റണ്‍ റണ്‍ അവസാനിപ്പിക്കുമെന്ന് ഉറപ്പാണ്.
Content Highlights: Virat kohli talks about Newzealand team performance.