ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകമൊന്നാകെ. ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി-20 ലോകകപ്പില്‍ ഏറ്റുമുട്ടിയതിന് ശേഷം ഇരുവരും മത്സരിക്കാന്‍ ഇറങ്ങുന്ന ആദ്യ മത്സരമാണ് ഇതെന്ന പ്രത്യേകത കൂടി ഈ കളിക്കുണ്ട്.
ലോകകപ്പില്‍ ഇന്ത്യയെ പത്ത് വിക്കറ്റിന് തോല്‍പിക്കാന്‍ പാകിസ്ഥാന് സാധിച്ചിരുന്നു. ആ തോല്‍വിയുടെ ഭാരം കുറക്കാനാണ് ഇത്തവണ ഇന്ത്യ ഇറങ്ങുന്നതെങ്കില്‍ ഇന്ത്യക്കെതിരെ വീണ്ടും ആധിപത്യം സൃഷ്ടിക്കാനാണ് പാക് പട ഇറങ്ങുന്നത്.
ഇന്ത്യ-പാകിസ്ഥാന്‍ മത്സരമെന്ന പ്രത്യേകതക്ക് പുറമെ ഒരുപാട് നാളുകള്‍ക്ക് ശേഷം മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ടീമിലേക്ക് തിരിച്ചെത്തുമെന്ന പ്രത്യേകത കൂടെ ഈ മത്സരത്തിനുണ്ട്. വിരാട് തിരിച്ച് ഫോമിലേക്കെത്തുമോ എന്നുള്ള ആകാംഷയിലാണ് ആരാധകര്‍.
നിലവില്‍ പാകിസ്ഥാനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ ബാറ്റര്‍ വിരാടാണ്. ബാക്കി എല്ലാ തരാങ്ങളും കൂടെ ചേര്‍ന്നെടുത്ത റണ്‍സിനേക്കാള്‍ കൂടുതല്‍ റണ്‍സ് പാകിസ്ഥാനെതിരെ വിരാട് സ്വന്തമാക്കിയിട്ടുണ്ട്. വിരാടിന് തന്റെ പഴയ താളം കണ്ടെത്താന്‍ ഇതിലും മികച്ച ഒരു പ്ലാറ്റ്‌ഫോം ഉണ്ടാകുമെന്ന് ക്രിക്കറ്റ് ലോകം കരുതുന്നില്ല. ട്വന്റി-20 ക്രിക്കറ്റില്‍ വിരാടിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ടീമാണ് പാകിസ്ഥാന്‍.
311 റണ്‍സാണ് വിരാട് പാകിസ്ഥെനതിരെ ഇതുവരെ നേടിയത്. നിലവിലെ ഇന്ത്യന്‍ ടീമില്‍ ബാക്കി എല്ലാവരും ചേര്‍ന്ന് പാകിസ്ഥാനെതിരെ സ്വന്തമാക്കിയത് വെറും 171 റണ്‍സാണ്. ഇതില്‍ നിന്നും തന്നെ പാകിനെതിരെയുള്ള വിരാടിന്റെ മേല്‍കൊയ്മ വ്യക്തമാണ്.
പാകിസ്ഥാനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ ബാറ്ററും വിരാട് തന്നെയാണ്. രണ്ടാം സ്ഥാനത്തുള്ള മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് പാകിനെതിരെ നേടിയത് 155 റണ്‍സാണ്. 139 റണ്‍സുമായി ഗംഭീര്‍ നേടിയത് 139 റണ്‍സാണ്.
ഇന്ത്യ-പാക് പോരാട്ടങ്ങളില്‍ ഒരു ബാറ്റര്‍ സ്വന്താമാക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറും വിരാടിന്റെ 311 റണ്‍സാണ്. രണ്ടാം സ്ഥാനത്ത് 164 റണ്‍സുമായി പാകിസ്ഥാന്റെ ഷോയിബ് മാലിക്കാണ്. മൂന്നാം സ്ഥാനത്ത് മുഹമ്മദ് ഹഫീസും.
പാകിസ്ഥാന്‍ ജേഴ്‌സി കണ്ടാല്‍ എപ്പോഴും മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിരാടിന് ഏഷ്യാ കപ്പിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.