IPL
സഞ്ജുവോ ജെയ്‌സ്വാളോ ജുറെലോ അല്ല; അടുത്ത മത്സരങ്ങളില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുക ഈ രണ്ട് താരങ്ങള്‍: രാജസ്ഥാന്‍ പരിശീലകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
4 days ago
Thursday, 27th March 2025, 5:59 pm

തോല്‍വിയോടെ സീസണ്‍ ആരംഭിച്ച രാജസ്ഥാന്‍ റോയല്‍സ് ഇപ്പോള്‍ രണ്ടാം മത്സരത്തിലും തോല്‍വിയേറ്റുവാങ്ങിയിരിക്കുകയാണ്. സ്വന്തം തട്ടകമായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് രാജസ്ഥാന്‍ പരാജയപ്പെട്ടത്.

രാജസ്ഥാന്‍ ഉയര്‍ത്തിയ 152 റണ്‍സിന്റെ വിജയലക്ഷ്യം എട്ട് വിക്കറ്റും 15 പന്തും ബാക്കി നില്‍ക്കെ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ മറികടക്കുകയായിരുന്നു. ക്വിന്റണ്‍ ഡി കോക്കിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങും ഒപ്പം വരുണ്‍ ചക്രവര്‍ത്തി, മോയിന്‍ അലി അടക്കമുള്ള ബൗളര്‍മാരുടെ പ്രകടനവുമാണ് കൊല്‍ക്കത്തയ്ക്ക് വിജയം സമ്മാനിച്ചത്.

തോല്‍വിക്ക് പിന്നാലെ തങ്ങളുടെ ബൗളര്‍മാരെ പിന്തുണയ്ക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് സ്പിന്‍ ബൗളിങ് കോച്ച് സായ്‌രാജ് ബഹാതുലെ. വരും മത്സരങ്ങളില്‍ ലങ്കന്‍ സ്പിന്‍ ട്വിന്‍സായ വാനിന്ദു ഹസരങ്കയും മഹീഷ് തീക്ഷണയും മികച്ച പ്രകടനം നടത്തുമെന്നാണ് ബഹാതുലെ അഭിപ്രായപ്പെടുന്നത്.

സ്പിന്നിന് അനുകൂലമായ ഗുവാഹത്തിയിലെ പിച്ചില്‍ ഇരു താരങ്ങളും മികച്ച പ്രകടനം നടത്തിയില്ല എന്ന് സമ്മതിച്ച ബഹാതുലെ ഇരുവരും തിരിച്ചുവരുമെന്നും വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പരിശീലകന്‍.

‘ഹസരങ്കയിലും തീക്ഷണയിലും ലോകോത്തര നിലവാരമുള്ള സ്പിന്നര്‍മാരുണ്ട്. ചില സമയങ്ങളില്‍ അവര്‍ക്ക് ആ നിലവാരം പുലര്‍ത്താന്‍ സാധിക്കാറില്ല. ഇന്ന് (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ) അവര്‍ക്ക് കുറച്ചുകൂടി മികച്ച രീതിയില്‍ ലെങ്ത് കണ്ടെത്താന്‍ സാധിച്ചിരുന്നെങ്കില്‍, ഇരുവരിലും നിന്ന് കൂടുതല്‍ പ്രതീക്ഷിക്കാന്‍ സാധിക്കുമായിരുന്നു.

വാനിന്ദു ഹസരങ്ക

 

അവര്‍ ഗെയ്മിലേക്ക് പ്രവേശിച്ചു എന്നാണ് എനിക്ക് തോന്നുന്നത്. അതിനാല്‍ വരും മത്സരങ്ങളില്‍ ഇരുവര്‍ക്കും വലിയ തോതിലുള്ള സ്വാധീനം ചെലുത്താന്‍ സാധിക്കും.

മഹീഷ് തീക്ഷണ

ടീമിലെ എല്ലാ സ്പിന്നര്‍മാരിലും, ബൗളര്‍മാരിലും എനിക്ക് വിശ്വാസമുണ്ട്. ഇത് ഒരു യുവ ടീമാണെന്ന് വീണ്ടും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഈ ടീം ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. അവര്‍ ഓരോ മത്സരത്തിനുമായി കാത്തിരിക്കുകയാണ്. വരും മത്സരങ്ങളില്‍ അവര്‍ മികച്ച പ്രകടനം നടത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ ബഹാതുലെ പറഞ്ഞു.

ബാറ്റിങ്ങിലെ മോശം പ്രകടനമാണ് കൊല്‍ക്കത്തയ്‌ക്കെതിരെ പരാജയത്തിന് കാരണമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടോട്ടലിലേക്ക് 20 റണ്‍സ് കൂടി ചേര്‍ക്കാന്‍ സാധിച്ചിരുന്നെങ്കില്‍ നൈറ്റ് റൈഡേഴ്‌സിന് മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്താന്‍ സാധിക്കുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് 30നാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ഇതേ വേദിയില്‍ നടക്കുന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് എതിരാളികള്‍.

സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ അഡ്വാന്റേജ് ചെന്നൈയ്ക്കായിരിക്കും. ആര്‍. അശ്വിന്‍ – രവീന്ദ്ര ജഡേജ ഡിസ്ട്രക്ടീവ് ഡുവോയ്‌ക്കൊപ്പം നൂര്‍ അഹമ്മദും ചേരുമ്പോള്‍ ടീം കൂടുതല്‍ ശക്തമാകും. ഇതിനൊപ്പം രചിന്‍ രവീന്ദ്രയടക്കമുള്ള പാര്‍ട് ടൈം സ്പിന്നര്‍മാരുടെ സേവനവും ടീമിന് തുണയാകും.

 

Content Highlight: IPL 2025: Rajasthan Royals’ spin coach says Wanindu Hasaranga and Maheesh Theekshana will have an impact very soon