കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലിലെ ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പിന് തറക്കല്ലിട്ടു. 402 കുടുംബങ്ങള്‍ക്കാണ് ടൗണ്‍ഷിപ്പില്‍ വീടുകളൊരുങ്ങുന്നത്.
ഏഴ് സെന്റ് ഭൂമിയില്‍ 1000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് വീടുകള്‍ നിര്‍മിക്കുക. ഒരു വര്‍ഷത്തിനുള്ളില്‍ വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. ആരോഗ്യകേന്ദ്രങ്ങള്‍, അംഗനവാടി, പൊതുമാര്‍ക്കറ്റ്, കമ്യൂണിറ്റി സെന്റര്‍, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ലൈബ്രറി എന്നീ സ്ഥാപനങ്ങള്‍ ടൗണ്‍ഷിപ്പിലുണ്ടാകും.
നമ്മുടെ നാടിന്റെ ഒരുമയുടെ കരുത്താണ് ഈ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന് മാതൃകാ ടൗണ്‍ഷിപ്പിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ജനങ്ങളുടെയാകെ സ്‌നേഹനിര്‍ഭരമായ സഹകരണം, യോജിപ്പ് എന്നിവയിലൂടെ അസാധ്യമായത് എന്തും സാധ്യമാക്കാന്‍ കഴിയുമെന്ന അനുഭവമാണ് വയനാട് ടൗണ്‍ഷിപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ മുഖേന ടൗണ്‍ഷിപ്പിന്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ടൗണ്‍ഷിപ്പ് പദ്ധതിയുടെ വിശദാംശങ്ങളും സ്‌പോണ്‍സര്‍ഷിപ്പിന് അവസരവുമുള്ള പോര്‍ട്ടലിന്റെ ലോഞ്ചിങ്ങും മുഖ്യമന്ത്രി നിര്‍വഹിച്ചു. പോര്‍ട്ടലിലൂടെ പുനരധിവാസ പദ്ധതിയില്‍ പൊതുജനങ്ങള്‍ക്ക് കൂടെ പങ്കാളികളാകാന്‍ സാധിക്കും.
കണ്ണീരോടെ അല്ലാതെ ജൂലൈ 30നെ ഓര്‍ക്കാന്‍ സാധിക്കില്ലെന്നും ഈ ദുരന്തം അതിവേഗത്തില്‍ എല്ലാവരെയും യോജിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം എടുത്തുപറയേണ്ട കാര്യമാണെന്നും നാട്ടുകാരുടേയും സംഘടനകളുടേയും രക്ഷാപ്രവര്‍ത്തനം മികച്ച മാതൃകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തമുഖത്ത് പുനരധിവാസത്തിന് വലിയ സ്രോതസായി പ്രതീക്ഷിച്ചത് കേന്ദ്ര സഹായമായിരുന്നുവെന്നും എന്നാല്‍ ഇതുവരെ ഒന്നും ലഭിച്ചില്ലെന്നും മുഖ്യമന്ത്രി ചടങ്ങില്‍ ചൂണ്ടിക്കാട്ടി. കിട്ടിയത് വായ്പ ആയതിനാല്‍ തിരിച്ചടക്കേണ്ടതാണല്ലോ എന്നും അദ്ദേഹം ചോദിച്ചു.
ഇനി എന്താണ് ലഭിക്കുക എന്ന് മുന്‍ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പ്രതീക്ഷിക്കാനും കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതി ഏറ്റെടുത്തത് ഏറ്റവും വലിയ സാമ്പത്തിക ഞെരുക്കത്തിനിടയിലാണ്. പക്ഷേ അത് ബാധകമാകാത്ത വിധം മുന്നോട്ട് പോകാനായി എങ്ങനെ ഇതൊക്കെ സാധ്യമായി എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേയുള്ളു ‘നമ്മുടെ നാടിന്റെ മനുഷ്യത്വം’ അതാണ് അസാധ്യമായത് സാധ്യമാക്കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ടൗണ്‍ഷിപ്പ് യാഥാര്‍ത്ഥ്യമാകുന്ന ഈ ഘട്ടത്തില്‍ ആരോടൊക്കെ നന്ദി പറയണമെന്ന് തനിക്ക് എനിക്ക് അറിയില്ല. പട്ടിണിക്കാര്‍ മുതല്‍ പ്രവാസികള്‍ വരെ ദുരന്തസമയത്ത് ഒന്നിച്ചു നിന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂട്ടിവെച്ച ചില്ലറനാണയങ്ങള്‍ തന്ന കുട്ടികള്‍, വ്യാപാരികള്‍, അങ്ങനെ ഉള്ളവരോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്നും ഈ നിമിഷം വൈകാരികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ ഒപ്പം നില്‍ക്കുമെങ്കില്‍ ഏതൊരു വെല്ലുവിളിയും മറികടക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിച്ച ജീവനക്കാരെയും മുഖ്യമന്ത്രി പ്രശംസിച്ചു. എല്ലാ ആധുനിക സംവിധാനങ്ങളെയും സര്‍ക്കാര്‍ ആശ്രയിച്ചുവെന്നും ദുരന്തസമയത്ത് സര്‍ക്കാരിന്റെ ആസ്ഥാനം തന്നെ വയനാട്ടിലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
2024 ജൂലൈ 30ന് പുലര്‍ച്ചെയോടെ മുണ്ടക്കൈ-ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ 298 പേരാണ് മരിച്ചത്. ദുരന്തത്തില്‍ അകപ്പെട്ട ആളുകളെ ഇനിയും കണ്ടെത്താനുണ്ട്.
Content Highlight: Chief Minister pinarayi vijayan lays foundation stone for Wayanad Township