Sports News
തുടക്കത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ചാല്‍ പ്ലേ ഓഫിന് യോഗ്യത നേടും, അവരെ ആര്‍ക്കും തടയാനാവില്ല: ഇര്‍ഫാന്‍ പത്താന്‍
സ്പോര്‍ട്സ് ഡെസ്‌ക്
4 days ago
Thursday, 27th March 2025, 5:23 pm

ഐ.പി.എല്ലിലെ ഏറ്റവും വിജയകരമായ ടീമുകളില്‍ ഒന്നാണ് മുംബൈ ഇന്ത്യന്‍സ്. പതിവ് തെറ്റിക്കാതെ ആദ്യ മത്സരത്തില്‍ തോറ്റാണ് പതിനെട്ടാം സീസണും അഞ്ച് വട്ടം ചാമ്പ്യന്‍മാരായ മുംബൈ തുടങ്ങിയത്. ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെയും ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയെയും കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ഇര്‍ഫാന്‍ പത്താന്‍.

മുംബൈ ഇന്ത്യന്‍സിന് മികച്ച ടീമുണ്ടെന്നും അവര്‍ പതുക്കെയാണ് തുടങ്ങുന്നതെന്നും പത്താന്‍ പറഞ്ഞു. തുടക്കത്തില്‍ അധികം മത്സരങ്ങള്‍ ജയിക്കാറില്ലെങ്കിലും അവര്‍ പതുക്കെ വേഗത കൈവരിക്കുമെന്നും തുടക്കത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ചാല്‍ പ്ലേഓഫിന് യോഗ്യത നേടുന്നതില്‍ നിന്ന് മുംബൈയെ തടയുക വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

‘മുംബൈ ഇന്ത്യന്‍സിന് മികച്ച ടീമുണ്ട്. അവര്‍ പതുക്കെയാണ് തുടങ്ങുന്നത്. തുടക്കത്തില്‍ അവര്‍ അധികം മത്സരങ്ങള്‍ ജയിക്കാറില്ല. പക്ഷേ, പിന്നീട് മുംബൈയുടെ ലോക്കല്‍ ട്രെയിന്‍ വളരെ വേഗത കൈവരിക്കും. അതിനാല്‍, തുടക്കത്തില്‍ അവര്‍ മികച്ച പ്രകടനം കാഴ്ച വെച്ചാല്‍, യോഗ്യത നേടുന്നതില്‍ നിന്ന് അവരെ തടയുക വളരെ ബുദ്ധിമുട്ടായിരിക്കും,’ ഇര്‍ഫാന്‍ പറഞ്ഞു.

മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യയെ കുറിച്ചും ഇര്‍ഫാന്‍ സംസാരിച്ചു.
ടീമിനായി ക്യാപ്റ്റനായുള്ള രണ്ടാം സീസണായതിനാല്‍ അധികം താരത്തിന് അധികം സമ്മര്‍ദമില്ലെന്ന് പത്താന്‍ പറഞ്ഞു. ടി-20 ലോകകപ്പ് നേടിയപ്പോഴും തുടര്‍ന്ന് ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലും മികച്ച പ്രകടനം കാഴ്ച വെച്ചപ്പോഴും ഹര്‍ദിക് കാണിച്ച ആത്മവിശ്വാസം അവന്‍ ഐ.പി.എല്ലിലും കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മുംബൈയ്ക്ക് വേണ്ടിയുള്ള ക്യാപ്റ്റനായുള്ള ഹര്‍ദിക്കിന്റെ രണ്ടാമത്തെ സീസണായതിനാല്‍ അവന്റെ മേല്‍ അത്ര സമ്മര്‍ദമില്ല. ടി20 ലോകകപ്പ് നേടിയപ്പോഴും തുടര്‍ന്ന് ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലും മികച്ച പ്രകടനം കാഴ്ച വെച്ചപ്പോഴും ഹര്‍ദിക് കാണിച്ച ആത്മവിശ്വാസം അവന്‍ ഐ.പി.എല്ലിലും കൊണ്ടുവരും. എല്ലാ നേതാക്കളും മുംബൈയ്ക്കും ഹര്‍ദിക്കിനും പിന്നില്‍ അണിനിരക്കും, അത് ഒരു വലിയ ഘടകമായിരിക്കും,’ പത്താന്‍ പറഞ്ഞു.

കഴിഞ്ഞ സീസണിലെ ഒരു മത്സരത്തിലെ വിലക്ക് കാരണം ചെന്നൈ സൂപ്പര്‍ കിങ്സുമായുള്ള ആദ്യ മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഹര്‍ദിക്കിനെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവാണ് മുംബൈയെ നയിച്ചിരുന്നത്. എല്‍ ക്ലാസിക്കോയില്‍ മുംബൈ നാല് വിക്കറ്റിന് പരാജപ്പെട്ടിരുന്നു. മാര്‍ച്ച് 29ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം.

Content Highlight: IPL 2025: Former Indian Cricketer Irfan Pathan Talks About Mumbai Indians And Hardik Pandya