വിരാട് കോഹ്‌ലിക്ക് അര്‍ഹിച്ച പരിഗണന നല്‍കാത്തതില്‍ ബി.സി.സി.ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ താരം സല്‍മാന്‍ ഭട്ട്. കോഹ്‌ലിയെ ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നടക്കം മാറ്റിയ സാഹചര്യത്തിലാണ് സല്‍മാന്റെ പ്രതികരണം.
വളര്‍ന്നു വരുന്ന ക്രിക്കറ്റ് തലമുറയ്ക്ക് ബി.സി.സി.ഐ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ഭട്ട് പറഞ്ഞു. കോഹ്‌ലിയുടെ ഫോമില്ലായ്മയെ പിന്തുണയ്ക്കുന്നതുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘എന്ത് സന്ദേശമാണ് വരും തലമുറയ്ക്ക് ബി.സി.സി.ഐ നല്‍കുന്നത്. വിരാട് ടീമിന് വേണ്ടി 70 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ടീമിലെ മറ്റൊരു താരത്തിനും 70 സെഞ്ച്വറികളില്ല. തന്റെ 30ാം വയസില്‍ വിരാടായിലുന്നു ലോകത്തിലെ ഏറ്റവും മികച്ച ബാറ്റര്‍. അക്കാലത്ത് അദ്ദേഹം ഒരിക്കല്‍ പോലും ഡക്കായിട്ടില്ല, ഫോം ഔട്ട് ആയിട്ടില്ല, മത്സരങ്ങളും തോറ്റിട്ടില്ല.
അദ്ദേഹത്തിന്റെ ആക്രമണോത്സുക ബാറ്റിംഗ് രീതിയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. വിരാടിന്റെ ആവറേജോ സ്‌ട്രൈക്ക് റേറ്റോ കുറഞ്ഞിട്ടില്ല. എന്നും ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു വിരാട്. ടെസ്റ്റിലും അദ്ദേഹം തന്റെ പങ്ക് പ്രകടമാക്കിയിരുന്നു,’ സല്‍മാന്‍ ഭട്ട് പറയുന്നു.
ടീമിന് വേണ്ട് ഇത്രയധികം സംഭാവനകള്‍ നല്‍കിയ ഒരാളെ ടീമോ ബി.സി.സി.ഐയോ ഇങ്ങനെയായിരുന്നില്ല പരിഗണിക്കേണ്ടിയിരുന്നതെന്നും ഭട്ട് വ്യക്തമാക്കി. പുതിയ ക്രിക്കറ്റ് തലമുറയ്ക്ക് മുന്നില്‍ ഇങ്ങനെയുള്ള മാതൃകയല്ല കാണിക്കേണ്ടതെന്നും ഭട്ട് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമായിരുന്നു കോഹ്‌ലിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്നും ബി.സി.സി.ഐ ഒഴിവാക്കിയത്.
ഇക്കഴിഞ്ഞ ടി-20 ലോകകപ്പിന് മുന്‍പ് തന്നെ ടി-20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറുന്നതായി കോഹ്‌ലി പറഞ്ഞിരുന്നു. എന്നാല്‍ ഏകദിന-ടെസ്റ്റ് ടീം ക്യാപ്റ്റനായി തുടരാനായിരുന്നു കോഹ്‌ലിയുടെ താല്‍പര്യം.
അതേസമയം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ (ഏകദിനം, ടി-20) രണ്ട് ക്യാപ്റ്റന്‍മാരെ അനുവദിക്കേണ്ട എന്നായിരുന്നു ബി.സി.സി.ഐയുടെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വയം ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറാന്‍ ബി.സി.സി.ഐ, കോഹ്‌ലിയോട് നിര്‍ദേശിക്കുകയായിരുന്നു.
സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മയും ബി.സി.സി.ഐയുടെ രണ്ട് ഉന്നത ഉദ്യോഗസ്ഥരുമായിരുന്നു കോഹ്‌ലിയുമായി ഇക്കാര്യം സംസാരിച്ചത്. മറുപടി നല്‍കാന്‍ 48 മണിക്കൂറും കോഹ്‌ലിയ്ക്ക് അനുവദിച്ചു.
അനുവദിച്ച സമയത്തിന് ശേഷവും പ്രതികരിക്കാതിരുന്നതോടെയാണ് കോഹ്‌ലിയെ നായകസ്ഥാനത്ത് നിന്നും മാറ്റിയതെന്നായിരുന്നു ബി.സി.സി.ഐയുടെ വിശദീകരണം.
95 ഏകദിന മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചിട്ടുള്ള വിരാട് 65 മത്സരങ്ങളില്‍ ടീമിനെ വിജയത്തിലെത്തിച്ചിട്ടുണ്ട്. 27 മത്സരങ്ങളില്‍ മാത്രമാണ് കോഹ്‌ലിയുടെ കീഴില്‍ ഇന്ത്യ പരാജയപ്പെട്ടിട്ടുള്ളത്.