Sports News
ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം 'ഇന്ദുചൂഡന്റെ' ബൗളിങ്; നീലക്കുറിഞ്ഞി പൂക്കും പോലെ അല്ലേ ഇത് കാണാന്‍ പറ്റുന്നത്! ട്വിറ്ററില്‍ തരംഗമായി വിരാട്
സ്പോര്‍ട്സ് ഡെസ്‌ക്
2022 Sep 01, 12:55 pm
Thursday, 1st September 2022, 6:25 pm

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – ഹോങ്കോങ് മത്സരത്തില്‍ വിജയിച്ച് ഇന്ത്യ ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ ഇടം നേടിയിരുന്നു. എതിരാളികളെ 40 റണ്‍സിന് തോല്‍പിച്ചായിരുന്നു ഇന്ത്യ ആധികാരികമായി സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചത്.

ഏറെ നാളത്തെ ഫോം ഔട്ടിന് ശേഷം വിരാടിന്റെ തിരിച്ചുവരവിനായിരുന്നു ഇന്ത്യ – ഹോങ്കോങ് മത്സരം സാക്ഷ്യം വഹിച്ചത്. ബാറ്റിങ്ങില്‍ തന്റെ ഫോം ‘അങ്ങനെയൊന്നും പോയ്‌പ്പോവൂല മോനേ’ എന്ന് അര്‍ധ സെഞ്ച്വറി തികച്ചായിരുന്നു വിരാട് വ്യക്തമാക്കിയത്. 44 പന്തില്‍ നിന്നും 59 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ബാറ്റിങ്ങിന് പുറമെ ബൗളിങ്ങിലും വിരാട് കൈവെച്ചിരുന്നു. ആറ് വര്‍ഷത്തിന് ശേഷമാണ് വിരാട് പന്തെറിയുന്നത് എന്ന പ്രത്യേകതയും കഴിഞ്ഞ മത്സരത്തിനുണ്ടായിരുന്നു.

അഞ്ച് ബൗളര്‍മാരെ മാത്രം വെച്ചുകൊണ്ടായിരുന്നു ഇന്ത്യ കളത്തിലിറങ്ങിയത്. ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹല്‍ എന്നീ പ്യുവര്‍ ബൗളര്‍മാരും ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുമായിരുന്നു ഇന്ത്യന്‍ നിരയില്‍ പന്തെറിയാനുണ്ടായിരുന്നത്.

ആറാം ബൗളറുടെ അഭാവത്തിലായിരുന്നു വിരാട് പന്തെറിയാനെത്തിയത്. ഒറ്റ ഓവര്‍ മാത്രം എറിഞ്ഞ വിരാട് ആറ് റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഹോങ്കോങ് ഇന്നിങ്‌സിലെ 17ാം ഓവറിലായിരുന്നു വിരാട് പന്തുമായെത്തിയത്.

ഒരു ഓവര്‍ മാത്രമേ വിരാട് എറിഞ്ഞിരുന്നുവെങ്കിലും ട്വിറ്ററില്‍ തീ പടര്‍ത്താന്‍ ആ ഒറ്റ ഓവര്‍ തന്നെ ധാരാളമായിരുന്നു. നിരവധി ആരാധകരാണ് വിരാടിന്റെ ബൗളിങ്ങിന് പിന്നാലെ കൂടിയിരിക്കുന്നത്.

 

ആറ് വര്‍ഷത്തിന് ശേഷം പന്തെറിഞ്ഞ് തരംഗമായ വിരാട് ഇനി സെഞ്ച്വറി കൂടി നേടണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.

അതേസമയം, ഹോങ്കോങ്ങിനെതിരായ മത്സരത്തില്‍ ആധികാരിക ജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടിയ ഹോങ്കോങ് ക്യാപ്റ്റന്‍ നിസാഖത് ഖാന്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പതിഞ്ഞ താളത്തിലായിരുന്നു ഇന്ത്യ കളിച്ചു തുടങ്ങിയത്.

13 പന്തില്‍ നിന്നും 21 റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയായിരുന്നു ആദ്യം പുറത്തായത്. ആഞ്ഞടിച്ച് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു രോഹിത്തിന്റെ പുറത്താവല്‍.

സഹ ഓപ്പണര്‍ കെ.എല്‍. രാഹുലാവട്ടെ സെല്‍ഫിഷ് ഇന്നിങ്സായിരുന്നു കളിച്ചത്. ഇന്നിങ്സിന്റെ ആദ്യം ടെസ്റ്റ് ശൈലിയിലും തുടര്‍ന്ന് പുറത്താവുന്നത് വരെ ഏകദിന ശൈലിയിലുമായിരുന്നു രാഹുലിന്റെ ബാറ്റിങ്. 39 പന്തില്‍ നിന്നും 36 റണ്‍സാണ് രാഹുല്‍ നേടിയത്.

വണ്‍ ഡൗണായെത്തിയ വിരാടും നാലാമനായി ഇറങ്ങിയ സൂര്യകുമാറും ഇന്ത്യന്‍ ഇന്നിങ്‌സിനെ മുന്നോട്ട് നയിച്ചു.

ഒരുസമയം 150 പോലും കടക്കില്ലെന്ന് തോന്നിയ ഇന്ത്യന്‍ ഇന്നിങ്സിനെ ഇരുവരും ചേര്‍ന്ന് 192 റണ്‍സിലെത്തിച്ചു. 68 റണ്‍സാണ് സൂര്യകുമാര്‍ അടിച്ചുകൂട്ടിയത്. ആറ് സിക്സും ആറ് ഫോറുമാണ് സൂര്യയുടെ ഇന്നിങ്സിലുണ്ടായിരുന്നത്. അവസാന ഓവറില്‍ മാത്രം നാല് സിക്സറടക്കം 26 റണ്‍സാണ് സ്‌കൈ സ്വന്തം പേരിലാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹോങ്കോങ് പൊരുതി നോക്കിയെങ്കിലും വിജയിക്കാനായില്ല. ഒടുവില്‍ വിജയത്തിന് 40 റണ്‍സകലെ ഹോങ്കോങ് കാലിടറി വീഴുകയായിരുന്നു.

കഴിഞ്ഞ മത്സരത്തിലെ വിജയത്തോടെ ഇന്ത്യ സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചിരിക്കുകയാണ്. അടുത്ത ദിവസം നടക്കുന്ന പാകിസ്ഥാന്‍ – ഹോങ്കോങ് മത്സരത്തിലെ വിജയികള്‍ ഇന്ത്യക്കൊപ്പം സൂപ്പര്‍ ഫോറില്‍ പ്രവേശിക്കും.

 

 

Content Highlight: Virat Kohli bowled after six years in an Asia Cup match against Hong Kong and Twitter went nuts.