ഏറെ ആവേശത്തോടെയാണ് ആരാധകര്‍ 2023 ഐ.സി.സി വേള്‍ഡ് കപ്പിനെ വരവേറ്റത്. ലോകകപ്പിലെ പല മത്സരങ്ങളും റെക്കോഡുകള്‍ക്ക് വഴിമാറിയപ്പോള്‍ കാണികളുടെ എണ്ണത്തിലും ഈ ലോകകപ്പ് റെക്കോഡിട്ടിരുന്നു.
518 മില്യണ്‍ ആളുകള്‍ ടി.വിയില്‍ മാത്രം ഈ ലോകകപ്പ് കണ്ടുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിന് പുറമെ ലോകകപ്പിന്റെ ഫൈനല്‍ മത്സരം 45 മില്യണിലധികം ആളുകള്‍ ലൈവ് സ്ട്രീമിങ്ങിലൂടെയും 130 മില്യണ്‍ ആളുകള്‍ ടി.വിയിലൂടെയും കണ്ടിരുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ലോകമെമ്പാടും ക്രിക്കറ്റ് ഫീവര്‍ ബാധിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയിലും ലോകകപ്പ് തന്നെ നിറഞ്ഞുനിന്നു.
എന്നാല്‍ വിക്കിപീഡയയിലും ലോകകപ്പ് ആവേശം പ്രതിഫലിച്ചിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ ലോകകപ്പിനിടെ ഏറ്റവുമധികം ആളുകള്‍ വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും വിക്കിപീഡിയ പേജുകളാണ് സന്ദര്‍ശിച്ചതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
5 മില്യണിലധികം ആളുകള്‍ വിരാട് കോഹ്‌ലിയുടെ വിക്കിപീഡിയ പേജ് സന്ദര്‍ശിച്ചപ്പോള്‍ 4.7 മില്യണിലധികം ആളുകളാണ് രോഹിത്തിനെ തിരഞ്ഞ് താരത്തിന്റെ വിക്കി പേജിലെത്തിയത്.
ഒക്ടോബര്‍ – നവംബര്‍ മാസത്തില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിച്ച വിക്കിപീഡിയ പേജുകള്‍
വിരാട് കോഹ്‌ലി- 5 മില്യണ്‍+
രോഹിത് ശര്‍മ – 4.7 മില്യണ്‍+
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 4.4 മില്യണ്‍+
ലയണല്‍ മെസി – 4.3 മില്യണ്‍+
ഇതിന് പുറമെ കഴിഞ്ഞ ആഴ്ചയില്‍ (നവംബര്‍ 19 – നവംബര്‍ 25) ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിച്ച കായിക താരത്തിന്റെ പേജും വിരാടിന്റേത് തന്നെ.
കഴിഞ്ഞ ആഴ്ചയിലെ ആദ്യ 25ല്‍ ഒന്നാമതായി ക്രിക്കറ്റ് വേള്‍ഡ് കപ്പും രണ്ടാമതായി 2024 ഐ.സി.സി മെന്‍സ് ടി-20 വേള്‍ഡ് കപ്പും ഇടം നേടിയപ്പോള്‍ 2023 ക്രിക്കറ്റ് വേള്‍ഡ് കപ്പിന്റെ വിക്കിപീഡിയ പേജാണ് മൂന്നാമതായി ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിച്ചത്.