മൂന്ന് റെക്കോഡ്; വേണ്ടത് 2 റണ്‍സ്, 78 റണ്‍സ്, 98 റണ്‍സ്; കരിയര്‍ തിരുത്തിക്കുറിക്കാന്‍ വിരാടും രോഹിത്തും
Sports News
മൂന്ന് റെക്കോഡ്; വേണ്ടത് 2 റണ്‍സ്, 78 റണ്‍സ്, 98 റണ്‍സ്; കരിയര്‍ തിരുത്തിക്കുറിക്കാന്‍ വിരാടും രോഹിത്തും
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 10th September 2023, 2:46 pm

 

ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ക്ക് ആരംഭമായിരിക്കുകയാണ്. ക്രിക്കറ്റ് ലോകം ഒന്നടങ്കം ഉറ്റുനോക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടമാണ് ഞായറാഴ്ച നടക്കാനിരിക്കുന്നത്. മത്സരത്തിന് മഴയുടെ ഭീഷണിയുണ്ടെങ്കിലും റിസര്‍വ് ഡേ പ്രഖ്യാപിച്ചതിന്റെ ആവേശത്തിലാണ് ആരാധകര്‍.

മത്സരം നടക്കാനിരിക്കുന്ന കൊളംബോയില്‍ 90 ശതമാനവും മഴ പെയ്യാന്‍ സാധ്യത കല്‍പിക്കുന്നുണ്ട്. ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ ഇന്ത്യ – പാക് പോരാട്ടം മഴയെടുത്തതിന് പിന്നാലെയാണ് കൊളംബോ മാച്ചിന് റിസര്‍വ് ഡേ പ്രഖ്യാപിച്ചത്.

ഈ മത്സരത്തില്‍ പല റെക്കോഡുകളും പിറക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. മുന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും കരിയര്‍ മൈല്‍ സ്‌റ്റോണ്‍ പിന്നിടാനൊരുങ്ങുമ്പോള്‍ ഇരുവരും ഒരുമിച്ചുള്ള ജോയിന്റ് റെക്കോഡിനും കളമൊരുങ്ങുന്നുണ്ട്.

 

ഏകദിനത്തില്‍ 13,000 റണ്‍സ് എന്ന നേട്ടമാണ് വിരാട് കോഹ്‌ലിയുടെ കണ്‍മുമ്പിലുള്ളത്. 98 റണ്‍സ് മാത്രമാണ് വിരാട് ഇതിനായി തന്റെ പേരില്‍ കൂട്ടിച്ചേര്‍ക്കേണ്ടത്.

ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെ നാല് താരങ്ങള്‍ മാത്രമാണ് ഒ.ഡി.ഐ ഫോര്‍മാറ്റില്‍ 13,000 റണ്‍സ് പൂര്‍ത്തിയാക്കിയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, കുമാര്‍ സംഗക്കാര, റിക്കി പോണ്ടിങ്, സനത് ജയസൂര്യ എന്നിവരാണ് ആ താരങ്ങള്‍. ഈ നേട്ടം സ്വന്തമാക്കുന്നതോടെ വിരാടും ഈ എലീറ്റ് ലിസ്റ്റില്‍ ഇടം നേടും.

കരിയറിലെ 277 മത്സരത്തിലെ 266 ഇന്നിങ്‌സില്‍ നിന്നും 12,902 റണ്‍സാണ് വിരാട് നേടിയത്. 57.08 ആവറേജിലും 93.60 എന്ന തകര്‍പ്പന്‍ സട്രൈക്ക് റേറ്റിലുമാണ് വിരാട് റണ്ണടിച്ചുകൂട്ടിയത്. 46 സെഞ്ച്വറിയും 65 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.

50 ഓവര്‍ ഫോര്‍മാറ്റിലെ 10,000 റണ്‍സ് എന്ന സ്വപ്‌നതുല്യമായ നേട്ടമാണ് ഹിറ്റ്മാന് മുമ്പിലുള്ളത്. നിലവില്‍ ഏകദിനത്തില്‍ 9,922 റണ്‍സ് നേടിയ രോഹിത്തിന് 78 റണ്‍സ് കൂടി നേടാന്‍ സാധിച്ചാല്‍ ഈ നേട്ടം കൈപ്പിടിയിലൊതുക്കാം.

2007ല്‍ കരിയര്‍ ആരംഭിച്ച രോഹിത് കളിച്ച 246 മത്സരത്തിലെ 239 ഇന്നിങ്‌സില്‍ നിന്നും 48.87 എന്ന ശരാശരിയിലും 90.08 എന്ന പ്രഹരശേഷിയിലുമാണ് രോഹിത് റണ്‍സ് സ്‌കോര്‍ ചെയ്യുന്നത്.

78 റണ്‍സ് കൂടി തന്റെ പേരില്‍ എഴുതിച്ചേര്‍ത്താല്‍ 10K ക്ലബ്ബിലെത്തുന്ന 15ാം താരമാകാനും ആറാമത് ഇന്ത്യന്‍ താരമാകാനും രോഹിത് ശര്‍മക്ക് സാധിക്കും. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്‌ലി, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, എം.എസ്. ധോണി എന്നിവരാണ് ഇതിന് മുമ്പ് ഏകദനിത്തില്‍ 10,000 റണ്‍സ് പിന്നിട്ട ഇന്ത്യന്‍ താരങ്ങള്‍.

 

ഇതിന് പുറമെ ഒരു ജോയിന്റ് റെക്കോഡും ഇവരെ കാത്തിരിക്കുന്നുണ്ട്. ഏകദിനത്തില്‍ 5,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന പെയര്‍ എന്ന റെക്കോഡ് നേട്ടത്തിലേക്ക് രണ്ട് റണ്‍സ് മാത്രമാണ് ദൂരമുള്ളത്. ഇരുവരും ക്രീസില്‍ നില്‍ക്കവെ രണ്ട് റണ്‍സ് ആര് തന്നെ നേടിയാലും വിരാട് – രോഹിത് സഖ്യത്തെ റെക്കോഡ് നേട്ടത്തിലേക്കുയര്‍ത്തും.

 

Content highlight: Virat Kohli and Rohit Sharma to reach career milestone records