World News
ഇസ്രഈലി ആഭ്യന്തര സുരക്ഷ ഏജന്‍സിയായ ഷിന്‍ ബെറ്റ് മേധാവിയെ പുറത്താക്കി നെതന്യാഹു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2 days ago
Friday, 21st March 2025, 3:16 pm

ടെല്‍ അവീവ്: ഇസ്രഈലി ആഭ്യന്തര സുരക്ഷ ഏജന്‍സിയായ ഷിന്‍ ബെറ്റ് മേധാവി റോണന്‍ ബാറിനെ പുറത്താക്കി നെതന്യാഹു ഭരണകൂടം. 2023 ഒക്ടോബര്‍ ഏഴിലെ ആക്രമണം മുന്‍കൂട്ടി കാണുന്നതില്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ചാണ് നെതന്യാഹു സുരക്ഷ ഏജന്‍സി മേധാവിയെ പുറത്താക്കിയത്. റോണന്‍ ബാറിനെ പിരിച്ചുവിടാന്‍ ഇസ്രഈല്‍ മന്ത്രിസഭ ഇന്നലെ (വ്യാഴാഴ്ച) ഔദ്യോഗികമായി അംഗീകാരം നല്‍കിയിരുന്നു.

മന്ത്രിമാരുടെ യോഗത്തിന് മുമ്പായി നെതന്യാഹു തന്റെ സഹപ്രവര്‍ത്തകര്‍ക്ക് അയച്ച കത്തില്‍ തനിക്ക് ഷിന്‍ ബെറ്റ് മേധാവിയിലുള്ള ‘പ്രൊഫഷണലും വ്യക്തിപരവുമായ വിശ്വാസം നഷ്ടപ്പെട്ടു എന്നെഴുതിയിരുന്നു

2021 ഒക്ടോബറില്‍ ഷിന്‍ ബെറ്റിന്റെ തലവനായി അഞ്ച് വര്‍ഷത്തേക്കാണ് ഇദ്ദേഹത്തെ നിയമിച്ചത്. കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പാണ് പിരിച്ചുവിടല്‍ ഉണ്ടായിരിക്കുന്നത്. റോണന്‍ ബാറിന്റെ പിരിച്ചുവിടല്‍ ഇസ്രഈലിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തമാകാന്‍ ഇടയാക്കി. വ്യാഴാഴ്ച, ടെല്‍ അവീവിലും ജറുസലേമിലും പ്രകടനക്കാരുമായുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും കുറഞ്ഞത് 12 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

അതേസമയം തന്നെ നീക്കം ചെയ്യാനുള്ള തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് ബാര്‍ വിശേഷിപ്പിച്ചു. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് പിന്നിലെ സത്യം കണ്ടെത്തുന്നത് തടയാനാണ് തന്നെ പുറത്താക്കിയതെന്ന് റോണന്‍ ബാര്‍ പ്രതികരിച്ചു. ഇസ്രഈലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ ഷിന്‍ ബെറ്റ് മേധാവിയെ പുറത്താക്കുന്നത്.

ഇസ്രഈലിന്റെ ആഭ്യന്തര സുരക്ഷ ഏജന്‍സിയായ ഷിന്‍ ബെറ്റ്, യുദ്ധത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളും അംഗങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങളും വളരെ രഹസ്യമായാണ് കൈകാര്യം ചെയ്തിരുന്നത്.

ഒക്ടോബര്‍ ഏഴിലെ ആക്രമണത്തെക്കുറിച്ച് ഷിന്‍ ബെറ്റ് നടത്തിയ അന്വേഷണത്തില്‍ ഇസ്രഈല്‍ സര്‍ക്കാരിന്റേയും സൈന്യത്തിന്റേയും വീഴ്ച്ചകളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന കണ്ടെത്തലുണ്ടായിരുന്നു. ഇതാകാം ഒരുപക്ഷെ റോണന്‍ ബാറിന്റെ സ്ഥാന നഷ്ടത്തിലേക്ക് നയിച്ചത്.

നെതന്യാഹുവിന്റെ പല നയങ്ങളും, ഹമാസിന് ലഭിക്കുന്ന ധനസഹായങ്ങളില്‍ കണ്ണടച്ചതും ആക്രമണത്തിന് കാരണമായെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ഹമാസിന് ഖത്തറിന്റെ ധനസഹായം ലഭിച്ചത് ഇസ്രഈലിന്റെ അറിവോടെയായിരുന്നു.

ഇസ്രഈലി രാഷ്ട്രീയക്കാര്‍ അല്‍ അഖ്‌സ പള്ളിയില്‍ സന്ദര്‍ശനം നടത്തിയതും ഫലസ്തീന്‍ തടവുകരോടുള്ള സമീപനങ്ങളും ഹമാസ് ആക്രമണങ്ങളുടെ കാരണങ്ങളായി റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ ഒക്ടോബര്‍ 7 ആക്രമണത്തിനുള്ള റൂട്ട്മാപ്പ് തയ്യാറാക്കാന്‍ ഹമാസിനെ സഹായിച്ചത് ഇസ്രഈലി സൈനികര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളാണെന്നും ഷിന്‍ ബെറ്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.

Content Highlight: Netanyahu fires head of Israel’s Shin Bet security agency