Sports News
ഐ.പി.എല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കണം, ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചുവരണം; തുറന്ന് പറഞ്ഞ് സാം കറന്‍
സ്പോര്‍ട്സ് ഡെസ്‌ക്
1 day ago
Friday, 21st March 2025, 3:38 pm

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഐ.പി.എല്‍ മാമാങ്കത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള മാര്‍ച്ച് 22ന് നടക്കുന്ന മത്സരമാണ് പതിനെട്ടാം പതിപ്പിന് തുടക്കം കുറിക്കുക. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.

പുതിയ സീസണിനായി ടീമുകളും താരങ്ങളും അവസാന ഘട്ട തയ്യാറെടുപ്പിലാണ്. ഐ.പി.എല്ലിലൂടെ സ്വന്തം രാജ്യത്തിനായി കളിക്കാന്‍ അവസരം നേടിയെടുക്കുക പല താരങ്ങളുടെയും ലക്ഷ്യം. ഇപ്പോള്‍, തന്റെ ഐ.പി.എല്ലിലെ പദ്ധതികളെ കുറിച്ച് സംസാരിക്കുകയാണ് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറന്‍.

ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ടീമിലേക്ക് തിരിച്ചു വരികയാണ് തന്റെ ലക്ഷ്യമെന്നും അതിനായി ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ച വെക്കുക മാത്രമാണ് വഴിയെന്നും കറന്‍ പറഞ്ഞു. ടീമില്‍ നിന്ന് പുറത്തായപ്പോള്‍ താന്‍ നിരാശനായിരുന്നെന്നും മോശം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ താന്‍ പക്വത നേടിയതായി തോന്നുന്നുവെന്നും ചെന്നൈ താരം കൂട്ടിച്ചേര്‍ത്തു. സ്‌കൈ സ്‌പോര്‍ട്‌സ് ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു താരം.

സാം കറന്‍ പറഞ്ഞത്

‘ഇംഗ്ലണ്ട് വൈറ്റ്-ബോള്‍ ടീമിലേക്ക് തിരിച്ചുവരികയെന്നതാണ് എന്റെ പ്രധാന ലക്ഷ്യം. എനിക്ക് ഇംഗ്ലണ്ടില്‍ ഒരിക്കലും ആ പെര്‍ഫെക്റ്റ് റോള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയിലെ പരമ്പരയിലും ധാരാളം ബാറ്റര്‍മാരെയും അധിക വേഗതയുള്ളവരെയും കളിപ്പിച്ചുകൊണ്ട് അവര്‍ ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയെന്ന് നിഷേധിക്കാനാവില്ല.

എനിക്ക് ശരിയായ റോള്‍ ലഭിച്ചാല്‍ ഞാന്‍ മികച്ച പ്രകടനം നടത്താന്‍ ശ്രമിക്കും, ഇനി എന്ത് സംഭവിക്കുമെന്ന് ആര്‍ക്കറിയാം. മത്സരത്തില്‍ റണ്‍സും വിക്കറ്റും ആവശ്യമാണ് എന്നത് ഒരു ക്ലീഷേ ചര്‍ച്ചയല്ല. ഞാന്‍ അത് തുടര്‍ന്നും ചെയ്യേണ്ടതുണ്ട്.

ഞാന്‍ വളരെ നല്ല സ്ഥലത്താണെന്ന് തോന്നുന്നു. ടീമില്‍ നിന്ന് പുറത്തായപ്പോള്‍ ഞാന്‍ വ്യക്തമായും നിരാശനായിരുന്നു. പക്ഷേ ഞാന്‍ ഇപ്പോഴും വളരെ ചെറുപ്പമാണ്. മോശം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഞാന്‍ പക്വത നേടിയതായി തോന്നുന്നു.

കുറച്ചുകൂടി പരിചയസമ്പന്നനും സാഹചര്യങ്ങളെ നന്നായി മനസ്സിലാക്കുന്നവനുമായതിനാല്‍, എനിക്ക് ടീമിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഐ.പി.എല്ലില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കുക മാത്രമാണ് അതിനുള്ള ഏക വഴി,’ കറന്‍ പറഞ്ഞു.

നിലവില്‍ സാം കറന്‍ അഞ്ച് വട്ടം ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പമാണ്. മെഗാ താരലേലത്തിലൂടെ 2.40 കോടി രൂപയ്ക്കാണ് താരത്തെ ചെന്നൈ വീണ്ടും തട്ടകത്തിലെത്തിച്ചത്. 2020 – 2021 സീസണിലാണ് മുമ്പ് ഇംഗ്ലണ്ട് താരം ചെന്നൈക്കായി കളിച്ചിരുന്നത്. കഴിഞ്ഞ സീസണില്‍ കറന്‍ പഞ്ചാബ് കിങ്‌സിനായി 270 റണ്‍സും 16 വിക്കറ്റും നേടിയിട്ടുണ്ട്.

ഐ.പി.എല്ലില്‍ ചിരവൈരികളായ മുംബൈ ഇന്ത്യന്‍സുമായാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആദ്യ മത്സരം. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് മാര്‍ച്ച് 23ന് മത്സരം നടക്കുക. മാര്‍ച്ച് 28ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമായും മാര്‍ച്ച് 30 ന് രാജസ്ഥാന്‍ റോയല്‍സുമായാണ് സി.എസ്.കെയുടെ ഈ മാസത്തെ മറ്റ് മത്സരങ്ങള്‍.

 

Content Highlight: CSK All Rounder Sam Curran Reveals He Plan To Return To England White Ball Team Through IPL