Sports News
ഇത് പാകിസ്ഥാന്‍ തന്നെയോ! 16 ഓവറില്‍ പിന്തുടര്‍ന്ന് ജയിച്ചത് 205 റണ്‍സ്; ഒന്നും അവസാനിച്ചിട്ടില്ല
സ്പോര്‍ട്സ് ഡെസ്‌ക്
2 days ago
Friday, 21st March 2025, 3:31 pm

പാകിസ്ഥാന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ മൂന്നാം ടി-20യില്‍ ആതിഥേയരെ ഞെട്ടിച്ച് പാകിസ്ഥാന്‍. ഒക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 205 റണ്‍സിന്റെ വിജയലക്ഷ്യം 24 പന്ത് ശേഷിക്കെ മറികടന്നാണ് പാകിസ്ഥാന്‍ വിജയം സ്വന്തമാക്കിയത്.

സൂപ്പര്‍ താരം ഹസന്‍ നവാസിന്റെ സെഞ്ച്വറിയുടെയും ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘയുടെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തിലാണ് പാകിസ്ഥാന്‍ ജയിച്ചുകയറിയത്.

ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച പാകിസ്ഥാനെ ഞെട്ടിച്ചുകൊണ്ടാണ് ആതിഥേയര്‍ സ്‌കോര്‍ ഉയര്‍ത്തിയത്. 19.5 ഓവറില്‍ 204 റണ്‍സാണ് ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്.

44 പന്തില്‍ 94 റണ്‍സ് നേടിയ മാര്‍ക് ചാപ്മാന്റെ കരുത്തിലാണ് ന്യൂസിലാന്‍ഡ് മികച്ച സ്‌കോറിലെത്തിയത്. 11 ഫോറും നാല് സിക്‌സറും ഉള്‍പ്പടെ 213.64 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ചാപ്മാന്റെ വെടിക്കെട്ട്.

ക്യാപ്റ്റന്‍ മൈക്കല്‍ ബ്രേസ്വെല്‍ 18 പന്തില്‍ 31 റണ്‍സ് നേടി രണ്ടാമത് മികച്ച റണ്‍ ഗെറ്ററായി. ടിം സീഫെര്‍ട്ട് (ഒമ്പത് പന്തില്‍ 19), ഡാരില്‍ മിച്ചല്‍ (11 പന്തില്‍ 17), ഇഷ് സോധി (പത്ത് പന്തില്‍ പത്ത്) എന്നിവരാണ് ഇരട്ടയക്കം കണ്ട മറ്റ് താരങ്ങള്‍.

പാകിസ്ഥാനായി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റ് നേടി. അബ്ബാസ് അഫ്രിദി, ഷഹീന്‍ അഫ്രിദി, അബ്രാര്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ഷദാബ് ഖാനാണ് ശേഷിച്ച വിക്കറ്റെടുത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ ആദ്യ ഓവര്‍ മുതല്‍ തന്നെ തകര്‍ത്തടിച്ചു. മുഹമ്മദ് ഹാരിസും ഹസന്‍ നവാസും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 74 റണ്‍സാണ് ചേര്‍ത്തുവെച്ചത്.

20 പന്തില്‍ 41 റണ്‍സുമായി മികച്ച രീതിയില്‍ ബാറ്റ് ചെയ്യവെ ജേകബ് ഡഫി ഹാരിസിനെ മടക്കി. മൂന്ന് സിക്‌സറും നാല് ഫോറും അടക്കം 205.00 സ്‌ട്രൈക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

വണ്‍ ഡൗണായി സല്‍മാന്‍ അലി ആഘയെത്തിയതോടെ മത്സരം പാകിസ്ഥാന്റെ കൈവശമായി. ഇരുവരും തകര്‍ത്തടിച്ച് 16 ഓവറില്‍ പാകിസ്ഥാനെ ലക്ഷ്യത്തിലെത്തിച്ചു.

ഹസന്‍ നവാസ് 45 പന്തില്‍ പുറത്താകാതെ 105 റണ്ണടിച്ചു. ഏഴ് സിക്‌സറും പത്ത് ഫോറും അടക്കം 233.33 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്. 31 പന്തില്‍ 51 റണ്‍സുമായി ആഘാ സല്‍മാനും പുറത്താകതെ നിന്നു.

ഈ വിജയത്തിന് പിന്നാലെ പരമ്പര നഷ്ടപ്പെടാതെ സജീവമാക്കി നിര്‍ത്താനും സന്ദര്‍ശകര്‍ക്കായി. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ന്യൂസിലാന്‍ഡ് 2-1ന് മുമ്പിലാണ്.

മാര്‍ച്ച് 23നാണ് പരമ്പരയിലെ നാലാം മത്സരം. മൗണ്ട് മംഗനൂയിയിലെ ബേ ഓവലാണ് വേദി.

 

Content Highlight: Pakistan’s tour of New Zealand; PAK defeated NZ in 3rd T20