Advertisement
Entertainment
നിര്‍മാതാക്കളുടെ സംഘടന കണക്കുപറയുമ്പോള്‍ കൃത്യമായി പറയണം; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ കളക്ഷന്‍ റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 23, 10:44 am
Sunday, 23rd March 2025, 4:14 pm

ഫെബ്രുവരിയില്‍ റിലീസായ സിനിമകളുടെ തീയേറ്റര്‍ കളക്ഷന്‍ റിപ്പോര്‍ട്ട് നിര്‍മാതാക്കളുടെ സംഘടന കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. തിയേറ്ററില്‍ നിന്നും വിജയിച്ച ചിത്രം കുഞ്ചാക്കോ ബോബന്റെ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ആണെന്നാണ് പറഞ്ഞിരുന്നത്. 13 കോടി ബജറ്റിലൊരുങ്ങിയ ചിത്രം 11 കോടി വരെ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

എന്നാല്‍ പുറത്തുവന്ന ഈ റിപ്പോര്‍ട്ട് തള്ളുകയാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബന്‍. 11 കോടിയല്ല അതിന്റെ ഇരട്ടിയോ അതില്‍ കൂടുതലോ സിനിമ നേടിയെന്നാണ് കുഞ്ചാക്കോ പറയുന്നത്. മനോരമ ഓണ്‍ലൈനിനോട് സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

സിനിമയുടെ മുതല്‍മുടക്കിനെ കുറിച്ചോ വിജയത്തെ പറ്റിയോ സംസാരിക്കേണ്ടത് താനല്ല മറിച്ച് നിര്‍മാതാക്കളാണെന്നും ചിത്രത്തിനെ നിര്‍മാണ ചെലവ് 13 കോടിയില്‍ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി 50 കോടി ക്ലബ്ബിലും കയറിയിരുന്നതായി ചിത്രത്തിന്റ്രെ അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെട്ടിരുന്നു. തങ്ങളുടെ ചിത്രം കേരത്തിലെ തിയേറ്ററുകള്‍ നിന്നുമാത്രമായി 30 കോടിയോളം കളക്ട് ചെയ്തെന്നും കേരളത്തിന് പുറത്തും നല്ല രീതിയില്‍ സിനിമക്ക് കളക്ഷന്‍ ഉണ്ടായെന്നും കുച്ചക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു.

ഷൂട്ടിങ് നടക്കുമ്പോള്‍ തന്നെ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി മുടക്കുമുതലിന്റെ മുക്കാല്‍ പങ്കും തിരിച്ച് പിടിച്ചെന്നും റിലീസ് ചെയ്ത് മൂന്നാമത്തെ ദിവസം ലാഭത്തിലേക്ക് കടന്ന ചിത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

താരങ്ങളുടെ ശമ്പളം കുറയ്ക്കണമെന്ന് പരാതി പറയുന്ന നിര്‍മാതാക്കളുടെ സിനിമയില്‍ താന്‍ സൗജന്യമായി അഭിനയിക്കാമെന്നും കേരളത്തിലെ മുഴുവന്‍ തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്ന പണവും നിര്‍മാതാക്കള്‍ എടുക്കട്ടെയെന്ന് പറഞ്ഞ കുഞ്ചാക്കോ ബോബന്‍ കേരളത്തിന് പുറത്തുള്ള കളക്ഷനും ഒ.ടി.ടി, സാറ്റലൈറ്റ് വരുമാനം മാത്രം തനിക്ക് തന്നാല്‍ മതിയെന്നും കൂട്ടിച്ചേര്‍ത്തു.

Content Highlight: Kunchacko Boban responds to the officer on duty’s collection report