national news
ജാതിവിവേചനം തുടര്‍ക്കഥ; മലയാളി അധ്യാപകന്‍ മദ്രാസ് ഐ.ഐ.ടിയില്‍ നിന്ന് രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Feb 06, 09:20 am
Sunday, 6th February 2022, 2:50 pm

ചെന്നൈ: ജാതിവിവേചനത്തിനെതിരെ നിരന്തര പോരാട്ടം നടത്തുന്ന മദ്രാസ് ഐ.ഐ.ടിയിലെ മലയാളി അധ്യാപകന്‍ രാജിവെച്ചു.

കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയും ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ വിപിന്‍. പി വീട്ടിലാണ് രാജിവെച്ചത്.

ഐ.ഐ.ടിയിലെ പ്രശ്നങ്ങള്‍ വിശദമാക്കി പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയതിന് പിന്നാലെയാണ് വിപിന്‍ രാജിവെക്കുന്നത്.

സ്ഥാപനത്തില്‍ നേരിടേണ്ടി വന്ന ജാതിവിവേചനത്തെക്കുറിച്ച് ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ (എന്‍.സി.ബി.സി) സ്വതന്ത്രമായി അന്വേഷിച്ചില്ലെങ്കില്‍ ഫെബ്രുവരി 24 മുതല്‍ നിരാഹാര സമരം നടത്തുമെന്ന് വിപിന്‍ അറിയിച്ചിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെയും എന്‍.സി.ബി.സിയുടെയും അന്വേഷണം ആവിശ്യപെട്ട് വിപിന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുമുണ്ട്.

നിലവില്‍ ഐ.ഐ.ടി മദ്രാസിലെ എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗക്കാര്‍ക്കായിട്ടുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്റില്‍ നടക്കുന്ന അട്ടിമറിയില്‍ എന്‍.സി.ബി.സി സ്വമേധയാ കേസ് എടുത്തു അന്വേഷിക്കണം എന്നും വിപിന്‍ തന്റെ കത്തിലൂടെ അറിയിച്ചു.

2019 മാര്‍ച്ചിലാണ് വപിന്‍ ഐ.ഐ.ടിയില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലിയില്‍ ചേര്‍ന്നത്. തുടര്‍ന്ന ജാതിവിവേചനത്തെ തുടര്‍ന്ന് രാജിവെച്ചു. ഇത് വിവാദമായതോടെ ദേശീയ പട്ടികജാതി കമ്മീഷന്‍ ഐ.ഐടിയിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

എന്നാല്‍ ആരോപണത്തില്‍ കഴമ്പില്ലെന്ന നിലപാടാണ് കമ്മീഷന്‍ സ്വീകരിച്ചത്. അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്ന് വിപിന്‍ പറയുന്നു.

2021 ഒക്ടോബറില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അന്വേഷണം അവസാനിപ്പിച്ചത് മുതല്‍ ഫാക്കല്‍റ്റി അംഗമായ താന്‍ നിര്‍ദയമായ പീഡനം നേരിടുകയാണ് എന്ന് അദ്ദേഹത്തിന്റെ കത്തില്‍ വ്യക്തമാക്കുന്നു.

2021 ഒക്ടോബറില്‍ അന്വേഷണം അവസാനിച്ചതു മുതല്‍ ഐ.ഐ.ടി- മദ്രാസിന്റെ അന്നത്തെ ഡയറക്ടറും ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് ഡിപ്പാര്‍ട്ട്മെന്റ് മേധാവിയും തന്നെ നിരന്തരം ഉപദ്രവിച്ചുവെന്നും കത്തില്‍ പറയുന്നു.