Advertisement
Entertainment
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തില്‍ എനിക്ക് പറയാനുള്ളത് ഇതാണ്: മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 26, 08:23 am
Wednesday, 26th March 2025, 1:53 pm

നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയാണ് നടന്‍ മോഹന്‍ലാല്‍.

അഭിനയം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് പോകാനുള്ള വിജയ്‌യുടെ തീരുമാനത്തെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിനായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

അതൊക്കെ ഓരോരുത്തരുടേയും വ്യക്തിപരമായ തീരുമാനമാണെന്നും അതില്‍ അഭിപ്രായം പറയാന്‍ താന്‍ ആരുമല്ലെന്നുമായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

രാഷ്ട്രീയത്തില്‍ പ്രവേശിക്കുമോ എന്ന് തന്നോട് ചോദിച്ചാല്‍ അത് തന്റെ കപ്പ് ഓഫ് ടീ അല്ലെന്ന് പറയേണ്ടി വരുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മറ്റൊരാളുടെ തീരുമാനത്തില്‍ നമുക്ക് അഭിപ്രായം പറയാന്‍ കഴിയില്ലെന്നും ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു.

‘രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ തീരുമാനിച്ച ശേഷം എനിക്ക് അദ്ദേഹം മീറ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഒന്ന് രണ്ട് തവണ ഞാന്‍ അദ്ദേഹത്തെ അതിന് ശേഷം കണ്ടിരുന്നു.

രാഷ്ട്രീയത്തിലേക്ക് കടക്കുക എന്നതൊക്കെ അവരുടെ മാത്രം തീരുമാനമാണ്. നിങ്ങള്‍ എന്നോട് ചോദിച്ചാല്‍ അത് എന്റെ കപ്പ് ഓഫ് ടീ അല്ല എന്ന് ഞാന്‍ പറയും.

അത് അദ്ദേഹത്തിന്റെ തീരുമാനമാണ്. അദ്ദേഹത്തിന് അത്തരത്തില്‍ ചിന്തിക്കാനും തീരുമാനമെടുക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യവും ഉണ്ട്. അത് അവരുടെ ഇന്‍ഡിവിജ്വാലിറ്റിയാണ്. അതില്‍ എനിക്ക് പ്രത്യേകിച്ച് ഒരു കമന്റും വേറെ പറയാനില്ല,’ മോഹന്‍ലാല്‍ പറഞ്ഞു.

മാറുന്ന മലയാള സിനിമയെ കുറിച്ചും പുതിയ താരങ്ങളെ കുറിച്ചുമൊക്കെ മോഹന്‍ലാല്‍ അഭിമുഖത്തില്‍ സംസാരിച്ചു. ഓരോരുത്തരും ഓരോ വ്യക്തികളാണെന്നും ആരും ആര്‍ക്കും പകരക്കാരനല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

‘ഞാന്‍ ഒരു ഇന്‍ഡിവിജ്വല്‍ ആണ്. വേറെ ഒരാള്‍ക്ക് എങ്ങനെ എന്റെ ലീഗിലേക്ക് വരാന്‍ കഴിയും. സിനിമയില്‍ വരുന്ന ഒരു പുതിയ ആള്‍ അദ്ദേഹത്തിന്റേതായ സ്‌പേസ് ക്രിയേറ്റ് ചെയ്യേണ്ടി വരില്ലേ.

നല്ല കഥയും കഥാപാത്രങ്ങളും കിട്ടിയാലേ അത് പ്രൂവ് ചെയ്യാന്‍ പറ്റൂ. ഇന്ന് സിനിമ മാത്രമല്ല, ഒരുപാട് പ്ലാറ്റ്‌ഫോമുകള്‍ ഉണ്ട്. നല്ല വേഷങ്ങള്‍ കണ്ടെത്തി പ്രൂവ് ചെയ്യേണ്ടത് അവരാണ്.

പണ്ടൊക്കെ ഒരു 10 ദിവസം ഉണ്ടെില്‍ സിനിമ തീരും. ഇന്നത് 100 ദിവസമായി. മലയാളത്തില്‍ 2000, 3000 സിനിമകളൊക്കെ ചെയ്ത നടിമാര്‍ ഉണ്ട്.

സുകുമാരി ചേച്ചി, മനോരമ ചേച്ചി, ജഗതി ചേട്ടന്‍. ഇവരൊക്കെ അത്രയും സിനിമകളില്‍ അഭിനയിച്ചവരാണ്. 2000 സിനിമ എന്നതൊക്കെ വലിയ നമ്പറാണ്. അത്രയും സിനിമകളൊക്കെ ഇനി ചെയ്യുക എന്നത് ബുദ്ധിമുട്ടായിരിക്കും,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Actor Mohanlal Opinion About Actor Vijay Political Entry