ന്യൂദല്‍ഹി: സ്റ്റാന്‍ഡ് അപ്പ് കോമേഡിയന്‍ കുനാല്‍ കമ്രയ്‌ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ. കുനാല്‍ കമ്രയ്‌ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും നേരെയുള്ള നഗ്നമായ ലംഘനമാണെന്ന് വിശേഷിപ്പിച്ച സംഘടന എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനുള്ള മറുപടിയായി അക്രമത്തെ ഉപയോഗിക്കാനാവില്ലെന്നും പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ വേഗത്തില്‍ നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
‘കുനാല്‍ കമ്രയ്ക്കെതിരായ ആക്രമണത്തെ ഡി.വൈ.എഫ്.ഐ ശക്തമായി അപലപിക്കുന്നു. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും നേരെയുള്ള നഗ്നമായ ആക്രമണമാണ്. എതിര്‍പ്പിനുള്ള മറുപടിയായി ആക്രമണത്തെ ഉപയോഗിക്കാനാവില്ല. അതിനാല്‍
കുറ്റവാളികള്‍ക്കെതിരെ വേഗത്തിലുള്ള നടപടി സ്വീകരിക്കണമെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം സംരക്ഷിക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു,’ ഡി.വൈ.എഫ്.ഐയുടെ പോസ്റ്റില്‍ പറയുന്നു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയ്‌ക്കെതിരായ പരാമര്‍ശത്തില്‍ കുനാല്‍ കമ്രയ്‌ക്കെതിരെ വധഭീഷണിയടക്കം ഉയര്‍ന്നിരുന്നു. മാര്‍ച്ച് 23ന് പരിപാടിക്കിടെ ‘ദില്‍ തോ പാഗല്‍ ഹെ’ എന്ന ഗാനത്തിന്റെ പാരഡി പാടി ഷിന്‍ഡെ രാജ്യദ്രോഹിയാണെന്ന് കമ്ര വിശേഷിപ്പിക്കുകയുണ്ടായി.
പിന്നാലെ കുനാല്‍ കമ്രയുടെ പരാമര്‍ശത്തില്‍ പൊലീസ് കേസെടുത്തു. കമ്രയുടെ പരാമര്‍ശം വലിയ വിവാദമാണ് മഹാരാഷ്ട്രയില്‍ ഉണ്ടാക്കിയത്. രണ്ട് ദിവസത്തിനുള്ളില്‍ കമ്ര മാപ്പ് പറയണമെന്നും കമ്രക്കെതിരെ നടപടി എടുക്കണമെന്നും ശിവസേന നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ മാപ്പ് പറയണമെന്ന ശിവസേന നേതാക്കളുടെ ആവശ്യത്തെ കുനാല്‍ അംഗീകരിച്ചില്ല. താന്‍ ജനക്കൂട്ടത്തെ ഭയപ്പെടുന്നില്ലെന്ന് പറഞ്ഞ കമ്ര അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മാപ്പ് പറയില്ലെന്നും വ്യക്തമാക്കി.
‘ഏക്‌നാഥ് ഷിന്‍ഡെയെക്കുറിച്ച് അജിത് പവാര്‍ പറഞ്ഞതാണ് ഞാന്‍ പറഞ്ഞത്. ജനക്കൂട്ടത്തെ ഞാന്‍ ഭയപ്പെടുന്നില്ല. ഇത് അവസാനിക്കുന്നതുവരെ ഞാന്‍ എന്റെ കട്ടിലിനടിയില്‍ ഒളിച്ചിരിക്കാനുമില്ല,’ കുനാല്‍ കമ്ര എക്‌സില്‍ കുറിച്ചു.
ഷിന്‍ഡെയ്‌ക്കെതിരായ പരാമര്‍ശം ഷൂട്ട് ചെയ്ത മുംബൈ, ഖറിലെ സ്റ്റുഡിയോ ശിവസേന പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു. തൊട്ടുപിന്നാലെ അനധികൃത നിര്‍മാണമാണെന്ന് ആരോപിച്ചാണ് ഹാബിറ്ററ്റ് സ്റ്റുഡിയോ പൊളിക്കാന്‍ ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനും(ബി.എം.സി) ഉത്തരവിട്ടു.
Content Highlight: Attack on Kunal Kamra; Fundamental right to freedom of expression must be protected: DYFI