Entertainment
25 വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് ഇങ്ങനെയൊരു സീന്‍ ഞാന്‍ ചെയ്യുന്നതെന്ന് രാജു പറഞ്ഞു: വിപിന്‍ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 06, 03:07 pm
Saturday, 6th July 2024, 8:37 pm

തിയേറ്ററില്‍ ഈ വര്‍ഷം മികച്ച വിജയം നേടിയ ചിത്രങ്ങളിലൊന്നാണ് വിപിന്‍ ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പല നടയില്‍. പൃഥ്വിരാജും ബേസില്‍ ജോസഫുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബോക്‌സ് ഓഫീസില്‍ 90 കോടിക്ക് മുകളിലാണ് ചിത്രം കളക്ട് ചെയ്തത്. ഈ വര്‍ഷത്തെ നാലാമത്തെ 50 കോടി ചിത്രമാണിത്. പൃഥ്വിയുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ 50 കോടി ചിത്രം കൂടിയാണ് ഗുരുവായൂരമ്പല നടയില്‍.

ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ വിപിന്‍ ദാസ്. പൃഥ്വി തന്നോട് അധികം സംശയങ്ങള്‍ ചോദിക്കാറില്ലായിരുന്നെന്നും ചില സംശയങ്ങള്‍ക്ക് തന്റെ മറുപടി പൃഥ്വിയെ ഞെട്ടിച്ചിരുന്നെന്നും വിപിന്‍ ദാസ് പറഞ്ഞു. ചിത്രത്തിലെ കോമഡി സീനുകളിലൊന്നായ വാഴക്ക് കുഴി എടുക്കുന്ന സീനിന് മുമ്പ് പൃഥ്വി തന്നോട് സംശയം ചോദിച്ചുവെന്ന് വിപിന്‍ ദാസ് പറഞ്ഞു.

ആ സീനിന് തൊട്ടുമുമ്പുള്ള സീനും അതിന് ശേഷമുള്ള സീനും എന്താണെന്ന് പൃഥ്വി തന്നോട് ചോദിച്ചിരുന്നുവെന്നും എന്നാല്‍ ആ സീനുകള്‍ ഇതുവരെ എഴുതിയില്ലെന്ന് പറഞ്ഞപ്പോള്‍ പൃഥ്വി ഞെട്ടിയെന്നും വിപിന്‍ ദാസ് പറഞ്ഞു. തന്റെ 25 വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് താന്‍ ഇങ്ങനെയൊരു സീന്‍ ചെയ്യുന്നതെന്ന് പൃഥ്വി പറഞ്ഞെന്നും വിപിന്‍ ദാസ് കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് വിപിന്‍ ദാസ് ഇക്കാര്യം പറഞ്ഞത്.

‘പൃഥ്വി ഈ സിനിമയില്‍ എന്നോട് അധികം സംശയങ്ങളൊന്നും ചോദിച്ചിരുന്നില്ല. ചില സംശയങ്ങള്‍ക്ക് ഞാന്‍ കൊടുത്ത മറുപടി പൃഥ്വിക്ക് ഷോക്കായിരുന്നു. അതിലൊന്നായിരുന്നു വാഴക്ക് കുഴി എടുക്കുന്ന സീന്‍. അതിന് മുമ്പുള്ള സീനും അത് കഴിഞ്ഞിട്ടുള്ള സീനും എന്താണെന്ന് പൃഥ്വിക്ക് അറിയില്ലായിരുന്നു. ആ സീനൊന്നും നമ്മള്‍ എഴുതിയിട്ടുണ്ടായിരുന്നില്ല.

പൃഥ്വിയോട് ഇത് പറഞ്ഞപ്പോള്‍ പുള്ളി ഞെട്ടിപ്പോയി. ‘എന്റെ 25 വര്‍ഷത്തെ കരിയറില്‍ ആദ്യമായിട്ടാണ് മുന്നും പിന്നും അറിയാതെ ഒരു സീന്‍ എടുക്കുന്നത്. പുള്ളിക്ക് ഇതൊക്കെ ആദ്യത്തെ എക്‌സപീരിയന്‍സാണ്. ഓരോ സീനും നമ്മള്‍ ഇടക്ക് ചേര്‍ത്ത് വരുമ്പോള്‍ ഒരു കംപ്ലീറ്റ് പിക്ചര്‍ നമുക്ക് കിട്ടിയിട്ടുണ്ടായിരുന്നില്ല. കിട്ടുന്ന സീനുകള്‍ അപ്പോ അപ്പോ എടുത്ത് പോവുകയായിരുന്നു പതിവ്. ആദ്യം അത്ര കംഫര്‍ട്ടായിരുന്നില്ലെങ്കിലും പിന്നീട് പൃഥ്വി ഇതിനോട് പിന്നീട് സെറ്റായി,’ വിപിന്‍ ദാസ് പറഞ്ഞു.

Content Highlight: Vipin Das shares the shooting experience of Guruvayoor Ambalanadayil movie and Prithviraj