പൃഥ്വിയെ ഒരു ചെറിയ വീടിനുള്ളില്‍ തളച്ചിടാനാണ് എനിക്ക് ആഗ്രഹം, അങ്ങനെയൊരു പ്രൊജക്ട് ഉടനെ ഉണ്ടാകും: വിപിന്‍ ദാസ്
Entertainment
പൃഥ്വിയെ ഒരു ചെറിയ വീടിനുള്ളില്‍ തളച്ചിടാനാണ് എനിക്ക് ആഗ്രഹം, അങ്ങനെയൊരു പ്രൊജക്ട് ഉടനെ ഉണ്ടാകും: വിപിന്‍ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th May 2024, 4:45 pm

പൃഥ്വിരാജ് എന്ന നടനെ സാധാരണ മിഡില്‍ ക്ലാസ് വീട്ടിലുള്ള ആളായി ചിത്രീകരിക്കാനാണ് തനിക്ക് ആഗ്രഹമെന്നും അങ്ങനെയൊരു സിനിമ അധികം വൈകാതെ ഉണ്ടാകുമെന്നും സംവിധായകന്‍ വിപിന്‍ ദാസ്. പുതിയ ചിത്രമായ ഗുരുവായൂരമ്പല നടയിലിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് വിപിന്‍ ഇക്കാര്യം പറഞ്ഞത്.

സലാര്‍, ബഡേ മിയാന്‍, ജന ഗണ മന പോലുള്ള സിനിമകളില്‍ കാണുന്നതുപോലെ എപ്പോഴും യുദ്ധവും ബഹളവും എല്ലാം മാറ്റി ഒരു ചെറിയ വീട്ടിനുള്ളില്‍ കൊണ്ടിടാനാണ് തന്റെ ആഗ്രഹമെന്നും വിപിന്‍ പറഞ്ഞു. ചെറിയ സ്‌പെയ്‌സില്‍ ഒതുങ്ങാത്ത പൃഥ്വിയെ അങ്ങനെ പ്രസന്റ് ചെയ്താല്‍ അതിലൊരു പുതുമ ഉണ്ടാകുമെന്നും വിപിന്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമക്ക് ശേഷം ആ സിനിമയിലേക്ക് കടക്കുമെന്നും വിപിന്‍ പറഞ്ഞു.

‘പൃഥ്വിയെ നമ്മള്‍ ഈയടുത്ത് കൂടുതലും കണ്ടിട്ടുള്ളത് സലാര്‍, ബഡേ മിയാന്‍ പോലുള്ള വലിയ സിനിമകളിലാണ്. അപ്പോള്‍ അങ്ങനെയുള്ള പൃഥ്വിയെ ഒരു ചെറിയ വീട്ടില്‍ കൊണ്ടിട്ടാല്‍ എങ്ങനെയുണ്ടാകും എന്നാണ് എന്റെ ചിന്ത. അങ്ങനെയൊരു സിനിമ എന്റെ ആലോചനയിലുണ്ട്. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമയുടെ പണികള്‍ കഴിഞ്ഞാല്‍ ഞാന്‍ അതിലേക്ക് കടക്കും.

പൃഥ്വി ഒരിക്കലും ഇങ്ങനെയുള്ള ചെറിയ വീട്ടില്‍ ഒതുങ്ങില്ല. ജയ ജയ ജയ ജയ ഹേയിലൊക്കെ കാണുന്ന പോലുള്ള വീട്ടില്‍ പൃഥ്വിയെ അടക്കി നിര്‍ത്താനുള്ള ശ്രമത്തിലാണ് ഞാന്‍. അതില്‍ നിന്ന് നല്ല തമാശയും, ഇമോഷനുമല്ലാം കിട്ടും. ജയ ജയ ജയ  ജയഹേ പോലുള്ള സിനിമയായിരിക്കും അത്. രാജുവിനും ആ കഥ ഇഷ്ടപ്പെട്ടിട്ടുണ്ട്. എന്റെയും കുറേക്കാലമായുള്ള ആഗ്രഹമാണ് രാജുവിനെ അങ്ങനെ പ്രസന്റ് ചെയ്യാന്‍,’ വിപിന്‍ ദാസ് പറഞ്ഞു.

Content Highlight: Vipin Das saying that he wish to do a small family movie with Prithviraj