ഒരൊറ്റ സീനില്‍ മാത്രമേ ജോമോന്റെ കഥാപാത്രം ഉണ്ടായിരുന്നുള്ളൂ: വിപിന്‍ ദാസ്
Film News
ഒരൊറ്റ സീനില്‍ മാത്രമേ ജോമോന്റെ കഥാപാത്രം ഉണ്ടായിരുന്നുള്ളൂ: വിപിന്‍ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 24th May 2024, 1:04 pm

ടര്‍ബോയുടെ റിലീസിന്റെയും കോരിച്ചൊരിയുന്ന മഴയുടെയും ഇടയില്‍ രണ്ടാം വാരവും ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനമാണ് ഗുരുവായൂരമ്പല നടയില്‍ കാഴ്ച വെക്കുന്നത്. വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജും ബേസില്‍ ജോസഫുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു കല്യാണവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന പ്രശ്‌നങ്ങളുമാണ് സിനിമയുടെ കഥ.

സിനിമ കണ്ട എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ച കഥാപാത്രമാണ് ജോമോന്‍ ജ്യോതിര്‍ അവതരിപ്പിച്ച സൈക്ക്യാട്രിസ്റ്റ് ജോസ്. രണ്ടാം പകുതിയില്‍ ജോമോന്‍ വരുന്ന സീനുകളെല്ലാം ഗംഭീരമായിരുന്നു. എന്നാല്‍ സ്‌ക്രിപ്റ്റ് എഴുതിയ സമയത്ത് ആ കഥാപാത്രം ഒരൊറ്റ സീനില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് സംവിധായകന്‍ വിപിന്‍ ദാസ് പറഞ്ഞു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് വിപിന്‍ ഇക്കാര്യം പറഞ്ഞത്.

‘സത്യം പറഞ്ഞാല്‍ ജോമോന്റെ കഥാപാത്രം ഒരൊറ്റ സീനില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഹോസ്പിറ്റലില്‍ വെച്ച് കാണുന്ന സീനില്‍ മാത്രം ജോമോന്‍ മതിയെന്നായിരുന്നു പ്ലാന്‍. പക്ഷേ അവന്റെ പെര്‍ഫോമന്‍സ് കണ്ടപ്പോള്‍ ഒന്നുരണ്ട് സീന്‍ കൂടെ കൊടുക്കാമെന്ന് തോന്നി. ആ പിക്കപ്പ് ലൈന്‍ സീന്‍ എഴുതിയിട്ട് അവന് കൊടുത്തു. ഞാനും ദീപുവും ചേര്‍ന്നാണ് അതൊക്കെ എഴുതിയത്.

പിന്നീട് വീട്ടിലേക്ക് ഗ്യാസ്‌കുറ്റിയും കൊണ്ട് കേറിച്ചെല്ലുന്ന സീന്‍ സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നില്ല. ഗ്യാസ് കുറ്റിയും കൊണ്ട് ചെന്ന് ബഹളം വെക്കാന്‍ മാത്രമേ അവനോട് പറഞ്ഞുള്ളൂ. ആ ഡയലോഗ് മൊത്തം അവന്‍ കൈയില്‍ നിന്ന് ഇട്ടതാ. പിന്നെ പൃഥ്വിയുടെ വീട്ടിലേക്ക് പക്ഷിശാസ്ത്രക്കാരനായി ചെല്ലാനുള്ള ഐഡിയ പട്ടണപ്രവേശം കണ്ടിട്ടാണ് ഉണ്ടാക്കിയത്. നാളെയാണ് ഷൂട്ടെങ്കില്‍ ഇന്നാണ് ആ സീന്‍ ആഡ് ചെയ്തത്.

പക്ഷേ ആ സീനിലെ പ്രശ്‌നം എന്തായിരുന്നെന്ന് വെച്ചാല്‍ കിളിയെ കൂട്ടിലിട്ട് വെക്കുന്നത് കാണിക്കാന്‍ പറ്റില്ല. സി.ജി.ഐ ചെയ്യാമെന്ന് ആദ്യം നോക്കിയെങ്കിലും അതും നടന്നില്ല. ഷൂട്ട് ചെയ്യാന്‍ നേരത്ത് അവനോട് എന്തെങ്കിലും പറഞ്ഞ് പിടിച്ച് നില്‍ക്കാന്‍ പറഞ്ഞപ്പോഴാണ് സിദ്ധിയുടെ കാര്യം അവന്‍ എടുത്തിട്ടത്,’ വിപിന്‍ ദാസ് പറഞ്ഞു.

Content Highlight: Vipin Das saying that he planned only one scene for Joemon in Guruvayoor Ambalanadayil