വീണ്ടും റെക്കോഡ്; ബ്രസീലുകാരന് മുന്നിൽ ഇനി മെസിയും ഇതിഹാസങ്ങളും മാത്രം
Football
വീണ്ടും റെക്കോഡ്; ബ്രസീലുകാരന് മുന്നിൽ ഇനി മെസിയും ഇതിഹാസങ്ങളും മാത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 14th February 2024, 7:55 pm

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന് വിജയം. ജര്‍മന്‍ ക്ലബ്ബ് ആര്‍.ബി ലെപ്‌സിക്കിനെ എതിരില്ലാത്ത ഒരു ഗോളിനാണ് റയല്‍ പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ സൂപ്പര്‍താരം വിനീഷ്യസ് ജൂനിയര്‍. റയല്‍ മാഡ്രിഡിനായി 50 ചാമ്പ്യന്‍സ് ലീഗ് മത്സരമാണ് ബ്രസീലിയന്‍ താരം കളിച്ചത്.

ഇതിന് പിന്നാലെയാണ് വിനീഷ്യസ് റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. ചാമ്പ്യന്‍സ് ലീഗില്‍ 50 ത്സരങ്ങൾ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ താരമെന്ന നേട്ടമാണ് വിനീഷ്യസ് ജൂനിയര്‍ സ്വന്തമാക്കിയത്. ഐക്കര്‍ കസിയസ്, സീസ് ഫാബറിക്കാസ്, കിലിയന്‍ എംബാപ്പെ, ലയണല്‍ മെസി എന്നീ താരങ്ങളാണ് ബ്രസീലിയന്‍ താരത്തിന് മുന്നിലുള്ളത്.

ആര്‍.ബി ലെപ്‌സിക്കിന്റെ തട്ടകമായ റെഡ്ബുള്‍ അറീനയില്‍ നടന്ന മത്സരത്തില്‍ 4-3-1-2 എന്ന ഫോര്‍മേഷന്‍ ആണ് റയല്‍ മാഡ്രിഡ് പിന്തുടര്‍ന്നത്. മറുഭാഗത്ത് 4-2-2-2 എന്ന ശൈലിയുമാണ് ആതിഥേയര്‍ പിന്തുടര്‍ന്നത്.

മത്സരത്തിന്റെ ആദ്യപകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാൻ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയില്‍ 48ാം മിനിട്ടില്‍ ബ്രാഹ് ഡയസാണ് റയലിനായി ഏകഗോള്‍ നേടിയത്.

മറുപടി ഗോളിനായി ആതിഥേയര്‍ മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും റയല്‍ മാഡ്രിഡ് പ്രതിരോധം ശക്തമായി നിലനില്‍ക്കുകയായിരുന്നു.

സ്പാനിഷ് ലീഗില്‍ ഫെബ്രുവരി 18ന് റയോ വല്ലെക്കാനോക്കെതിരെയാണ് റയലിന്റെ അടുത്ത മത്സരം.

Content Highlight: Vinicias junior Youngest players to make 50 Champions League appearances