Entertainment
എനിക്കെങ്ങും വേണ്ട ഈ പൈസയെന്ന് പറഞ്ഞ രാജു ആ ചെക്ക് വാങ്ങിയില്ല: വിനീത് ശ്രീനിവാസന്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Apr 03, 04:41 am
Wednesday, 3rd April 2024, 10:11 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വിനീത് ശ്രീനിവാസന്‍. താരത്തിന്റെതായി 11 വര്‍ഷം മുമ്പ് 2013ല്‍ പുറത്തിറങ്ങിയ ആല്‍ബമാണ് മിന്നലഴകേ. വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ഈ ആല്‍ബത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്.

വിനീത് ശ്രീനിവാസന്‍ ജേക്‌സ് ബിജോയ് എന്നിവര്‍ ചേര്‍ന്ന് പാടിയ ആല്‍ബത്തില്‍ പൃഥ്വിരാജ് സുകുമാരനും റോമയും ഒന്നിച്ചിരുന്നു. ആ ആല്‍ബത്തിന് വേണ്ടി പൃഥ്വി പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് പറയുകയാണ് വിനീത് ശ്രീനിവാസന്‍. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഫില്‍മി ബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

താനും ജേക്‌സ് ബിജോയും ചേര്‍ന്ന് ആല്‍ബത്തിന്റെ ഷൂട്ട് കഴിഞ്ഞ ശേഷം പൃഥ്വിരാജിന് ചെക്ക് കൊടുക്കാന്‍ പോയിരുന്നു എന്നാണ് വിനീത് പറയുന്നത്. എന്നാല്‍ ആ ചെക്ക് പൃഥ്വി വാങ്ങിയില്ലെന്നും ആ പണം ആല്‍ബത്തിന്റെ മാര്‍ക്കറ്റിങ്ങില്‍ ഇട്ടോളുവെന്നാണ് പൃഥ്വിരാജ് പറഞ്ഞതെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ആല്‍ബം ചെയ്യുന്ന സമയത്ത് ‘മിന്നലഴകേ’യില്‍ രാജു ഉണ്ടായിരുന്നു. ഞാനും ജേക്‌സും ചേര്‍ന്ന് അത് ഷൂട്ട് ചെയ്ത ശേഷം ഒരു ചെക്ക് കൊണ്ടുകൊടുത്തു. അപ്പോള്‍ രാജു അത് വാങ്ങിയില്ല. ‘എനിക്കെങ്ങും വേണ്ട. ഈ പൈസ നിങ്ങള്‍ മാര്‍ക്കറ്റിങ്ങില്‍ ഇട്ടോ. നിങ്ങളുടെ ആല്‍ബം അടിപൊളിയാകട്ടെ’ എന്നാണ് പറഞ്ഞത്,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലാണ് നായകനായി എത്തുന്നത്. വന്‍ താരനിര ഒന്നിക്കുന്ന ചിത്രത്തില്‍ ഷാന്‍ റഹ്‌മാനും ഒരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. അഭിമുഖത്തില്‍ ഷാന്‍ റഹ്‌മാനെ കുറിച്ചും വിനീത് സംസാരിച്ചു.

‘കഥ കേള്‍ക്കുമ്പോള്‍ അതിനെ വിമര്‍ശിക്കുന്ന ആളല്ല ഷാന്‍ റഹ്‌മാന്‍. അവന്‍ വളരെ ആസ്വദിച്ചു കൊണ്ട് കഥ കേള്‍ക്കുന്ന ഒരാളാണ്. വിമര്‍ശനം കേള്‍ക്കണമെങ്കില്‍ ഷാനിന്റെ അടുത്ത് പോയിട്ട് കാര്യമില്ല. എന്നാല്‍ എന്താണ് ഓഡിയന്‍സിന്റെ മുന്നില്‍ വര്‍ക്കാകുകയെന്ന് ഷാനിനോട് ചോദിക്കാം. കഥയിലെ ഹ്യൂമര്‍ കേട്ട് ഷാന്‍ ചിരിച്ചാല്‍ ഓഡിയന്‍സ് ചിരിക്കുമെന്ന കണക്കുകൂട്ടല്‍ നമുക്ക് ഉണ്ടാകും.

അവന്‍ വളരെ ആസ്വദിച്ചു കൊണ്ട് കഥ കേള്‍ക്കുന്ന ആളാണ്. അപ്പോള്‍ പോസിറ്റീവ് ആയിരിക്കും അവന്‍ കൂടുതല്‍ എന്‍ജോയ് ചെയ്യുക. എന്നാല്‍ നമുക്ക് നെഗറ്റീവ് ആയ കാര്യങ്ങള്‍ കൂടെ നോക്കുന്ന ആള് വേണല്ലോ,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.


Content Highlight: Vineeth Sreenivasan Talks About Prithviraj Sukumaran And Minnalazhake Album