Advertisement
Entertainment news
ഹിഷാമിന്റെ വീട്ടില്‍ ചെറിയ സ്റ്റുഡിയോ മുറിയിലിരുന്ന് പാട്ടൊരുക്കി; റിലീസ് ചെയ്യുന്നത് വരെ ഞങ്ങളുടെ ഹൃദയത്തിന്റെ ചെറിയ ഭാഗങ്ങള്‍ പുറത്തുവിട്ടുകൊണ്ടിരിക്കും: വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Oct 26, 11:59 am
Tuesday, 26th October 2021, 5:29 pm

പ്രണവ് മോഹന്‍ലാല്‍, ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ചിത്രമാണ് ഹൃദയം. സിനിമയിലെ ‘ദര്‍ശന’ എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

വലിയ സ്വീകാര്യതയാണ് പാട്ടിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. 23 ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ പാട്ട് യുട്യൂബില്‍ കണ്ടത്.

പാട്ട് ഹിറ്റായതിന്റെ പശ്ചാത്തലത്തില്‍ പ്രേക്ഷകര്‍ക്ക് നന്ദി പറയുകയാണ് സംവിധായകനായ വിനീത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു താരം പാട്ടിനെക്കുറിച്ച് സംസാരിച്ചത്.

”ഞങ്ങളുടെ പാട്ടിന് നിങ്ങളെല്ലാവരും തരുന്ന അതിര് കവിഞ്ഞ പ്രതികരണത്തിന് വളരെയധികം നന്ദി. 2019 ജൂലൈയിലാണ് ‘ദര്‍ശന’ കംപോസ് ചെയ്യുന്നത്. ഹിഷാം അബ്ദുല്‍ വഹാബിന്റെ വീട്ടിലെ ചെറിയൊരു സ്റ്റുഡിയോ മുറിയില്‍ വെച്ചായിരുന്നു ചിട്ടപ്പെടുത്തിയത്.

മൈക്കിന് മുന്നില്‍ നിന്ന് ഒറ്റ ടേക്കില്‍ ആ മെലഡി അദ്ദേഹം പാടിയപ്പോള്‍ എനിക്ക് അനുഭവപ്പെട്ട ആ മാജിക് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ഏകദേശം രണ്ട് വര്‍ഷവും മൂന്ന് മാസവുമാണ് ഈ പാട്ട് പുറത്തുവരാന്‍ വേണ്ടി ഞങ്ങള്‍ കാത്തിരുന്നത്.

ഞങ്ങള്‍ ഈ സിനിമയ്ക്ക്, ഞങ്ങളുടെ ഹൃദയത്തിന് എല്ലാം നല്‍കുകയാണ്. ജനുവരിയില്‍ ചിത്രം റിലീസ് ചെയ്യും. അതുവരെ ഞങ്ങളുടെ ഹൃദയത്തിന്റെ ചെറിയ ചെറിയ ഭാഗങ്ങള്‍ ഇങ്ങനെ പുറത്തുവിട്ട് കൊണ്ടിരിക്കും.

ഹിഷാം ഈ പാട്ടിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. സ്‌നേഹത്തിന് എല്ലാവര്‍ക്കും നന്ദി,” വിനീത് കുറിച്ചു.

പാട്ടിന് സംഗീതം നിര്‍വഹിച്ചത് ഹിഷാം അബ്ദുല്‍ വഹാബാണ്. ദര്‍ശന രാജേന്ദ്രനും ഹിഷാമും ചേര്‍ന്ന് ആലപിച്ച ഗാനത്തിന്റെ വരികളെഴുതിയത് അരുണ്‍ ആലാട്ട് ആണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Vineeth Sreenivasan talks about ‘darshana’ song