കാണേണ്ട മൂന്ന് ക്ലാസിക്ക് സിനിമകൾ ഇതാണെന്ന് പറഞ്ഞ് അച്ഛൻ അന്ന് ആ ചിത്രങ്ങൾ എനിക്ക് തന്നു: വിനീത് ശ്രീനിവാസൻ
Entertainment
കാണേണ്ട മൂന്ന് ക്ലാസിക്ക് സിനിമകൾ ഇതാണെന്ന് പറഞ്ഞ് അച്ഛൻ അന്ന് ആ ചിത്രങ്ങൾ എനിക്ക് തന്നു: വിനീത് ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 23rd October 2024, 2:10 pm

മലയാളികൾക്കിടയിൽ പ്രത്യേക സ്ഥാനമുള്ള ആളാണ് വിനീത് ശ്രീനിവാസൻ. ഗായകനായി തന്റെ കരിയർ തുടങ്ങിയ വിനീത് ശ്രീനിവാസൻ, ഇന്ന് മലയാളത്തിലെ ഒരു ഹിറ്റ്‌ മേക്കർ സംവിധായകനും നടനും നിർമാതാവുമെല്ലാമാണ്. ഏറ്റവും ഒടുവിൽ വിനീതിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രവും തിയേറ്ററിൽ ശ്രദ്ധ നേടിയിരുന്നു.

ആദ്യ സംവിധാനമായി പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ് മുതൽ മലയാളത്തിലെ ഒരു മിനിമം ഗ്യാരന്റി സംവിധായകനായി മാറാൻ വിനീതിന് കഴിഞ്ഞിരുന്നു. സിനിമയെ ഇഷ്ടപ്പെടാൻ തുടങ്ങിയതിനെ കുറിച്ച് സംസാരിക്കുകയാണ് വിനീത് ശ്രീനിവാസൻ. സിനിമയെ സീരിയസായി കാണാൻ തുടങ്ങിയപ്പോൾ ഒരുപാട് സിനിമകൾ കാണുമായിരുന്നുവെന്നും അത് മനസിലാക്കിയ അച്ഛൻ തനിക്ക് മൂന്ന് ക്ലാസിക് സിനിമകൾ സജസ്റ്റ് ചെയ്‌തെന്നും വിനീത് പറയുന്നു.

താനും കസിനും കൂടെ ഒരുപാട് സിനിമകൾ കാണുമായിരുന്നുവെന്നും അങ്ങനെ ഒരുപാട് കാസറ്റുകൾ വാങ്ങിയിരുന്നുവെന്നും വിനീത് പറയുന്നു. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വി.എച്ച്.എച്ച് മാറി വി.സി.പിയും ഡി.വി.ഡിയും വരുന്ന സമയമാണ്. ഞാനും എന്റെ ഒരു കസിനും കൂടി പോയി ബള്‍ക്കായി ഒരുപാട് സിനിമകളുടെ വി.എച്ച്.എസ് കാസറ്റുകള്‍ വാങ്ങിക്കൂട്ടി. അന്ന് അദ്ദേഹത്തിന് ജോലിയുണ്ടായിരുന്നു. കാസറ്റുകള്‍ വാങ്ങാനുള്ള പണമൊക്കെ അദ്ദേഹമാണ് തരുന്നത്.

അത്തരത്തില്‍ ക്ലാസിക് സിനിമകളൊക്കെ വാങ്ങി കാണാന്‍ തുടങ്ങി. ലൈബ്രറിയില്‍ പോയി ചില മെറ്റീരിയല്‍സൊക്കെ കളക്ട് ചെയ്ത് പഠിക്കാന്‍ തുടങ്ങി. സിനിമകളോട് വല്ലാത്തൊരു താത്പര്യം തോന്നിത്തുടങ്ങി. അങ്ങനെയാണ് കുറസോവ സിനിമകളും മറ്റും ഞാൻ കാണുന്നത്. എന്റെ ഈ കളക്ഷന്‍സൊക്കെ കണ്ടപ്പോള്‍ ഒരു ദിവസം അച്ഛന്‍ എന്നോട് ക്ലാസിക് സിനിമകള്‍ കാണാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചു.

ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അങ്ങനെയാണെങ്കില്‍ നീ ആദ്യം കാണേണ്ട മൂന്ന് സിനിമകള്‍ ഉണ്ടെന്ന് പറഞ്ഞു. സിനിമാ പാരഡൈസ്, ഗുഡ് ബാഡ് ആന്റ് അഗ്ലി, ലോറന്‍സ് ഓഫ് അറേബ്യ എന്നീ ചിത്രങ്ങളായിരുന്നു അച്ഛന്‍ സജസ്റ്റ് ചെയ്തത്. മൂന്നും മൂന്ന് തരം സിനിമകളാണ്. ഈ മൂന്ന് സിനിമകള്‍ കണ്ടാല്‍ നിനക്ക് ഏകദേശമൊരു ധാരണ ലഭിക്കുമെന്ന് പറഞ്ഞു. അതായിരുന്നു തുടക്കം,’ വിനീത് പറഞ്ഞു.

Content Highlight: Vineeth Sreenivasan About Sreenivasan’s Movie Suggestions