Film News
സെല്‍വയുടെ മരണം യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്, അതേ സ്ഥലത്ത് ഷൂട്ട് ചെയ്തപ്പോള്‍ ശരിക്കും വിഷമിച്ചു: വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Feb 10, 11:38 am
Thursday, 10th February 2022, 5:08 pm

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത അഞ്ചാമത്തെ ചിത്രമാണ് ഹൃദയം. എന്നാല്‍ മുന്‍സിനിമകളില്‍ നിന്നും വ്യത്യസ്തമായി ഹൃദയം പുറത്തിറങ്ങിയപ്പോള്‍ ധാരാളം തമിഴ് പ്രേക്ഷകര്‍ വിനീതിനെ വിളിച്ച് അഭിനന്ദിച്ചിരുന്നു. ആദ്യ പകുതി മുഴുവനായും രണ്ടാം പകുതിയുടെ ഏതാനും ഭാഗങ്ങളും ചെന്നൈയിലായിരുന്നു ഷൂട്ട് ചെയ്തത്.

പഠനകാലം മുതല്‍ തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും വിനീത് ചെലവഴിച്ചത് ചെന്നൈയിലായിരുന്നു. അതിനാല്‍ തന്നെ വിനീതിന് ചെന്നൈയോടുള്ള സ്‌നേഹവും, തന്റെ ജീവിതത്തിലെ തന്നെ ചില അനുഭവങ്ങളും ഹൃദയത്തിലൂടെ പറയുകയായിരുന്നു.

സിനിമയില്‍ പറയുന്ന പല കാര്യങ്ങളും യഥാര്‍ത്ഥത്തില്‍ തന്റെ കോളേജ് കാലത്ത് സംഭവിച്ചതാണെന്നും സെല്‍വ എന്ന കഥാപാത്രം മരിക്കുന്ന രംഗം അത്തരത്തിലൊന്നാണെന്നും വിനീത് പറഞ്ഞു. സിനിമാ വികടന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് കോളേജ് കാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ചത്.

‘സെല്‍വ എന്ന കഥാപാത്രം സിനിമയില്‍ മരിക്കുകയാണ്. ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു സംഭവം നടന്നിരുന്നു. എന്റെ സുഹൃത്തായിരുന്നെങ്കിലും വളരെ അടുത്ത ബന്ധമായിരുന്നില്ല. എന്നാല്‍ എന്റെ സുഹൃത്തിനോട് മരിച്ച ആള്‍ക്ക് വലിയ അടുപ്പമുണ്ടായിരുന്നു.

അവന്‍ എന്തുമാത്രം വിഷമിച്ചിട്ടുണ്ടെന്ന് അന്ന് ഞാന്‍ കണ്ടതാണ്. അതേ സ്ഥലത്ത് അത് വീണ്ടും ഷൂട്ട് ചെയ്യുമ്പോള്‍ വല്ലാതെയായിരുന്നു. എഴുതിയപ്പോള്‍ അങ്ങനെയൊന്നും തോന്നിയിരുന്നില്ല. ഓര്‍മയില്‍ വരുന്നുണ്ടായിരുന്നു. പക്ഷേ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം ഷൂട്ട് ചെയ്തപ്പോള്‍ ആ വേദന ശരിക്കും മനസിലേക്ക് വന്നു. അതുകൊണ്ട് ഞാനത് പെട്ടെന്ന് ഷൂട്ട് ചെയ്ത് തീര്‍ത്തു,’ വിനീത് പറഞ്ഞു.

സിനിമ കണ്ട് നിരവധി പേരാണ് സെല്‍വയെ പോലൊരു സുഹൃത്ത് തങ്ങള്‍ക്കുമുണ്ടായിരുന്നു എന്ന് പറഞ്ഞത്.

അതുപോലെ പ്രണവിന്റെ കഥാപാത്രമായ അരുണ്‍ പഠിച്ച ക്ലാസ് തന്റെ ക്ലാസ് തന്നെയായിരുന്നുവെന്നും വിനീത് പറഞ്ഞു. ‘ക്ലാസ് നടക്കുന്ന സമയത്താണ് സിനിമ ഷൂട്ട് ചെയ്തത്. അതുകൊണ്ട് തന്നെ ഫ്രീയായിട്ടുള്ള ക്ലാസ് മാത്രമേ ഷൂട്ട് ചെയ്യാന്‍ തരികയുള്ളൂവെന്ന് കോളേജ് അധികൃതര്‍ പറഞ്ഞിരുന്നു. പക്ഷേ കറക്ടായിട്ട് എന്റെ ക്ലാസ് തന്നെ കിട്ടുകയായിരുന്നു. അതുപോലെ ദര്‍ശന പഠിച്ച ക്ലാസും ഭാര്യയായ ദിവ്യയുടെതാണ്.

ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ചിത്രീകരിച്ചപ്പോള്‍ സീനിയേഴ്‌സ് വന്ന് റാഗ് ചെയ്യാതിരിക്കാനായി നിര്‍മിച്ച ഗ്രില്‍ യഥാര്‍ത്ഥത്തില്‍ അതിനുവേണ്ടി തന്നെ ഉള്ളതായിരുന്നു. പഠിക്കുന്ന കാലത്ത് മലയാളി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നന്നായി റാഗ് ചെയ്യുമായിരുന്നു,’ വിനീത് പറഞ്ഞു.


Content Highlight: vineeth sreenivasan about his relatable experience from hridayam movie