Entertainment
മമ്മൂക്കയെയും ലാലേട്ടനെയും പോലെ ആ യുവ നടനൊപ്പവും എനിക്ക് സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്: വിനീത് ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 30, 05:01 pm
Thursday, 30th January 2025, 10:31 pm

മലയാളികള്‍ക്കിടയില്‍ പ്രത്യേക സ്ഥാനമുള്ള ആളാണ് വിനീത് ശ്രീനിവാസന്‍. ഗായകനായി തന്റെ കരിയര്‍ തുടങ്ങിയ വിനീത് ശ്രീനിവാസന്‍, ഇന്ന് മലയാളത്തിലെ ഒരു ഹിറ്റ് മേക്കര്‍ സംവിധായകനും നടനും നിര്‍മാതാവുമെല്ലാമാണ്.

ഏറ്റവും ഒടുവില്‍ വിനീതിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രവും തിയേറ്ററില്‍ ശ്രദ്ധ നേടിയിരുന്നു. വിനീത് നായകനാവുന്ന ഒരു ജാതി ജാതകം എന്ന സിനിമയും റിലീസിന് ഒരുങ്ങുകയാണ്.

മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം മലയാളികൾക്ക് ഓർത്തിരിക്കാൻ നിരവധി ചിത്രങ്ങൾ സമ്മാനിച്ച വ്യക്തിയാണ് ശ്രീനിവാസൻ. ഇപ്പോഴിതാ തനിക്ക് മോഹൻലാലിനോടൊപ്പവും മമ്മൂട്ടിയോടൊപ്പവും സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് വിനീത് പറയുന്നു.

അതുപോലെ പൃഥ്വിരാജിനൊപ്പം പടം ചെയ്യാനും താത്പര്യമുണ്ടെന്നും വിനീത് പറഞ്ഞു. എന്നാൽ തനിക്ക് തൃപ്തി വരുന്ന ഒരു തിരക്കഥ റെഡിയായിട്ടില്ലെന്നും ഉടനെയൊന്നും സിനിമയുണ്ടാവാൻ സാധ്യതയില്ലെന്നും വിനീത് കൂട്ടിച്ചേർത്തു.

‘എനിക്ക് വലിയ ആഗ്രഹമുണ്ട് ലാലേട്ടന്റെയും മമ്മൂക്കയുടെയും കൂടെ ഒരു പടം ചെയ്യണമെന്ന്. അതുപോലെ രാജു. ഇവരെല്ലാം എനിക്ക് ഒരുപാട് ഇഷ്ടമുള്ള ആളുകളാണ്. ആരാധനയുള്ള ആളുകളാണ്, വർക്ക്‌ ചെയ്യണമെന്ന് താത്പര്യമുള്ള ആളുകളാണ്. ഞാൻ അവരെ വെച്ച് ചില സ്ക്രിപ്റ്റ് എല്ലാം പ്ലാൻ ചെയുന്നുണ്ട്. പക്ഷെ എനിക്കൊരു തൃപ്തി വരുന്നപോലെ ആയിട്ടില്ല. പെട്ടെന്നൊന്നും ഉണ്ടാവാൻ സാധ്യതയില്ല.

കാരണം അങ്ങനെ തൃപ്തി വരുന്ന ഒരു വിഷയത്തിലേക്ക് ഞാൻ എത്തിയിട്ടില്ല. ഞാനൊരു കഥ ആലോചിക്കുമ്പോൾ തന്നെ ഒരു മൂന്നാല് കൊല്ലം അതിങ്ങനെ കൊണ്ടുനടക്കാറുണ്ട്. എന്നിട്ടാണ് സിനിമയെ കുറിച്ച് ആലോചിക്കുക,’വിനീത് ശ്രീനിവാസൻ പറയുന്നു.

അരവിന്ദന്റെ അതിഥികൾ എന്ന വിജയ ചിത്രത്തിന് ശേഷം എം. മോഹനനും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ഒരു ജാതി ജാതകം. ഹ്യൂമറിന് പ്രാധാന്യം നൽകിയൊരുക്കിയ സിനിയമയിൽ നിഖില വിമൽ, സയനോര തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

 

Content Highlight: Vineeth Sreenivasan About His Dream Projects