ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. റോയല്‍സിന്റെ തട്ടകമായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ ആറ് റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് രാജസ്ഥാന്‍ നേടിയത്. ഇതോടെ ആദ്യ മൂന്ന് മത്സരങ്ങളില്‍ രാജസ്ഥാന് വേണ്ടി ക്യാപ്റ്റനായ റിയാന്‍ പരാഗിന് തന്റെ ക്യാപ്റ്റന്‍സിയില്‍ ആദ്യ വിജയം ടീമിന് നേടിക്കൊടുക്കാനും സാധിച്ചു.
എന്നാല്‍ രാജസ്ഥാന്‍ ആരാധകര്‍ക്ക് ഇപ്പോള്‍ മറ്റൊരു സന്തോഷവാര്‍ത്തയാണ് വന്നിരിക്കുന്നത്. കൈവിരലിന് പരിക്ക് പറ്റി, ആദ്യത്തെ മൂന്ന് മത്സരങ്ങില്‍ ടീമിന്റെ ക്യാപ്റ്റന്‍സിയില്‍ നിന്നും വിക്കറ്റ് കീപ്പിങ് റോളില്‍ നിന്നും മാറി നിന്ന സഞ്ജു സാംസണ്‍ ഫുള്‍ ടൈം പ്ലെയറായി ടീമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. പരിക്ക് കാരണം ആദ്യത്തെ മൂന്ന് മത്സരങ്ങളില്‍ ടീമിന് വേണ്ടി ബാറ്റിങ് റോളില്‍ മാത്രമായിരുന്നു സഞ്ജു ഇറങ്ങിയത്.
സെന്റര്‍ ഓഫ് എക്സലന്‍സില്‍ നിന്ന് ക്യാപ്റ്റന്‍സിയും വിക്കറ്റ് കീപ്പിങ്ങും ഉള്‍പ്പെടെയുള്ള ചുമതലകള്‍ക്കുള്ള അനുമതിയാണ് ഇപ്പോള്‍ സഞ്ജുവിന് ലഭിച്ചത്. ഏപ്രില്‍ അഞ്ചിന് പഞ്ചാബ് കിങ്സിനോടാണ് രാജസ്ഥാന്റെ അടുത്ത മത്സരം. മത്സരത്തില്‍ വമ്പന്‍ തിരിച്ചുവരവ് നടത്താന്‍ താരത്തിന് സാധിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
2025ലെ ഇതുവരെയുള്ള മൂന്ന് മത്സരങ്ങളില്‍ നിന്ന് സഞ്ജു 99 റണ്‍സാണ് നേടിയത്. ഹൈദരാബാദിനെതിരെയുള്ള മത്സരത്തില്‍ നിന്ന് 37 പന്തില്‍ നിന്ന് 66 റണ്‍സ് നേടിയതാണ് സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍.
Content Highlight: IPL 2025: Sanju Samson Is Ready To Take Captaincy And Wicket Keeping For Rajasthan Royals