Advertisement
ആ സിനിമ ചെയ്ത സമയത്ത് എന്റെ വൈഫിന് എന്നെ പേടിയായിരുന്നു, ഒരു വര്‍ഷത്തോളം ആ കഥാപാത്രത്തെ വിടാന്‍ സാധിച്ചില്ല: മാധവന്‍
Entertainment
ആ സിനിമ ചെയ്ത സമയത്ത് എന്റെ വൈഫിന് എന്നെ പേടിയായിരുന്നു, ഒരു വര്‍ഷത്തോളം ആ കഥാപാത്രത്തെ വിടാന്‍ സാധിച്ചില്ല: മാധവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 02, 04:27 pm
Wednesday, 2nd April 2025, 9:57 pm

മണിരത്‌നം ഇന്ത്യന്‍ സിനിമക്ക് പരിചയപ്പെടുത്തിയ നടന്മാരിലൊരാളാണ് മാധവന്‍. അലൈപായുതേ എന്ന ചിത്രത്തിലൂടെയാണ് മാധവന്‍ തന്റെ സിനിമാജീവിതം ആരംഭിച്ചത്. മിന്നലേ, കന്നത്തില്‍ മുത്തമിട്ടാല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ചോക്ലേറ്റ് ഹീറോ ഇമേജ് സ്വന്തമാക്കിയ മാഡി, റണ്‍ എന്ന ചിത്രത്തിലൂടെ ആക്ഷന്‍ റോളും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചു. തമിഴിന് പുറമെ തെലുങ്ക്, മലയാളം ഹിന്ദി ഭാഷകളില്‍ സാന്നിധ്യമറിയിച്ച മാധവന്‍ സംവിധാനരംഗത്തും കയ്യൊപ്പ് പതിപ്പിച്ചു.

മാധവന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു 2004ല്‍ പുറത്തിറങ്ങിയ ആയുത എഴുത്ത്. മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തില്‍ ഇന്‍പശേഖര്‍ എന്ന കഥാപാത്രത്തെയാണ് മാധവന്‍ അവതരിപ്പിച്ചത്. ചിത്രത്തില്‍ മാധവന്റെ വ്യത്യസ്തമായ ഗെറ്റപ്പ് ചര്‍ച്ചയായിരുന്നു. ആയുത എഴുത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് മാധവന്‍.

ആയുത എഴുത്ത് ചെയ്യുന്ന സമയത്ത് തന്റെ പങ്കാളിക്ക് തന്നെ തീരെ ഇഷ്ടമല്ലായിരുന്നെന്ന് മാധവന്‍ പറഞ്ഞു. ആ കഥാപാത്രത്തിന് വേണ്ടി മൊട്ടയടിച്ച ഗെറ്റപ്പായിരുന്നെന്നും വെയിലത്ത് ഷൂട്ടിന് പോയി കരുവാളിച്ചാണ് വീട്ടില്‍ വരാറുണ്ടായിരുന്നതെന്നും മാധവന്‍ കൂട്ടിച്ചേര്‍ത്തു. ഇന്‍പ എന്ന കഥാപാത്രത്തിനെ വീട്ടിന് വെളിയില്‍ കളഞ്ഞിട്ട് അകത്തേക്ക് കയറിയാല്‍ മതിയെന്ന് പങ്കാളി പറയുമായിരുന്നെന്നും മാധവന്‍ പറഞ്ഞു.

45 ദിവസം മാത്രമേ ഷൂട്ട് ഉണ്ടാകുള്ളൂവെന്ന് കരുതിയെന്നും എന്നാല്‍ വിവേക് ഒബ്രോയ്‌യുടെ കാല് ഫ്രാക്ചറായതിനാല്‍ ഒരു വര്‍ഷത്തോളം ഷൂട്ട് മുടങ്ങിയെന്നും മാധവന്‍ കൂട്ടിച്ചേര്‍ത്തു. ആ കഥാപാത്രത്തെ അത്രയും കാലം വിടാന്‍ സാധിക്കാതെ കൊണ്ടുനടക്കേണ്ടി വന്നെന്നും മാധവന്‍ പറഞ്ഞു. സിനി ഉലകത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാധവന്‍ ഇക്കാര്യം പറഞ്ഞത്.

‘ആയുത എഴുത്ത് എന്ന സിനിമ ചെയ്യുന്ന സമയത്ത് എന്റെ ഭാര്യക്ക് എന്നെ പേടിയായിരുന്നു. ഞാന്‍ ആ സിനിമ ചെയ്തത് അവള്‍ക്ക് തീരെ ഇഷ്ടപ്പെട്ടില്ല. ഇന്‍പശേഖര്‍ എന്ന ക്യാരക്ടറിന് വേണ്ടി മൊട്ടയടിച്ചു. വെയിലത്ത് ഷൂട്ട് ചെയ്ത് കരുവാളിച്ചാണ് എല്ലാദിവസവും വീട്ടിലെത്തിയിരുന്നത്. ‘നീ ആ ക്യാരക്ടറിനെ വീടിന് വെളിയില്‍ കളഞ്ഞിട്ട് അകത്ത് കേറിയാല്‍ മതി’ എന്നായിരുന്നു അവള്‍ പറഞ്ഞത്.

45 ദിവസത്തെ ഷൂട്ടായിരുന്നു ആ പടത്തില്‍ എനിക്ക് ആദ്യം ഉണ്ടായിരുന്നത്. അത് കഴിഞ്ഞാല്‍ പിന്നെ ഓക്കെയായല്ലോ എന്ന് വിചാരിച്ചപ്പോഴാണ് വിവേക് ഒബ്രോയ്‌യുടെ കാല് ഫ്രാക്ചറായത്. ഒരുവര്‍ഷത്തോളം അവന് റെസ്‌റ്റെടുക്കേണ്ടി വന്നു. ആ ഒരു വര്‍ഷം ഞാന്‍ ഈ ഗെറ്റപ്പ് മെയിന്റെയിന്‍ ചെയ്യേണ്ടി വന്നു. ഒരു മൃഗത്തിനെപ്പോലെയായിരുന്നു ആ സമയത്ത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് എനിക്ക് ആ കഥാപാത്രത്തില്‍ നിന്ന് പുറത്തുവരാന്‍ സാധിച്ചത്,’ മാധവന്‍ പറഞ്ഞു.

Content Highlight: Madhavan shares the shooting experience of Ayutha Ezhuthu movie