ന്യൂദല്‍ഹി: മുസ്‌ലിം സമുദായത്തിന്റെ അവകാശങ്ങള്‍ തട്ടിയെടുക്കാനാണ് കേന്ദ്രം വഖഫ് ബില്ലിലൂടെ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് എം.പി ഹൈബി ഈഡന്‍.
രാജ്യത്തെ മുസ്‌ലിങ്ങളെ സംരക്ഷിക്കാനുള്ള ഏക വഴിയെന്ന തരത്തിലാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജു വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതെന്നും എന്നാല്‍ ഈ ബില്ലിലെ എത് സെക്ഷനാണ് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. വഖഫ് ബില്ലില്‍ പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബില്‍ ഭരണഘടനയ്ക്ക് എതിരാണെന്ന പ്രതിപക്ഷത്തിന്റെ പ്രധാന വാദവും ഹൈബി ഈഡന്‍ ആവര്‍ത്തിച്ചു. വഖഫ് ബോര്‍ഡില്‍ അമുസ്‌ലിങ്ങളെ അനുവദിക്കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26ന്റെ ലംഘമാണെന്നും ഹൈബി ഈഡന്‍ ചൂണ്ടിക്കാട്ടി.
മുനമ്പം വിഷയം ബി.ജെ.പിക്ക് രാഷ്ട്രീയമായിരിക്കാമെന്നും എന്നാല്‍ തനിക്ക് വ്യക്തിപരമായ പ്രശ്നമാണെന്നും താനും മത്സ്യത്തൊഴിലാളി കമ്മ്യൂണിറ്റിയില്‍പ്പെട്ട ആളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കേരളത്തിലെ മുസ്‌ലിങ്ങളെയും ക്രിസ്ത്യാനികളെയും ഭിന്നിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്, അത് വ്യക്തമാണ്. കേന്ദ്രമന്ത്രിക്ക് സി.ബി.സി.ഐയോടും കെ.സി.ബി.സിയോടും എന്തൊരു സ്‌നേഹമാണ്. മണിപ്പൂരില്‍ 245 പള്ളികളാണ് അഗ്നിക്കിരയായത്. പല സ്ഥാപനങ്ങളും നഷ്ടപ്പെട്ടു. മണിപ്പൂര്‍ മാത്രമല്ല മറ്റ് പല പ്രശ്‌നങ്ങളിലും കെ.സി.ബി.സി.യും സി.ബി.സി.ഐയും പ്രതികരിച്ചിട്ടുണ്ട് . എന്നാല്‍ നിങ്ങള്‍ അതൊന്നും ശ്രദ്ധിച്ചതേയില്ല,’ ഹൈബി ഈഡന്‍ പറഞ്ഞു.
ഛത്തീസ്ഗഢില്‍ ഇന്നലെ ക്രസ്ത്യന്‍ വൈദികന്‍ ഹിന്ദുത്വവാദികളുടെ ആക്രമണത്തിന് ഇരയായ സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ ജനങ്ങള്‍ക്ക് അവരുടെ മതപരമായ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാന്‍ സംഘ്പരിവാറിന്റെ സമ്മതം വേണമോയെന്നും അദ്ദേഹം ചോദിച്ചു. ഇനി ബി.ജെ.പി ചര്‍ച്ച് ബില്‍ കൊണ്ടുവന്ന് ക്രിസ്ത്യാനികളുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മുനമ്പത്തെ ജനങ്ങളെ രക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമെ സാധിക്കുകയുള്ളുവെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഹൈബി ഈഡന് മറുപടി നല്‍കി. കോണ്‍ഗ്രസ് ബിഷപ്പ് ഓഫീസ് ആക്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.
Content Highlight: Do the people of the country need the consent of the Sanghparivar to perform their religious duties?: Hibi Eden